ആലുവ: സര്‍വ്വമത സമ്മേളനത്തിനും പിതൃതര്‍പ്പണത്തിനും ആലുവ അദ്വൈതാശ്രമം ഒരുങ്ങി. 20ന് രാവിലെ ആശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ ആരംഭിക്കും. 9.30ന് നടക്കുന്ന ഗുരുധര്‍മ്മ പ്രചരണ സഭാസമ്മേളനം പി.ടി. തോമസ് എംപി ഉദ്ഘാടനം ചെയ്യും.
ജിഡിപിഎസ് രജിസ്ട്രാര്‍ എം.വി് മനോഹരന് അധ്യക്ഷത വഹിക്കും. ശ്രീനാരായണധര്‍മ്മ സംഘം ട്രസ്റ്റ് സെക്രട്ടറി ഗുരുപ്രസാദ് സ്വാമികള്‍ മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ ചെയര്മാന് എം.ടി. ജേക്കബ് മുഖ്യാതിഥിയായിരിക്കും. വൈകിട്ട് 5ന് നടക്കുന്ന സര്‍വ്വമത സമ്മേളനം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ഖജാന്‍ജി സ്വാമി പരാനന്ദ അധ്യക്ഷത വഹിക്കും. ഡോ. ടി.എസ്. വിജയന് തന്ത്രികള്‍ കാരുമാത്ര, പാളയം ഇമാം മൗലവി ജമാലുദ്ദീന്‍, ഡോ. ഫാ. കെ.എം. ജോര്‍ജ്, എം.പി. വീരേന്ദ്രകുമാര്‍, അന്‍വര്‍സാദത്ത് എംഎല്‍എ എന്നിവര്‍ പ്രസംഗിക്കും. ആശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ സ്വാഗതവും ശാരദാനന്ദ സ്വാമികള്‍ നന്ദിയും പറയും. രാത്രി 9 മുതല്‍ പിതൃതര്‍പ്പണവും ശ്രാദ്ധാദികര്മ്മങ്ങളും നടക്കും. ജയന്തന് ശാന്തി, സജേഷ് ശാന്തി, മധുശാന്തി, സലി ശാന്തി തുടങ്ങിയവര്‍ പിതൃതര്പ്പണങ്ങള്ക്ക് നേതൃത്വം നല്‍കും.
ശിവരാത്രി ദിവസം ഒരേസമയം രണ്ടായിരം സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകം പ്രത്യേകം തര്‍പ്പണം ചെയ്യുവാനുള്ള സൗകര്യം ആശ്രമത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഈ വര്‍ഷം മുതല്‍ വേവിച്ച ചോറാണ് തര്‍പ്പണത്തിനായി ഉപയോഗിക്കുക. അന്നേദിവസം ഗുരുവിന്റെ പ്രത്യേക സാന്നിധ്യമുണ്ടെന്ന വിശ്വാസമാണ് അനേകായിരങ്ങളെ ആള്ശ്രമത്തിലേക്ക് ആകര്‍ഷിക്കുന്നത്. 1914നാണ് ശ്രീനാരായണഗുരുദേവന്‍ പെരിയാറിന്റെ തീരത്ത് അദ്വൈതാശ്രമം സ്ഥാപിച്ചത്. പ്രശാന്തരമണീയമായ ഈ ആശ്രമത്തില്‍ വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് മഹാത്മജിയും മറ്റ് പല ദേശീയ നേതാക്കളും വന്ന് താമസിച്ചിരുന്നു. ചരിത്രപ്രസിദ്ധമായ ഈ ആശ്രമ അങ്കണത്തില്‍ വച്ചാണ് 1924-ല്‍ ശ്രീനാരായണഗുരുദേവന്‍ ഏഷ്യയിലെ ആദ്യത്തെ സര്‍വ്വമത സമ്മേളനം വിളിച്ചുചേര്‍ത്തത്. അന്ന് മുതല്‍ ഇന്നുവരെ ഓരോ ശിവരാത്രി ദിനവും അനേകം മതപണ്ഡിതന്മാരാണ് ഇവിടെ വന്ന് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: