മാര്‍ക്സിസ്റ്റ് മാടമ്പിമാര്‍ അവരുടെ കൊലക്കത്തിക്ക് അനുദിനം മൂര്ച്ചകൂട്ടുകയാണെന്നു തോന്നുന്നു. കമ്യൂണിസവും കലാപവും ഒരമ്മപെറ്റ മക്കളെപോലെ സമൂഹത്തില്‍ ക്രൂരതയുടെ വേതാളങ്ങളെ തുറന്നുവിട്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണല്ലൊ നടത്തുന്നത്. അതിന്റെ കോഴിക്കോട് ജില്ലയിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് യുവനേതാവായ ഒരുതൊഴിലാളിയെ വെട്ടിക്കൊന്നത്. കയ്യറപ്പില്ലാത്ത ഒരു പറ്റം കാട്ടാളപ്പടയുടെ തികഞ്ഞ അരുംകൊലയായിരുന്നു 38 കാരനായ പയ്യോളിയിലെ ഓട്ടോറിക്ഷാതൊഴിലാളിയും ബിഎംഎസ്സിന്റെ പഞ്ചായത്ത് സെക്രട്ടറിയുമായ ആര്യനന്ദയില് മനോജിന്റെ വധം.
ഏതെങ്കിലും സംഘര്‍ഷത്തിന്റെയോ കലാപത്തിന്റെയോ ഒരന്തരീക്ഷവും നിലവിലില്ലാത്ത പയ്യോളിയില്‍ ഇങ്ങനെയൊരു ക്രൂരതയ്ക്ക് ഇറങ്ങിത്തിരിച്ച സിപിഎമ്മിന്റെ രാഷ്ട്രീയമുഖം ഭീകരമാണ്. നാട്ടുകാരും വിവിധ തൊഴിലാളി സംഘടനാനേതാക്കളും പാര്‍ട്ടി നേതാക്കളും അതു തുറന്നുസമ്മതിക്കുന്നുണ്ട്. ഒരു ചെറുപ്പക്കാരനെ വകവരുത്തി അദ്ദേഹത്തിന്റെ കുടുംബത്തെ അനാഥമാക്കുന്നതിലൂടെ മാര്‍ക്സാണ് ശരിയെന്ന് ശഠിക്കുന്ന ഭീകരന്മാര് എന്തു നേടിയെന്ന ചോദ്യമാണ് ഉയരുന്നത്. പതിനൊന്നും ഏഴും വയസ് പ്രായമുള്ള രണ്ടു പെണ്‍കുട്ടികളെയും നിസ്സഹായയായ ഒരു വീട്ടമ്മയേയും അവശയായ ഒരു വൃദ്ധയേയും അനാഥത്വത്തിന്റെ മരുപ്പറമ്പിലേക്ക് എറിയാന്‍ മാത്രം എന്തു പ്രകോപനമാണ് പയ്യോളിയില്‍ ഉണ്ടായതെന്നതിന് സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വം മറുപടി പറഞ്ഞേ തീരൂ.
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടുപെടുന്ന, ആത്മാര്‍ത്ഥമായി പണിയെടുക്കുന്നതൊഴിലാളിയായിരുന്നു മനോജ്. ബിഎംഎസ്സിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് സമൂഹത്തില്‍ ഏതു തരത്തിലുള്ള കഷ്ടപ്പാടുകള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും തന്നാലാവുന്ന സഹായം ചെയ്യുന്ന കാര്യത്തില്‍ ആ ചെറുപ്പക്കാരന് മുമ്പന്തിയിലായിരുന്നു. ഒരുതരത്തിലുള്ള മുന്‍വിധിയും വെച്ചുകൊണ്ടുള്ള പ്രവര്‍ത്തനം മനോജില്‍ നിന്നുണ്ടായിട്ടില്ല. മനോജേ എന്നു വിളിച്ചാല്‍ എന്തു ബുദ്ധിമുട്ടും കഷ്ടപ്പാടും സഹിച്ച് കാരുണ്യത്തിന്റെ കൈനീട്ടാന്‍ ആ ചെറുപ്പക്കാരന് വിളിപ്പുറത്തുണ്ടാവുമായിരുന്നു എന്ന് നാട്ടുകാര്‍ കണ്ണീരോടെ പതംപറയുന്നു. വീടുംനാടും ഒരുപോലെ നന്നാവണമെന്നും അതിന് എന്തു ബുദ്ധിമുട്ടും സഹിക്കാന്‍ തയ്യാറാവണമെന്നുമുള്ള സംഘടനാ ദര്‍ശനത്തിന്റെ ആള്‍രൂപമായിരുന്നു മനോജ്.
നാട്ടുകാരുടെ പ്രിയങ്കരനായ പ്രവര്‍ത്തകനിലൂടെ സംഘടന പടര്‍ന്നു പന്തലിക്കുന്നത് മാര്‍ക്സാണ് ശരിയെന്ന് ശഠിക്കുന്ന കിരാതമനസ്കര്ക്ക് സഹിക്കുമായിരുന്നില്ല. അതവര് പലതവണ പ്രകടിപ്പിച്ചത് സമൂഹത്തിന്റെ മുമ്പില്‍ പ്രകടമായ തെളിവായി കിടപ്പുണ്ട്. പയ്യോളിയിലും നടന്നത് അതാണ്. ബോധപൂര്‍വം സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുകയെന്ന കമ്യൂണിസ്റ്റുകാരുടെ എക്കാലത്തെയും സ്വഭാവം അവിടെയും പ്രകടമായി. സിപിഎമ്മിന്റെ പൈശാചികമാനസികാവസ്ഥക്കെതിരെ അവരുടെ പാര്‍ട്ടിയില്‍ നിന്നുതന്നെ എതിര്‍പ്പുയര്‍ന്നതിന്റെ ആത്യന്തിക ഫലമാണ് കീഴരിയൂരും അയനിക്കാടും മറ്റും രൂപീകരിക്കപ്പെട്ട റവല്യൂഷണറി മാര്‍ക്സിസ്റ്റ്പാര്‍ട്ടി. സിപിഎമ്മിന്റെ നട്ടെല്ലുതന്നെ തകരാനിടയായ സംഭവഗതികളെ കൂച്ചുവിലങ്ങിടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അച്യുതാനന്ദനെവരെ ഇറക്കിക്കളിച്ചിട്ടും പാര്‍ട്ടിയുടെ ഗുണ്ടായിസത്തിന് വഴങ്ങാന്‍ അവരാരും തയ്യാറായിട്ടുമില്ല. ഈ കൊടുവിഷം ഉള്ളില്‍ കരുതി വെച്ചിട്ടാണ് കാപാലികത്വത്തിന് പാര്‍ട്ടി നേതൃത്വം സമ്മതം മുളിയത്. എങ്ങനെയും പാര്‍ട്ടിയുടെ വരുതിയില്‍ പയ്യോളിയും അയനിക്കാടും കൊയിലാണ്ടിയും ഉള്‍പ്പെടുന്ന പ്രദേശങ്ങള്കൊണ്ടുവരണമെന്ന ദൃഢനിശ്ചയത്തിലാണ് സിപിഎം. അതിന് കളമൊരുക്കാന്‍ പ്രാപ്തിയുള്ളയാളെത്തന്നെ അവിടത്തെ ഏരിയാസെക്രട്ടറിയുമാക്കി. മാനുഷികമുഖം അല്പമെങ്കിലുമുണ്ടായിരുന്നയാളെ ഏരിയാസെക്രട്ടറി സ്ഥാനത്തുനിന്നു നീക്കി പുതിയ ആളെ പ്രതിഷ്ഠിച്ച അന്നു മുതല്‍ പ്രദേശവാസികളില്‍ ഭീതി കുടിയേറിയിരുന്നു. എന്തും ചെയ്യാന്‍ ഏതു ചെകുത്താനെയും കൂട്ടുപിടിക്കാന്‍ വിരുതുള്ള അങ്കക്കോഴിയാണവിടുത്തെ ഏരിയാ സെക്രട്ടറി. അത്തരമൊരാള്ക്കുചുമതലകൊടുത്തത് പാര്‍ട്ടിയുടെ രഹസ്യഅജണ്ട പ്രാബല്യത്തിലാക്കാന്‍ തന്നെയാണ്.
പാര്ട്ടിവിടുന്നവരെയും വിടാന്‍ ആഗ്രഹിക്കുന്നവരെയും വരുതിയില്‍ നിര്‍ത്താന്‍ എന്നും സിപിഎം പ്രയോഗിക്കുന്ന തന്ത്രം അരും കൊലകളാണ്. അതുവഴി സമൂഹത്തില്ഭീതി പരത്തുകയും ചെയ്യുന്നു. തൊഴിലാളികള്‍ക്കു വേണ്ടിയും ദുര്ബ്ബലര്ക്കുവേണ്ടിയും തങ്ങള്‍ എന്നും മുന്നിലാണെന്ന് ആണയിടുന്ന പ്രസ്ഥാനം തന്നെ പട്ടിണിപ്പാവങ്ങളെ രാഷ്ട്രീയത്തിന്റെ പേരില്‍ കൊന്നുതള്ളുന്നു എന്ന ക്രൂരയാഥാര്‍ഥ്യം ഒര്‍മ്മിക്കേണ്ടതുണ്ട്. പാര്‍ട്ടികോണ്‍ഗ്രസ്സിന് കോഴിക്കോട്ട് കേളികൊട്ടുയരുമ്പോള്‍ പാര്‍ട്ടിക്കാരല്ലാത്തവരെ കൊന്നൊടുക്കാനാണ് നേതൃത്വം തീരുമാനിച്ചതെന്നു തോന്നുന്നു. ജില്ലയില്‍ പലഭാഗത്തും മറ്റു സംഘടനകളുമായി സിപിഎം കൊമ്പുകോര്‍ക്കുന്നത് കാണുമ്പോള്‍ മാനവികത മനസ്സിലുള്ളവര്‍ക്ക് അങ്ങനെയേ ചിന്തിക്കാനാവൂ. മനോജിന്റെ കൊലപാതകത്തിന് തൊട്ടുമുമ്പാണ് കോടിയേരി ബാലകൃഷ്ണന് പയ്യോളിക്കടുത്ത് കോട്ടക്കലില്‍ പ്രസംഗിച്ചു പോയത്. പാര്‍ട്ടിയുടെ ഗുണ്ടാസംഘങ്ങള്‍ക്ക് എരിവും പുളിയുമുള്ള വായ്ത്താരിനല്കാന് കെല്‍പ്പുള്ള കോടിയേരിയും സംഘവും കൊലപാതകത്തിന് വഴി മരുന്നിടുകയായിരുന്നു എന്ന് അനുമാനിക്കാന്‍ പോന്ന തെളിവുകള്‍ ധാരാളമുണ്ട്. ഒരു രാഷ്ട്രീയവും ഇല്ലാത്തവര്‍കൂടി അടക്കം പറയുന്നതും മറ്റൊന്നല്ല.
സമൂഹത്തിന്റെ ഉന്നമനത്തിന് കഷ്ടപ്പെട്ടും കണ്ണീരൊപ്പിയും നീങ്ങുന്ന സംഘകുടുംബപ്രസ്ഥാനങ്ങളെ മുച്ചൂടും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ മാര്‍ക്സാണ് ശരിയെന്ന് വാദിക്കുന്ന കൂട്ടര് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. തലശ്ശേരിയിലെ വാടിക്കല്‍ രാമകൃഷ്ണന് മുതലുള്ള ബലിദാനികളുടെ ജ്വലിക്കുന്ന ഓര്‍മകള്‍ സംഘപ്രസ്ഥാനങ്ങളുടെ ഹൃദയത്തിലുണ്ട്. മാര്‍ക്സിസ്റ്റ് പൈശാചികതയുടെ തിറയാട്ടം അതിന്റെ എല്ലാവിധ ഭീകരതയോടും കണ്ട് വളര്‍ന്നതാണ് സംഘകുടുംബം. സിപിഎം വഴിയാധാരമാക്കിയ കുടുംബങ്ങളുടെ കണ്ണീര്‍പ്പുഴയില്‍ ഒലിച്ചുപോകാനേയുള്ളു ഇവിടുത്തെ സിപിഎം വേതാള സംഘം. എന്നിട്ടും ഇവര്‍ പഠിക്കുന്നില്ല എന്നതാണ് സങ്കടം. ഭരണം കിട്ടുന്നവേളയില്‍ പോലീസിനെ കൂട്ടുപിടിച്ചുകൊണ്ടുള്ള ഔദ്യോഗിക കശാപ്പാണെങ്കില് ഭരണംപോയാല്‍ സ്വന്തം ഗുണ്ടാപ്പടയുമായാണ് തേര്‍വാഴ്ച. അധികൃത കേന്ദ്രങ്ങളില്‍ നിന്നോ മറ്റോ ഒരു തരത്തിലുള്ള സഹായവും കിട്ടാതെ ചെകുത്താനും കടലിനും ഇടയില്‍ കഷ്ടപ്പെടുന്ന സംഘപ്രസ്ഥാനത്തെ എന്തും ചെയ്യാമെന്നാണെങ്കില്‍ സ്ഥിതിഗുരുതരമാവുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. നിരപരാധികളെ കൊലയ്ക്കു കൊടുത്ത് പാര്‍ട്ടി വളര്‍ത്തി പാരമ്പര്യമുള്ള സിപിഎം നേതൃത്വത്തെ ഒരു കാര്യം അറിയിക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുകയാണ്. നിങ്ങളുടെ കിരാത പ്രവൃത്തികള്‍ സമൂഹം ജാഗരൂകരായി ശ്രദ്ധിക്കുന്നുണ്ട്. അവജ്ഞയുടെ മാലിന്യക്കുപ്പയിലേക്ക് വലിച്ചെറിയപ്പെടാതിരിക്കണമെങ്കില്‍ മാനവികതയെന്തെന്ന് നിങ്ങള്‍ മനസ്സിലാക്കണം. മാര്‍ക്സാണ് ശരിയെന്ന വിശ്വാസമാണ് നിങ്ങളെ ക്രിമിനല്‍ വഴിയിലേക്ക് നയിക്കുന്നതെങ്കില്‍ മറ്റു ശരികള്പഠിപ്പിക്കാന് സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടു വരും. അതിനെ ചെറുക്കാന്‍ ഒരു പാര്ട്ടികോണ്ഗ്രസ്സിനും കഴിയില്ലെന്ന് ഓര്‍ത്താല്‍ നിങ്ങള്‍ക്ക് നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: