അമരാവതി: മഹാരാഷ്ട്ര കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് കടത്തിക്കൊണ്ടുപോവുകയായിരുന്ന ഒരു കോടിരൂപ പോലീസ് പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു.
പഞ്ചവടി സ്ക്വയറില്‍ ഗാഡ്ഗെ നഗര്‍ പോലീസ് സ്റ്റേഷനിലെ പട്രോളിങ്ങ് സംഘമാണ് എംഎച്ച്-31/ഡിസി-4744 നമ്പര്‍ വാഹനത്തില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെ 1.30ഓടെ ഒരു കോടിരൂപ പിടിച്ചെടുത്തത്. ഞായറാഴ്ച ഉച്ചവരെ ആരും പണത്തിന് അവകാശമുന്നയിച്ചുമില്ല. എന്നാല്‍ ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി പോലീസ് സ്റ്റേഷനിലേക്ക് അയച്ച ഫാക്സ് സന്ദേശത്തിലാണ് പണം പാര്‍ട്ടിയുടേതാണെന്ന് അറിയിച്ചിരിക്കുന്നത്. സംസ്ഥാന ധന, ഊര്‍ജ മന്ത്രി രാജേന്ദ്ര മുളക് അമരാവതി കോണ്‍ഗ്രസ് കമ്മറ്റിക്കയച്ച പാര്‍ട്ടി ഫണ്ടിന്റെ ഭാഗമാണ് ഇതെന്ന് അവകാശപ്പെട്ടിരിക്കുന്നു.
പണം കണ്ടെത്തിയ വാഹനം ശനിയാഴ്ച അമരാവതിയില്‍ എത്തിയതാണെന്നും പൊതുയോഗത്തെ അഭിസംബോധന ചെയ്യാനെത്തിയ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്റെ വാഹനവ്യൂഹത്തെ ഈ വണ്ടി പിന്തുടര്ന്നിരുന്നതായും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. പണം ഒരു മന്ത്രിയുടേതാണെന്ന് ഉപമുഖ്യമന്ത്രി അജിത് പവാര്‍ ആരോപിച്ചു. ജനങ്ങളെ സ്വാധീനിക്കാന്‍ ഈ മന്ത്രിയുടെ പിഎയാണ് പണം കൊണ്ടുവന്നതെന്നും ഇതെക്കുറിച്ച് വ്യക്തമായ അറിവുള്ള പോലീസ് കമ്മീഷണര്‍ കടുത്ത സമ്മര്‍ദ്ദത്തിലാണെന്നും അദ്ദേഹം പറഞ്ഞു. പെരുമാറ്റച്ചട്ടത്തിന്റെ പരിമിതികള്‍ ഉള്ളതിനാല്‍ സംഭവവികാസങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും പവാര്‍ പറഞ്ഞു.
പണം അമരാവതി മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പിന് വേണ്ടി കൊണ്ടുവന്നതാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് തൃപ്തികരമായ മറുപടി കിട്ടാത്തതിനെത്തുടര്‍ന്നാണ് ഡ്രൈവറെയും സഹായിയെയും ക്രിമിനല്‍ നടപടിച്ചട്ടം 41(1)ഡി പ്രകാരം അറസ്റ്റ് ചെയ്തതെന്ന് പോലീസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍ വ്യക്തമാക്കി.
എന്നാല്‍, യഥാര്‍ത്ഥ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഡ്രൈവറും സഹായിയും തയ്യാറാകാത്തത് ദുരൂഹമായി തുടരുന്നു. സംശയകരമായ തരത്തില്‍ പുലര്‍ച്ചെ പണം കൊടുത്തുവിട്ടത് എന്തിനെന്നും വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: