ഭൂമിയില്‍ ജനിച്ച് ജീവിച്ചുവെങ്കില്‍, ബോറടിച്ചുവെങ്കില്‍ നമുക്കിനി ആകാശത്ത് താമസിക്കാമെന്നാണ് മാധ്യമം ആഴ്ചപ്പതിപ്പ് പറയുന്നത്. ഒപ്പം താഴെ, ഈ പിഴച്ച ഭൂമിതുലയട്ടെ എന്ന ശാപവചനവുമുണ്ട്. ഒരു ജലാശയത്തിനു മുകളിലെ ആകാശം ഓഹരിവെച്ചെടുക്കാന്‍ ഒരു സ്വകാര്യ കമ്പനിക്ക് അനുമതികൊടുത്തതിനെക്കുറിച്ചുള്ള വിശകലനാത്മക റിപ്പോര്‍ട്ടാണ് മാധ്യമ (ഫെബ്രു.20) ത്തിന്റേത്. ഒടുവില്‍ ആകാശവും പകുത്തെടുക്കുമ്പോള്‍ … ? എന്ന സന്തോഷ്ബാബുവിന്റെ റിപ്പോര്‍ട്ട് കരുതലുള്ള ഒരു തലമുറയുടെ കരുത്താവേണ്ടതാണ്. അത്രമാത്രം പ്രസക്തമായ വിവരങ്ങളാണ് അതിലുള്ളത്. വാസ്തവത്തില്‍ ഈ ആകാശം ആരുടേതാണ്? കൊച്ചി ചിലവന്നൂര്‍ കായലില്‍ ഒരു നക്ഷത്ര ലോകമുണ്ടാക്കാന്‍ സ്വകാര്യ കമ്പനി ആവുന്നതൊക്കെ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് അതിനെതിരു പറയാന്‍ എന്തവകാശം എന്നാണ് സര്‍ക്കാരിന്റെ ചോദ്യം. എന്നുവെച്ചാല്‍ മേപ്പടി ആകാശത്തിന്റെ കൈവശാവകാശം ഭരണകൂടത്തിനാണത്രേ.
അതിന്റെ പേരില്‍ ആര്‍ക്കും ഒച്ചയും വിളിയുമുണ്ടാക്കാന് അവകാശമില്ലെന്ന്! പണ്ട് ഭൂമിയും പാതാളവും ആകാശവും ഒരാള്‍ എളുപ്പവഴിയിലൂടെ തരപ്പെടുത്തിയെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. അമ്മാതിരി ഏര്‍പ്പാടിന്റെ ആധുനികരൂപമാണ് ഇപ്പോള്‍ നടക്കുന്നത്. കരയും കടലും കടന്ന് ആ പ്രവണത ആകാശത്തേക്കുയരുകയാണ്. കൊച്ചുകുഞ്ഞുങ്ങളെ കൊഞ്ചിച്ചും ലാളിച്ചും അമ്പിളിയമ്മാവനെ കാട്ടിക്കൊടുത്തും ജീവിച്ച സൗഭാഗ്യം നിറഞ്ഞ ഒരു തലമുറ പതിയെപ്പതിയെ വിസ്മൃതിയുടെ ഇരുള്‍ക്കാട്ടില്‍ മറയുകയാണ്. ലോകം ഒരു വലയിലാക്കി നമ്മുടെ മുമ്പില്‍ എത്തിക്കാന്‍ കുത്തക കമ്പനികള്‍ മത്സരിക്കുമ്പോള്‍ എന്തിന് വെറുതേ ഈ നീലാകാശം എന്നു ചിന്തിക്കുന്നവരുമുണ്ടാകാം. ആകാശനഗരത്തെക്കുറിച്ചുള്ള പദ്ധതി വിവരണത്തിലെ ഒരുഭാഗം നോക്കുക:
മുപ്പതടി ഉയരത്തില്‍ കൊച്ചിയിലെ കുണ്ടന്നൂരില്‍നിന്ന് ആരംഭിച്ച് ചിലവന്നൂര്കായലിലെ ചിലവന്നൂര്‍ ബണ്ട്റോഡ്, സഹോദരന് അയ്യപ്പന്റോഡ് എന്നിവിടങ്ങളിലൂടെ കടന്ന് സുഭാഷ് ചന്ദ്രബോസ് റോഡില്‍ അവസാനിക്കുന്ന ഒരു ആസൂത്രിത നഗരമാണ് യശോറാം ഇന്‍ഫ്രാ ഡെവലപ്പേഴ്സ് സര്‍ക്കാരിനുമുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. 42 മീറ്റര്‍ വീതിയില്‍ ഇത്തരമൊരു നഗരം കായലിനു മുകളില്‍ പണിതുയര്‍ത്തുമ്പോള്‍ കായലിലെ ജീവിവര്‍ഗങ്ങളുടെ, അതുമായി ബന്ധപ്പെട്ടുകഴിയുന്ന മനുഷ്യകീടങ്ങളുടെ സ്ഥിതിയെക്കുറിച്ച് റിപ്പോര്‍ട്ടില്‍ നൊ കമന്റ്സ്. ആര്‍ക്കുവേണം ഈ തേരാപാരാ കൂട്ടങ്ങളെ. കെട്ടിടസമുച്ചയങ്ങള്‍ കെട്ടിപ്പൊക്കി ഉന്മാദം ബാധിച്ചുപോയാല് ഇതല്ല ഇതിലപ്പുറവും തോന്നാവുന്നതാണ്. എന്നാല്‍ ഏഴൈപ്പാവങ്ങളുടെ വോട്ടുവാങ്ങി നിയമം പുഴുങ്ങിയെടുക്കാന്‍ അധികാരം ലഭിച്ചവര്‍ അത്തരക്കാരുടെ താളത്തിനു തുള്ളുന്നതിന് എന്ത് പേരാണ് പറയുക ? എല്ലാം പകുത്തെടുത്ത് അര്‍മാദിക്കുമ്പോള്‍ ഈ ഭൂമുഖത്ത് മനുഷ്യവംശം ഉണ്ടാവുമോ എന്ന സംശയം പ്രസക്തമാണ്. പത്തുറുപ്പിക തികച്ചെടുക്കാനില്ലാത്ത മനുഷ്യനെ ആര്‍ക്കുവേണം അല്ലേ, വിജയിക്കട്ടെ ഓരോ കെട്ടിടനിര്‍മാണക്കമ്പനിയും.
കൊച്ചിയിലെ ആകാശനഗരം പദ്ധതിതന്നെയാണ് മലയാളം വാരിക (ഫെബ്രു.17)യുടെയും ചര്‍ച്ചാവിഷയം. ആര്‍ക്കുവേണ്ടിയാണ് ഈ തെമ്മാടിത്തം ? എന്ന ചോദ്യമെറിഞ്ഞുകൊണ്ട് വ്യവസായവകുപ്പാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് തോന്നുമെന്നും ചൂണ്ടിക്കാട്ടുന്നു. അവരുടെ മുഖപ്രസംഗത്തില്‍ നിന്ന് നാലുവരികാണുക: അമ്മയുടെ താലിഅറുത്താലും സ്വന്തം കീശ വീര്ത്തുകൊണ്ടേയിരിക്കണമെന്ന ഒറ്റ വിചാരമുള്ളവരാണ് അക്കൂട്ടര്‍. അമ്മയേയും സഹോദരിയേയും തിരിച്ചറിയാനാവാത്ത പിശാചുരൂപം കൈക്കൊണ്ട മനുഷ്യരുള്ളതുപോലെ എന്തും ഏതും കച്ചവടമാക്കുന്ന ഇക്കൂട്ടര്‍ക്കെതിരെ ജനങ്ങള്‍ ഉണരണം. അങ്ങനെ ഉണര്‍ന്ന സമയത്തൊക്കെ വിജയമുണ്ടായിട്ടുണ്ടെന്ന് സെയിലന്റ്വാലി പദ്ധതിയുള്‍പ്പെടെയുള്ളവ ചൂണ്ടിക്കാട്ടി സമര്‍ഥിക്കാനും നമുക്കാവും.
വി.എം. ദീപ എഴുതിയ ചെറിയ മനുഷ്യരും വലിയ ആകാശനഗരങ്ങളും, പ്രൊഫ. എം.കെ.പ്രസാദ് എഴുതിയ കൊച്ചികായലിന്റെ മരണം ഉറപ്പിക്കാം ലേഖനങ്ങള്‍ ഭീകരതയുടെ അകപ്പൊരുള്‍ കാട്ടിത്തരുന്നതാണ്. എല്ലാം കൈയടക്കി പണത്തിന്റെ കൂമ്പാരത്തിനുമുകളിലിരിക്കുന്ന മനുഷ്യന് ദാഹിക്കുമ്പോള്‍ എന്തുചെയ്യും എന്ന ചോദ്യത്തിലെ നിസ്സഹായത നമ്മെയൊക്കെ വല്ലാതെ ബാധിക്കുകയാണ്. മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള നാഭീനാളിബന്ധത്തിന്റെ കടയ്ക്കല്‍ കത്തിവെച്ചുകൊണ്ട് ഇമ്മാതിരിയൊരു ആകാശനഗരം പണിതുയര്‍ത്തുന്നതോടെ ഈനാട്ടിലെ ദരിദ്രകോടികളുടെ ജീവിത നിലവാരം ഉയരുമോ ? എല്ലാ ചോദ്യങ്ങളും മറ്റൊരു ചോദ്യത്തില്‍ അവസാനിക്കുന്ന അവസ്ഥയാണ്. രക്ഷകര്‍ തന്നെ തക്ഷകരാവുന്ന സ്ഥിതിയാണ് ഉണ്ടാവുന്നതെന്ന് എം.കെ.പ്രസാദ് ചൂണ്ടിക്കാട്ടുന്നത് നോക്കുക : സ്കൈസിറ്റി പദ്ധതിപണിയാന് പോകുന്നത് എളങ്കുളം കായലിനുമീതെയാണ്. എളങ്കുളം കായല്‍ വേമ്പനാട്ടുകായലിന്റെ ഭാഗമാണ്. വേമ്പനാട്ടുകായല്‍ സംരക്ഷിക്കേണ്ട ചുമതല സര്‍ക്കാരിനാണ്. ഈ കായല്‍ തെക്കെ ഇന്ത്യയിലുള്ള ഏറ്റവും വലിയ തണ്ണീര്‍ത്തടമാണ്. ഇത് അന്തര്‍ദേശീയ തണ്ണീര്‍ത്തട ശൃംഖലയില്പ്പെട്ടതുമാണ്. പാരിസ്ഥിതികമായി വളരെ പ്രധാനപ്പെട്ട ഒരു ആവാസവ്യവസ്ഥകൂടിയാണത്. അത്തരം ആവാസവ്യവസ്ഥകള്‍ നഷ്ടപ്പെടുത്തുന്നതിനുള്ള സംവിധാനത്തിന്റെ പേരാണ് ജനാധിപത്യ ഭരണം !
കാലനിപ്പോള്‍ വയനാട് ജില്ലയിലാണെന്നുതോന്നുന്നു. നിരന്തരമുള്ള ആത്മഹത്യാവാര്‍ത്തകള്‍ അതാണ് ഓര്‍മപ്പെടുത്തുന്നത്. ബാങ്കില്‍നിന്നും ബ്ലേഡുവഴിയും കടമെടുത്തവര്‍ക്ക് കാര്‍ഷികത്തകര്‍ച്ച മൂലം തിരിച്ചടക്കാനാവാത്ത സ്ഥിതിയുണ്ടാവുന്നു. ഒടുക്കം ഒരു തുണ്ടം കയറിലോ അരക്കുപ്പി വിഷത്തിലോ ജീവിതം അവസാനിപ്പിക്കുന്നു. ജപ്തിചെയ്യപ്പെടുന്ന ജീവിതസ്വപ്നങ്ങള്‍ എന്ന സജി ജെയിംസിന്റെ ലേഖനം കേരളത്തിലെ ഇന്നത്തെ അവസ്ഥാവിശേഷങ്ങളിലേക്കുള്ള ചൂണ്ടുപലകയാണ്. വയനാട്ടില്‍ മാത്രമല്ല ഈ പ്രതിഭാസമെങ്കിലും കൂടുതലും അവിടെനിന്നാണ്. വിദ്യാഭ്യാസവായ്പയായും കാര്‍ഷിക വായ്പയായും മരണം ഓരോ വീട്ടിലേക്കും എങ്ങനെയാണ് കടന്നുവരുന്നതെന്ന് നിങ്ങള്‍ക്കിതില്‍ വായിക്കാം. എടുത്തതിന്റെ അഞ്ചും ആറും ഇരട്ടി അടച്ചാലും പ്രിന്സിപ്പ്ല് എമൗണ്ട് എന്ന ഓമനപ്പേരിലറിയപ്പെടുന്ന മാതൃസംഖ്യ അങ്ങനെതന്നെ കിടക്കുമെന്നതാണ് സത്യം. അതിന്റെ മാത്തമാറ്റിക്സ് ബാങ്കുമാനേജര്ക്കും ടിയാനെ നിയന്ത്രിക്കുന്ന മൂത്തമാനേജര്ക്കും മാത്രമേ അറിയാവൂ. സര്‍ക്കാരിന്റെ ഏതാശ്വാസ നടപടിയും പരിഹാരമാകുന്നില്ല എന്നതാണ് അനുഭവം. തടിച്ചുകൊഴുക്കുന്ന ബാങ്ക്- ബ്ലേഡ് മാഫിയയും മരിച്ചു തീരുന്ന ഇടപാടുകാരും കണ്ടുനില്ക്കുന്ന സര്‍ക്കാരും. ഹാ, എത്ര സുന്ദരമായ ജനാധിപത്യം അല്ലേ ?
ഇത്തവണത്തെ (ഫെബ്രു) ഭാഷാപോഷിണി ഒരുനേട്ടം തന്നെയാണ്. കാലത്തിന്റെ കൈയില്‍ ഒപ്പിട്ടുകൊടുത്ത നിശ്ചയ ദാര്‍ഢ്യത്തിന്റെ ദാര്‍ശനികനായ സുകുമാര്‍ അഴീക്കോടിനുള്ള ആദരാഞ്ജലി കൂടിയാണത്. നാലുപതിറ്റാണ്ടുകാലം അഴീക്കോടിനെ അടുത്തറിഞ്ഞ അദ്ദേഹത്തിന്റെ ശിഷ്യന് മുഹയുദ്ദീന്‍ നടുക്കണ്ടി എന്ന എം.എന്‍. കാരശ്ശേരിയുടെ അതിസുന്ദര രചനയാല്‍ സമൃദ്ധമാണ് ഭാഷാപോഷിണി. അതിനെക്കുറിച്ച് എന്തഭിപ്രായം പറഞ്ഞാലും അധികപ്രസംഗമായിപ്പോവും. അത് വായിക്കുക തന്നെ കരണീയം.
നരേന്ദ്രമോഡിയെന്ന ബിജെപി നേതാവ്, അതിലുപരി ജനങ്ങള്‍ നെഞ്ചേറ്റിയ പൊതുപ്രവര്ത്തകന്. അദ്ദേഹത്തിന്റെ പേരുകേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് വരട്ടുചൊറിയും ഉന്മാദവുമാണ്. അങ്ങനെയുള്ള അസുഖം ബാധിച്ച ഒരു വിദ്വാന് ട്രൂകോപ്പി എന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിലെ പംക്തിയില്‍ ഇത്തവണ (ഫെബ്രു.19) ചിലത് കുറിച്ചിട്ടുണ്ട്. പേര്, ഇനിയും വാഴ്ത്തിപ്പാടാം ഗുജറാത്തിലെ നല്ല മുഖ്യമന്ത്രിയെ ! ടിയാന്റെ ഓഫീസില്‍ നിന്ന് കഷ്ടിച്ച് രണ്ട് രണ്ടരകിലോമീറ്ററേയുള്ളു കുതിരവട്ടത്തേക്ക്. അവിടെ ഒരാശുപത്രിയുണ്ട്. നല്ല ചികിത്സകിട്ടും. ആരെങ്കിലും ഒന്ന് മേപ്പടിയാനെ അവിടെ കൊണ്ടുപോയാല്‍ നാട്ടുകാര്‍ക്ക് ഗുണമുണ്ടാവും, പ്ലീസ്.
തൊട്ടുകൂട്ടാന്‍
ഒരുകുടത്തില്‍ നി-
ന്നൊരുകുടം പോയാല്‍
അതുശൂന്യം, പക്ഷേ
കുടത്തിലെ ശൂന്യം
കുറയ്ക്കാനാകുമോ ?
-ബാലചന്ദ്രന്ചുള്ളിക്കാട്
കവിത: കുടം
മാതൃഭൂമി ആഴ്ചപ്പതിപ്പ് (ഫെബ്രു.19)
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: