കൊച്ചി: മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന വിഷയത്തില്‍ കര്‍ദ്ദിനാള്‍ ഡോ. ജോര്‍ജ് ആലഞ്ചേരി വത്തിക്കാന്‍ വാര്‍ത്താ മാധ്യമത്തില്‍ നടത്തിയ പ്രസ്താവന തികച്ചും നിര്‍ഭാഗ്യകരമായിപ്പോയെന്ന് ലാറ്റിന്‍ കാത്തലിക് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എസ്. ജോണ്‍സണും ജന.സെക്രട്ടറി ജെന്നി ജോസഫും സംയുക്തപ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
സ്വന്തം സമുദായാംഗങ്ങളായ മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ ഇറ്റാലിയന്‍ കപ്പലിലെ നാവികരെ രക്ഷിക്കാന്‍ വത്തിക്കാന്റെ നിര്‍ദ്ദേശാനുസരണം രംഗത്ത് വന്ന സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സ്വന്തം സമുദായത്തെ മാത്രമല്ല രാജ്യത്തെത്തന്നെ ഒറ്റുകൊടുക്കുകയാണെന്ന് പ്രസ്താവന കുറ്റപ്പെടുത്തി.
കത്തോലിക്കാ സഭയുടെ ഔദ്യോഗിക പത്രത്തില്‍ അടിച്ചുവന്ന വാര്‍ത്ത പ്രശ്നം വഷളാവുന്നു എന്ന് വന്നപ്പോള്‍ സീറോ മലബാര്‍ സഭയുടെ വക്താവ് നിഷേധക്കുറിപ്പ് ഇറക്കിയത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്.
രാജ്യത്തെ ക്രൈസ്തവ വിശ്വാസികളെ പ്രതിനിധാനം ചെയ്തുകൊണ്ട് പൊതുവായ വിഷയങ്ങളില്‍ വിശ്വാസികളുടെ അഭിപ്രായം പ്രകടമാക്കാന്‍ ബാധ്യസ്ഥരായ മെത്രാന്മാര് തങ്ങളുടെ സ്വാര്‍ത്ഥ താല്പര്യം മാത്രം മുന്‍നിര്‍ത്തി ഇത്തരം രാജ്യവിരുദ്ധ നിലപാടുകള്‍ കൈക്കൊള്ളുന്നതിനോട് കത്തോലിക്കാ വിശ്വാസ സമൂഹത്തിന് ശക്തമായ എതിര്‍പ്പുണ്ട്.
ആലഞ്ചേരിയുടെ പേരില്‍ ഇറ്റാലിയന്‍ പത്രങ്ങളില്‍ വന്ന പ്രസ്താവന രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുന്നതാണെന്ന് കേരള മത്സ്യത്തെഴിലാളി ഐക്യവേദി കുറ്റപ്പെടുത്തി. കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന മത്സ്യത്തൊഴിലാളികളെ ഇത് ആശങ്കയിലാഴ്ത്തിയിരിക്കുന്നു. നാടിന്റെ മതേതര പാരമ്പര്യത്തിന് നിരക്കുന്ന ഒന്നല്ല ഇത്. വിഭാഗീയമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ശക്തികള്‍ക്ക് വഴിമരുന്നിട്ടു കൊടുക്കുകയും ചെയ്യുന്ന ഒന്നാണ് ഈ പ്രസ്താവന.
കുറ്റവാളികളെ നിയമത്തിന്റെ വഴിക്ക് കൊണ്ടുവരുന്ന പ്രക്രിയ ആരംഭിച്ചിരിക്കുന്ന സന്ദര്‍ഭമാണിത്. ഈ സന്ദര്‍ഭത്തില്‍ കര്ദ്ദിനാളിന്റേതായി വന്ന പ്രസ്താവന അനവസരത്തിലുള്ളതും അനുചിതവുമായി. ക്രിസ്ത്യന്‍ മന്ത്രിമാരെ ഇടപെടുത്തുമെന്നതും ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷം മുതലെടുക്കുന്നു എന്നതുമായ പ്രസ്താവനകള്‍ സാമാന്യ മര്യാദകളുടെ ലംഘനമാണ്, സംഘടന കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: