‘അപരനുവേണ്ടിയഹര്‍നിശം പ്രയത്നം
കൃപണത വിട്ടു കൃപാലു ചെയ്തിടുന്നു’
(ശരീരം ത്യജിച്ചും ശുദ്ധകര്‍മ്മികള്‍ അന്യര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു). ആത്മോപദേശ ശതകത്തിലെ ഈ വരികള്‍ വായിക്കുകയോ പഠിക്കുകയോ ചെയ്ത ശേഷമല്ല കര്‍ണാടകയിലെ ക്ഷേത്രനഗരമായ ഉഡുപ്പിയില്‍ ഡോ. വി.എസ്.ആചാര്യ പൊതുരംഗത്തെത്തിയത്. മാനവസേവയാണ് യഥാര്‍ത്ഥ മാധവ സേവയെന്ന തത്ത്വം അദ്ദേഹത്തിന് ആത്മാവിന്റെ ഭാഗമാണ്. ഡോ. ആചാര്യ നിര്‍വ്വഹിച്ചുപോന്നത് കലര്‍പ്പില്ലാത്ത മാനവസേവതന്നെയാണ്. സല്‍ക്കര്‍മ്മം ചെയ്ത ദേഹി സ്വര്‍ഗസ്ഥനാകുമെന്നാണ് വിശ്വാസം. കഴിഞ്ഞ ചൊവ്വാഴ്ച അത് സംഭവിച്ചു.
ഉഡുപ്പിയില്‍ ഡോ. ആചാര്യയുടെ ക്ലിനിക്ക് പഞ്ചനക്ഷത്ര സംവിധാനങ്ങളുള്ളതായിരുന്നില്ല. എന്നാല്‍ ചികിത്സ തേടിയെത്തുന്ന പാവപ്പെട്ടവര്‍ക്ക് അത് സംതൃപ്തിയാണ് നല്‍കിയിരുന്നത്. വീട്ടില്‍ നിന്നും അധിക ദൂരമില്ല ക്ലിനിക്കിലേക്ക്. ഡോക്ടര്‍ ക്ലിനിക്കിലില്ലെങ്കില്‍ ഏത് സമയത്തും രോഗിക്ക് വീട്ടിലുമെത്താം. രോഗികള്‍ക്കായി തുറന്നുവച്ച വീടും ഹൃദയവുമുള്ള ഈ ഡോക്ടര്‍ ജനങ്ങളുടെ ഹൃദയമിടിപ്പറിഞ്ഞുകൊണ്ട് തന്നെയാണ് രാഷ്ട്രീയത്തിലും പ്രവര്‍ത്തിച്ചിരുന്നത്.
ഉഡുപ്പിയിലെ തീരദേശങ്ങളിലും ചേരിപ്രദേശങ്ങളിലും ഡോ. ആചാര്യയുടെ സ്റ്റെതസ്കോപ്പിന് അപരിചിതമായ ഹൃദയങ്ങളില്ല. അവിടെ ജാതിയും മതവും വര്‍ഗവും വര്‍ണങ്ങളുമില്ല. രോഗാതുരമായിരുന്ന ഉഡുപ്പി നഗരത്തിന് ആരോഗ്യവും അന്തസും നേടിക്കൊടുത്തത് ഡോ. ആചാര്യ നഗരസഭാ അദ്ധ്യക്ഷനായ ശേഷമാണ്. കക്ഷിവ്യത്യാസമില്ലാതെ കര്‍ണാടക ഇത് ഏകസ്വരത്തില്‍ പറയുന്നു. ഏറ്റവും നല്ല നഗരസഭയ്ക്കുള്ള പുരസ്കാരം പലതവണ ഉഡുപ്പിക്ക് സ്വന്തമായിട്ടുണ്ട്. എട്ടുവര്‍ഷംകൊണ്ട് ഉഡുപ്പിയുടെ കെട്ടുംമട്ടും മാറ്റിയ ഡോ. ആചാര്യ കര്‍ണാടക രാഷ്ട്രീയത്തിന്റെ മാറാവ്യാധികള്‍ക്കും പരിഹാരം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. മൂന്നുപതിറ്റാണ്ടായി വിധാന്‍ സൗധത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം കര്‍ണാടകത്തിന്റെ പല പ്രശ്നങ്ങള്‍ക്കും പ്രതിവിധിയായിട്ടുണ്ടെന്ന് സമ്മതിക്കുന്നവര്‍ സ്വന്തം കക്ഷിക്കാര്‍മാത്രമല്ല. മുന്‍മുഖ്യമന്ത്രിമാരായ ദേവഗൗഡയും, സി.എം.കൃഷ്ണയും സിദ്ധരാമയ്യയും ഒരേ സ്വരത്തില്‍ പറയുന്നതാണ്.
എല്ലാ ജീവജാലങ്ങളിലും ഈശ്വരാംശമുണ്ട്. ഈശ്വരാംശംമാത്രമുള്ളവര്‍ അധികമുണ്ടാകാറില്ല. ഡോ. ആചാര്യ ഈശ്വരാംശം മാത്രമുള്ള വ്യക്തിയാണെന്ന് നിസംശയം പറയാം.
ഡോ.ആചാര്യയുടെ വിയോഗവാര്‍ത്ത കര്‍ണാടകത്തെ മാത്രമല്ല, രാജ്യത്തെയാകമാനം ശോകാകുലമാക്കിയിരിക്കുന്നു. വിവിധ വാര്‍ത്താമാധ്യമങ്ങളുടെയും നേതാക്കളുടെയും പ്രതികരണങ്ങള്‍ അതിന്റെ തെളിവാണ്. കര്‍ണാടക രാഷ്ട്രീയത്തില്‍ ജെന്റില്മാന് എന്ന വിശേഷമുള്ള വ്യക്തിത്വമായിരുന്നു വേദവ്യാസ് ശ്രീനിവാസ് ആചാര്യ എന്ന ഡോ. വി.എസ്.ആചാര്യ. തൂവെള്ള സഫാരി സ്യൂട്ടില്‍ ചന്ദനക്കുറിയുമായി ജനമദ്ധ്യത്തില്‍ പ്രത്യക്ഷപ്പെടുന്ന ആചാര്യ ആരും തൊട്ടുവണങ്ങുന്ന വ്യക്തിത്വത്തിന്റെ ഉടമകൂടിയായിരുന്നു. ആചാര്യ ജനസംഘത്തിലൂടെ പടിപടിയായി രാഷ്ട്രീയത്തില്‍ ഉന്നതസ്ഥാനങ്ങള്‍ അലങ്കരിച്ചപ്പോഴും ക്ലീന്‍ ഇമേജ് കാത്തുസൂക്ഷിച്ചു. രാഷ്ട്രീയരംഗത്ത് അരനൂറ്റാണ്ടോളം സക്രിയ സാന്നിദ്ധ്യമായിരുന്നെങ്കിലും വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്ക്കാന് കഴിഞ്ഞു.
കര്‍ണാടക ബിജെപിയിലെ ബുദ്ധികേന്ദ്രം കൂടിയായിരുന്ന 71 കരനായ ആചാര്യ, ആര്‍എസ്എസിലൂടെയാണ് ഹിന്ദുത്വരാഷ്ട്രീയത്തിലെത്തിയത്.
അധികാരത്തിന്റെ ഇടനാഴികളില്‍ ബി.ജെ.പിയെ കൊണ്ടുചെന്നെത്തിച്ചതിലും ഇദ്ദേഹത്തിനുള്ള പങ്ക് വലുതായിരുന്നു. 2008 – ല്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചതിന് സഹായിച്ച പ്രകടന പത്രികയുടെ ചുക്കാന്‍ ആചാര്യയുടെ കൈയിലായിരുന്നു. 1968 – ല്‍ ഉഡുപ്പി മുനിസിപ്പല്‍ ചെയര്‍മാനായി 28-ാം വയസ്സില്‍ വി.എസ്.ആചാര്യ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ദക്ഷിണേന്ത്യയില്‍ ജനസംഘം ആദ്യമായി അധികാരത്തില്‍ ഇടം കണ്ടെത്തുകയായിരുന്നു.
1968 – ല്‍ ആചാര്യ നേടിയ ഈ വിജയമാണ് ദക്ഷിണേന്ത്യയില്‍ ബിജെപിയെ അധികാരത്തിലെത്തിച്ചതിന്റെ അടിസ്ഥാനശിലയെന്നാണ് മുതിര്‍ന്ന നേതാവായ എല്‍.കെ.അദ്വാനി അനുശോചന യോഗത്തില്‍ അനുസ്മരിക്കുകയുണ്ടായി. 1983 – ല്‍ ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുത്തെങ്കിലും പിന്നീട് തുടര്‍ച്ചയായി നിയമസഭാ കൗണ്‍സില്‍ പ്രതിനിധിയായാണ് രാഷ്ട്രീയത്തില്‍ നിലയുറപ്പിച്ചത്.
2006 – ല്‍ ജനതാദള്‍ ബിജെപി സഖ്യസര്‍ക്കാര്‍ നിലവില്‍വന്നപ്പോള്‍ മെഡിക്കല്‍ വിദ്യാഭ്യാസമന്ത്രിയായിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് ആചാര്യ കൊണ്ടുവന്ന പരിഷ്കാരങ്ങള്‍ എന്നും ഓര്‍ക്കപ്പെടുന്നതാണ്. ഒരു വര്‍ഷത്തിനുള്ളില്‍ ആറ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ ആരംഭിച്ചതിന്റെ റെക്കോര്‍ഡ് ആചാര്യയ്ക്കുള്ളതാണ്. പിന്നീട് യെദ്യൂരപ്പ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായി.
വി.എസ്.ആചാര്യയുടെ വേര്‍പാടിലൂടെ ബിജെപിയ്ക്ക് നഷ്ടമായത് ദക്ഷിണേന്ത്യയിലെ പാര്‍ട്ടിയുടെ ജനകീയനേതാവിനെയാണെന്ന് സര്‍വ്വരും സമ്മതിക്കുന്നു. അദ്ദേഹം തന്നെ സ്നേഹിക്കുന്നവര്‍ക്ക് പ്രിയപ്പെട്ട ഡോക്ടറും മാന്യതയുള്ള രാഷ്ട്രീയ നേതാവുമായിരുന്നു.
ദക്ഷിണേന്ത്യയില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ജനസംഘത്തിന് മേല്‍വിലാസമുണ്ടാക്കിക്കൊടുക്കാനുള്ള ദൗത്യം ആചാര്യയ്ക്കായിരുന്നു. ദക്ഷിണേന്ത്യയില്‍ ആദ്യമായി ബിജെപി അധികാരത്തില്‍ എത്തിയ സംസ്ഥാനവും കര്‍ണാടകയായതില്‍ മറ്റാരേക്കാളും അഭിമാനിക്കാന്‍ കഴിയുന്നത് ഡോ. ആചാര്യയ്ക്കാണ്. തന്റെ ഗുരുവും ആചാര്യനുമാണ് ഡോ. ആചാര്യയെന്നാണ് മുഖ്യമന്ത്രി സദാനന്ദഗൗഡ വിങ്ങിപ്പൊട്ടിക്കൊണ്ട് പറഞ്ഞത്.
ഇന്നത്തെ ഉഡുപ്പിക്ക് അടിത്തറ പാകിയ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് ഇദ്ദേഹം മുനിസിപ്പല്‍ ചെയര്‍മാനായിരുന്നപ്പോഴാണ്. എട്ടുവര്‍ഷമാണ് ഈ സ്ഥാനം വഹിച്ചത്. മറ്റുള്ളവരെ ആകര്‍ഷിക്കുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്ന് പരക്കെ ഓര്‍ക്കുന്നു. മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ ഇദ്ദേഹത്തിന് മികച്ച പൂര്‍വ വിദ്യാര്‍ത്ഥിക്കുള്ള ബഹുമതി രണ്ടുതവണ നേടിയതിന്റെ റെക്കോര്‍ഡുണ്ട്.
അധികാര കേന്ദ്രങ്ങളിലെ ഉയരങ്ങള്‍ കീഴടക്കുമ്പോഴും ഡോക്ടറെന്ന നിലയില്‍ രോഗികളെ ശുശ്രൂഷിക്കുമ്പോഴും ജന്മസഹജമായ വിനയവും സത്യ സന്ധതയും കൂടെയുണ്ടായിരുന്നു. അതുതന്നെയാണ് അദ്ദേഹത്തെ മറ്റ് രാഷ്ട്രീയക്കാരില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നതെന്ന് ഡോ. ആചാര്യയെ പരിചയപ്പെട്ടവരെല്ലാം സമ്മതിക്കും.
ഡോ. വി.എസ്. ആചാര്യയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഉഡുപ്പിയിലെത്തിയ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അദ്വാനി ഹൃദയത്തിന്റെ ഭാഷയിലാണ് സംസാരിച്ചത്. പ്രത്യേക വിമാനത്തിലാണ് അദ്വാനി മംഗലാപുരത്തിറങ്ങി ഉഡുപ്പിയ്ക്ക് പോയത്. ജനസംഘത്തിലൂടെ ഒരു കുടക്കീഴില് പ്രവര്‍ത്തനം ആരംഭിച്ച ഇരുവരും നാലുപതിറ്റാണ്ടിലേറെയായി അടുത്തബന്ധമാണ് പുലര്‍ത്തിയിരുന്നത്. അടിയന്തരവാസ്ഥക്കാലത്താണ് ഈ സൗഹൃദം ഗാഢമാകുന്നത്. 1975-77 കാലത്ത് മിസ തടവുകാരായി ഇരുവരും ഒന്നിച്ചു ജയില്‍വാസം അനുഷ്ഠിച്ചിരുന്നു. ജയിലില്‍ നിന്ന് തുടങ്ങിയ ബന്ധം സമാനചിന്താഗതിക്കാര്‍ തമ്മിലുണ്ടായ ആത്മബന്ധമായി വളരുകയായിരുന്നു.
പിന്നീടങ്ങോട്ട് വ്യക്തിജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും ആചാര്യയ്ക്ക് അഭിവൃദ്ധി ഉണ്ടായപ്പോള്‍ അനുമോദിക്കാനും തളര്‍ച്ചകള്‍ നേരിട്ടപ്പോള്‍ ഒപ്പം നിന്ന് ആശ്വസിപ്പിക്കാനും അദ്വാനി ഉണ്ടായിരുന്നു. ബാംഗ്ലൂര്‍ ജയിലില്‍ അദ്വാനിയെ കൂടാതെ അടല്‍ ബിഹാരി വാജ്പേയി, രാമകൃഷ്ണ ഹെഗ്ഡേ തുടങ്ങിയവരും ഡോ. ആചാര്യയുടെ സഹതടവുകാരായിരുന്നു.
കേരളത്തില്‍ പ്രത്യേകിച്ച് മലബാറില്‍ ജനസംഘം – ബിജെപി രാഷ്ട്രീയത്തിന് ഡോ. ആചാര്യയുടെ പ്രോത്സാഹനം ബഹുവിധമാണ്. സമ്മേളനങ്ങളില്‍ അതിഥിയായും അതിഥികളെ അനുഗമിച്ചും കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ജനസംഘം, ബിജെപി പരിപാടികളിലെ നിറഞ്ഞ സാന്നിധ്യമായിരുന്നു ഡോ. ആചാര്യ. ജനസംഘത്തിന്റെയും പിന്നീട് ബി.ജെ.പിയുടെയും സമുന്നത നേതാവായിരുന്ന കെ.ജി.മാരാരുമായി അദ്ദേഹം തികഞ്ഞ സൗഹൃദമാണ് പുലര്‍ത്തിയിരുന്നത്. ഉത്തരമലബാറിലെ അശരണരായ രോഗികള്‍ക്കും ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്ന യുവാക്കള്‍ക്കും ഡോ. ആചാര്യയുടെ അകമഴിഞ്ഞ സഹകരണവും സഹായവും ലഭിക്കുമായിരുന്നു. ഇത്തരം ആയിരക്കണക്കിനാളുകള്‍ അദ്ദേഹത്തെ എന്നും കൃതജ്ഞതാപൂര്‍വം സ്മരിക്കുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ കര്‍ണാടകക്കാരോടൊപ്പം മലയാളികളും അദ്ദേഹത്തിന്റെ നാമം എന്നെന്നും സ്മരിക്കുമെന്നുറപ്പാണ്.
മരിക്കുമ്പോള്‍ കര്‍ണാടക ഉന്നതവിദ്യാഭ്യാസവകുപ്പുമന്ത്രിയായിരുന്നു ഡോ. ആചാര്യ. സംസ്ഥാന സര്‍ക്കാര്‍ കോളേജ് പ്രിന്‍സിപ്പാള്‍സ് ഫോറം നൃപതങ്ക റോഡ് ഗവ. സയന്‍സ് കോളേജില്‍ സെമിനാറില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത്. കര്‍മ്മനിരതനായിക്കൊണ്ടുതന്നെയാണ് ഇഹലോകവാസം വെടിഞ്ഞത്.
1939 ജൂലൈ 6 ന് ഉഡുപ്പിയില്‍ സംസ്കൃത വിദ്വാന്, വേദാന്ത ശിരോമണി, കട്ടെശ്രീനിവാസ ആചാര്യയുടെയും കൃഷ്ണവേണിയുടെയും മകനായാണ് ജനനം. മക്കളില്‍ രണ്ടുപേര്‍ അച്ഛന്റെ പാത പിന്തുടര്ന്ന് ആതുരസേവനരംഗത്തുണ്ട്. ഡോ. രവിരാജും ഡോ. കിരണുമാണ് ഈരംഗത്തുള്ളത്. ഉഡുപ്പി മുന്‍ നഗരസഭാ കൗണ്‍സിലറും ഗൈഡ്സ് സംസ്ഥാന കമ്മിഷണറുമായിരുന്ന ശാന്തയാണ് ആചാര്യയുടെ സഹധര്‍മ്മിണി. ഗണേശ് പ്രസാദ്, രാജേഷ പ്രസാദ്, ഭാരതി എം. ഹെബ്ബാര്‍ എന്നിവരാണ് അദ്ദേഹത്തിന്റെ മറ്റുമക്കള്‍.
നിരന്തരവും നിസ്വാര്‍ത്ഥവുമായ സേവന പ്രവര്‍ത്തനങ്ങളിലൂടെ ജനഹൃദയങ്ങളില്‍ സ്ഥാനമുറപ്പിച്ച ഡോ. ആചാര്യയുടെ ആത്മാവ് ഭൗതികദേഹം വിട്ടൊഴിഞ്ഞെങ്കിലും ജനലക്ഷങ്ങളുടെ മനസ്സില്‍ അദ്ദേഹത്തിന് അമരത്വമാണ്.
കെ കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: