ദല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയായ 7 റേസ് കോഴ്സിന് 300 മീറ്റര്‍ മാത്രം അകലെവെച്ച് ഇസ്രായേല്‍ എംബസിയുടെ കാര്‍ പൊട്ടിത്തെറിച്ച സംഭവം ആശങ്ക പരത്തുന്നത് ഭീകരവാദം ഇന്ത്യയില്‍ വീണ്ടും സാന്നിധ്യം അറിയിക്കുന്നത് കൊണ്ടു മാത്രമല്ല, അതിനുപയോഗിച്ച, ഇന്ത്യയില്‍ ആദ്യമായി ഭീകരര്‍ ഉപയോഗിക്കുന്ന മാഗ്നെറ്റിക് ബോംബ് ഭാവിയില്‍ രാജ്യസുരക്ഷക്ക് വന്‍ഭീഷണി ഉയര്‍ത്തിയേക്കാം എന്ന തിരിച്ചറിവിലും കൂടിയാണ്. മറ്റൊരു പ്രധാന കാര്യം ഈ ബോംബ്സ്ഫോടനം ഇന്ത്യയുടെ സുരക്ഷാപാളിച്ചയിലേക്കും വിരല്‍ചൂണ്ടുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന് തൊട്ടരികിലായി സ്ഥാപിച്ചിട്ടുള്ള സിസി ടിവി ക്യാമറകളില്‍ ഒന്നും ഈ വ്യക്തികേന്ദ്രീകൃത മാഗ്നറ്റിക് ബോംബ് വച്ചയാളുടെ ചിത്രം പോലും തെളിഞ്ഞില്ലെന്നതാണ് അശ്രദ്ധക്കടിവരയിടുന്നത്. ബൈക്കിന്റെ രജിസ്ട്രേഷന് നമ്പര്‍ പോലും ഈ ടിവിയില്‍ വ്യക്തമായില്ല. ദല്‍ഹിയില്‍ ഇത് ആദ്യത്തെ ആക്രമണമല്ലല്ലൊ. വിവിധ കോടതികള്‍ ഇവിടെ ഭീകരവാദ ആക്രമണത്തിന് വിധേയമായിട്ടുണ്ട്. തീവ്രവാദം ഇന്ത്യയില്‍ ശക്തിപ്പെടുന്നുണ്ടെന്നും മുംബൈ ഭീകരാക്രമണത്തിനുപയോഗിച്ച പണം കേരളത്തില്ക്കൂടിയാണ് കടന്നുപോയതെന്നും കാശ്മീര്‍ ഭീകരവാദി സംഘടനയായ ലഷ്കറെ തൊയ്ബക്ക് കേരളത്തിലും വേരോട്ടമുണ്ടെന്നും മറ്റും വരുന്ന വാര്‍ത്ത ഒട്ടും ശുഭകരമല്ല. ലോകത്തിലെ ഏറ്റവും ഭീകരവാദ ഭീഷണിയുള്ള 20 രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ദല്‍ഹിയില്‍ത്തന്നെ ഇത് ഇരുപതാമത്തെ സ്ഫോടനമാണ്. ഇതിന് പിന്നില്‍ ഇറാനാണെന്ന് ഇസ്രായേല്‍ ആരോപിക്കുന്നുണ്ടെങ്കിലും അതിന് തെളിവുകള്‍ ലഭ്യമായിട്ടില്ല. സ്ഫോടനത്തിന്റെ സമാനത കണക്കിലെടുത്ത് ഇതിന് ബാങ്കോക്ക് സ്ഫോടനവുമായി ബന്ധമുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇപ്പോള്‍ സ്ഫോടനത്തിനുപയോഗിച്ച ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയും സ്ഫോടനത്തിന് പൊട്ടാസ്യം ക്ലോറേറ്റും നൈട്രേറ്റും ഉപയോഗിച്ചിരുന്നതായും സ്ഫോടകവസ്തുവിന് 250-300 ഗ്രാം ഭാരമുണ്ടായിരുന്നതായും കണ്ടെത്തിയിരിക്കുന്നു. ഇറാന് ഭീകരത കയറ്റിയയക്കുന്ന രാജ്യമാണ് എന്ന് ഇസ്രായേല്‍ ആരോപിക്കുന്നതിനിടയില്ത്തന്നെ ഇറാന് തങ്ങളുടെ ന്യൂക്ലിയര്‍ ശക്തി ലോകത്തിന് മുമ്പില്‍ കൊട്ടിഘോഷിച്ചുകൊണ്ട് ലോകത്തെ വെല്ലുവിളിക്കുകയും ചെയ്യുന്നു.
ആണവ സാങ്കേതികവിദ്യ ആരുടെയും കുത്തകയല്ലെന്നും അമേരിക്കയുടെ കയ്യില്‍ 10,000 അണുബോംബുകള്‍ ഉണ്ടെന്ന് വീമ്പടിച്ച് ദുര്‍ബലരാജ്യങ്ങളെ വരുതിയില്‍ നിര്‍ത്തേണ്ടെന്നും കൂടി ഇറാന് കൂട്ടിച്ചേര്‍ക്കുന്നു. ആണവ ഇന്ധനം പോലും ലോകം നിഷേധിച്ച ഇറാന്റെ ആണവ പുരോഗതി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. യുറേനിയം സംപുഷ്ടീകരണത്തിന് സെന്ട്രീഫ്യൂജ് ആണവ ദണ്ഡുകളും ഇറാന് സ്ഥാപിച്ചുകഴിഞ്ഞു. ഇറാന് മൊത്തം 9000 സെന്ട്രീഫ്യൂജുകള് സ്വായത്തമായപ്പോള്‍ യുറേനിയം സമ്പുഷ്ടീകരണം എളുപ്പമായി. ഇറാന് ലോകത്തിന്റെ സുരക്ഷക്ക് ഭീഷണിയാണെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ആവര്‍ത്തിക്കുന്നത്. ഇറാന്റെ ആണവനേട്ടം പ്രഖ്യാപിച്ചുകൊണ്ട് ഇറാനിയന്‍ പ്രസിഡന്റ് അഹമ്മദി നെജാദ് പറഞ്ഞ മറ്റൊരു കാര്യം ആറ് യൂറോപ്യന്‍ യൂണിയന് രാജ്യങ്ങള്‍ക്ക് എണ്ണ ഇറക്കുമതി അനുവദിക്കില്ല എന്നതാണ്. സൗദി അറേബ്യ കഴിഞ്ഞാല്‍ ഏറ്റവുമധികം എണ്ണ ഉല്പാദിപ്പിക്കുന്നത് ഇറാനാണ്. നെതര്‍ലാന്റ്, ഇറ്റലി, സ്പെയിന്, ഫ്രാന്‍സ്, ഗ്രീസ്, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ക്കാണ് ഇറാന് എണ്ണ നിഷേധിച്ചിരിക്കുന്നത്.
ഇസ്രായേലും ഇറാനും പരസ്പരം കൊമ്പുകോര്‍ക്കുമ്പോഴും രണ്ട് രാജ്യങ്ങളും ഇന്ത്യയോടുള്ള സുഹൃദ് ബന്ധം വെളിപ്പെടുത്തുന്നു. അതേസമയം മാഗ്നറ്റിക് ബോംബ് സ്ഫോടനത്തില്‍ ഇറാന് തങ്ങളുടെ പങ്ക് നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്യുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഇന്ത്യ ഈ അന്വേഷണത്തില്‍ അങ്ങേയറ്റം പ്രതിബദ്ധത പുലര്‍ത്തുന്നത് ഇസ്രായേലും ഇറാനും ഒരേപോലെ ഇന്ത്യയുടെ സുഹൃത്തുക്കളാണെന്നതുകൊണ്ടാണ്. അമേരിക്ക ഇന്ത്യയോട് ഇറാനെ ഒറ്റപ്പെടുത്താന്‍ ആവശ്യപ്പെട്ട്കഴിഞ്ഞു. ചൈന ഇറാന് ആണവശക്തിയാകാനുള്ള അവസരം നിഷേധിച്ചിരുന്നെങ്കിലും ഇറാനെ പിണക്കാന്‍ താല്പര്യപ്പെടുന്നില്ല. ലോകത്തിന്റെ ആണവ ബാലന്‍സ് ഇറാന് അട്ടിമറിച്ചതല്ല. ഇന്ത്യ ഭീകരാക്രമണങ്ങള്‍ നേരിടുന്നതിനും തടയുന്നതിനും പരാജയപ്പെടുന്നു എന്ന വസ്തുതയാണ് ആശങ്കാജനകമായിരിക്കുന്നത്. കേരളതീരം തീവ്രവാദ നിരീക്ഷണത്തിലാണ് എന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. തീരസംരക്ഷണ സേന ഇക്കാര്യത്തില്‍ ദുര്‍ബലമാണ്. ഇപ്പോള്‍ ഇന്ന് ദേശീയ ഭീകരവിരുദ്ധ പരിശീലന കേന്ദ്രം തുടങ്ങാന്‍ പദ്ധതി തയ്യാറാക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ മൂക്കിന് താഴെ മാഗ്നെറ്റിക് ബോംബ്സ്ഫോടനം നടത്തി തീവ്രവാദ സാധ്യതകള്‍ വിപുലമായി എന്ന് ഭീകരവാദികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: