കേരളം കാത്തിരുന്ന രണ്ട് കമ്മ്യൂണിസ്റ്റുപാര്‍ട്ടികളുടെ സംസ്ഥാനസമ്മേളനം തീര്‍ന്നു. ഇനി “കാവിലെ പാട്ടുത്സവത്തിന് നോക്കാ”മെന്ന സിനിമാ ഡയലോഗുപോലെ പാര്ട്ടികോണ്ഗ്രസ്സിലാണ് അടുത്ത പയറ്റ്. സിപിഎമ്മിന്റെ സമ്മേളനം തിരുവനന്തപുരത്തു നടക്കുമ്പോള്‍ തന്നെയാണ് സിപിഐ സമ്മേളനം കൊല്ലത്തുനടന്നത്. സിപിഎമ്മിന് ആളും അര്‍ത്ഥവും ഏറെയാണ്. അതിന്റെ നാലയലത്തുപോലും വരില്ല സിപിഐക്ക്. സമ്മേളനത്തിന്റെ മേളക്കൊഴുപ്പില്‍ അത് പ്രകടമായിരുന്നു. തിരുവനന്തപുരത്ത് സിപിഎം തേങ്ങയുടച്ച് മേനി പ്രകടിപ്പിക്കുമ്പോള്‍ ചിരട്ടയുടച്ച് സാന്നിധ്യമറിയിക്കാന്‍ കൊല്ലത്ത് സിപിഐ ഏറെ പ്രയാസപ്പെട്ടു. മാധ്യമശ്രദ്ധ നേടാന്‍ അതിരുകടന്ന അഭ്യാസങ്ങള്‍ അവതരിപ്പിക്കേണ്ടിയും വന്നു. സമ്മേളനങ്ങളുടെ ആരവമായി സിപിഐ ഉയര്‍ത്തിവിടാറുള്ള “കമ്മ്യൂണിസ്റ്റ് ലയനമോഹം” ഇത്തവണ “പൊടിപോലുമില്ല കണ്ടുപിടിക്കാന്‍” എന്ന അവസ്ഥയിലായിരുന്നു. മാത്രവുമല്ല സിപിഎമ്മിനെ നോക്കി ‘നിന്നെക്കാള്‍ ചന്തമുണ്ടെനിക്കെന്ന’ ഭാവപ്രകടനവും നടത്തി. അതാകട്ടെ വടികൊടുത്തടിവാങ്ങലുമായി. ‘അല്പന്’ എന്ന വിശേഷണമാണ് സിപിഐ സെക്രട്ടറിക്ക് സിപിഎം സെക്രട്ടറി ചാര്‍ത്തിക്കൊടുത്തത്.
ലാവ്ലിന്‍കേസും വലിയേട്ടന് മനോഭാവവും കോണ്‍ഗ്രസ് ഭരണത്തെ നിലനിര്‍ത്താന്‍ സ്വീകരിക്കുന്ന സമീപനവും സിപിഎമ്മിനെതിരായി സി.കെ.ചന്ദ്രപ്പന് ആക്ഷേപമാക്കിയപ്പോള് അതങ്ങ് ‘പള്ളീപറഞ്ഞാല്‍ മതി’യെന്ന് സിപിഎമ്മിന്റെ തിരിച്ചടി. ചെയര്മാന് ഡാങ്കെയുടെ പ്രേതമാണ് ചന്ദ്രപ്പനെ പിടികൂടിയതെന്നുകൂടി സിപിഎം പറഞ്ഞാല്‍ കേട്ടിരിക്കാന്‍ സിപിഐക്കാകില്ലെങ്കിലും അതിഷ്ടപ്പെടുന്നവര്‍ പാര്‍ട്ടിക്കകത്തുതന്നെ ഉണ്ടെന്നും സിപിഐക്ക് ബോധ്യപ്പെട്ടു. ആ ഒറ്റുകാരന് കെ.ഇ.ഇസ്മയിലാണെന്ന് ബോദ്ധ്യപ്പെട്ടപ്പോള്‍ സിപിഎമ്മിനെവിട്ട് സഖാക്കള്‍ ഇസ്മയിലിനെ പിടികൂടി. മാപ്പപേക്ഷ നടത്തിയാണ് ഇസ്മയില്‍ തടിയൂരിയത്. സിപിഎം വിഎസ്സിനെ നിര്‍ത്തിപ്പൊരിക്കുമ്പോള്‍ ഇസ്മയിലായി സിപിഐയുടെ ഇര. ശക്തിക്കൊത്ത സമാനതയാണ് കൊല്ലത്തും തിരുവനന്തപുരത്തും കണ്ടത്.
ഒരുകാലത്ത് ആദര്‍ശത്തിന്റെ മൂശ ജ്വലിപ്പിച്ചിരുന്നു കമ്മ്യൂണിസ്റ്റ് സമ്മേളനങ്ങള്‍. ഇപ്പോഴത് വ്യക്തികളെ കുരിശിലേറ്റാനുള്ള അവസരത്തിന് വഴിമാറി. എല്ലാം യുക്തിഭദ്രമെന്ന് പുരപ്പുറംകേറി വിളംബരം ചെയ്യുമ്പോഴും വിഴുപ്പിന്റെ ദുര്‍ഗന്ധമാണ് പുറത്തേക്ക് പടരുന്നത്. എണ്ണത്തിലും വണ്ണത്തിലും ചെങ്കൊടി നിരക്കുന്നുണ്ടെങ്കിലും ചുവപ്പിന്റെ അലങ്കാരത്തെക്കാള്‍ ഗ്രൂപ്പിന്റെ അഹങ്കാരമാണ് പ്രകടമാക്കുന്നത്. ചോരച്ചാലുകള്‍ നീന്തിക്കടന്നെന്ന് വിശേഷിപ്പിക്കപ്പെട്ടവര്‍ക്ക് ആക്ഷേപങ്ങളുടെ കുത്തൊഴുക്കില്‍ കൈകാലുകള്‍ കുഴയുകയാണ്. ചെങ്കൊടിയെ കരിനിഴല്‍ വിഴുങ്ങുന്നതുപോലെ. കമാന്ഡിനൊത്ത് കവാത്തുകാരുടെ കാലുകള്‍ ചലിക്കാത്ത സ്ഥിതി. ലഫ്റ്റ് പറയുമ്പോള്‍ റൈറ്റ്, റൈറ്റ് പറയുമ്പോള്‍ ലെഫ്റ്റ് ചുവടുകള്‍ പതറിപ്പോകുന്നു. ക്വിക്ക് മാര്‍ച്ച് കേള്‍ക്കുമ്പോള്‍ ആകെയൊരന്ധാളിപ്പ്. മുദ്രാവാക്യങ്ങള്‍ക്കും ഉശിരും വാശിയും നഷ്ടപ്പെട്ടു.
മലപ്പുറത്തുനിന്നുള്ള മൂപ്പെത്താത്ത സഖാവ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഏറ്റവും തലമുതിര്‍ന്ന നേതാവിന്റെ മുഖത്തുനോക്കി “ഇവന് വര്ഗ്ഗവഞ്ചകന്” എന്ന് മുദ്രകുത്തിയപ്പോള്‍ മറിച്ചൊന്ന് ഉച്ചരിക്കാന്‍ അവസരമില്ലാത്തതിന്റെ വീര്‍പ്പുമുട്ടല്‍ മൈതാനപ്രസംഗത്തില്‍ തീര്‍ക്കേണ്ടിവരുന്ന മാനസികസംഘര്‍ഷം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനാകെ ഭാവിയില്‍ സംഭവിക്കാന്‍ പോകുന്നതാണെന്നതില് സംശയമില്ല. അച്യുതാനന്ദന് ക്യാപ്പിറ്റല്‍ പണിഷ്മെന്റ് (പരമാവധി ശിക്ഷ) നല്‍കണമെന്ന ആവശ്യത്തിന് കൊല്ലക്കുടിയിലെ മുയലിനെ ഉടുക്കുകൊട്ടി പേടിപ്പിക്കല്ലേ എന്നുള്ള മറുപടിയാണദ്ദേഹം പൊതുസമ്മേളനത്തില്‍ നല്‍കിയത്. ‘ബക്കറ്റിലെ വെള്ളത്തിനും’ തിരയിളക്കാന്‍ കഴിയുമെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. എല്ലാ വിരലുകളും ഒരുവ്യക്തിക്കുനേരെ ചൂണ്ടുന്നതില്‍ സ്വാഭാവികത കാണാന്‍ സാധിക്കില്ല. അങ്ങനെ സംഭവിക്കുമ്പോള്‍ അരുത് സഖാക്കളെ എന്നുപറയാനുള്ള ആത്മാര്‍ത്ഥതയും പ്രകടമായില്ല. കുങ്കുമം ചുമക്കുന്ന കഴുതയെന്ന് പണ്ടൊരു സഖാവ് പാര്‍ട്ടിയോഗത്തില്‍ വിഎസ്സിനെ നോക്കി ആലങ്കാരികമായി പറഞ്ഞപ്പോഴും ആസ്വദിച്ചിരുന്നതല്ലാതെ അരുതെന്ന് പറയാന്‍ ആരുമുണ്ടായില്ലെന്നറിയുമ്പോഴാണ് പരസ്പര ബഹുമാനമെന്നത് എത്ര ശുഷ്കമെന്ന് വ്യക്തമാകുന്നത്.
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കാളും പ്രായമുള്ള സിപിഎമ്മിന്റെ സ്ഥാപകനേതാവുകൂടിയാണ് വി.എസ്. അച്യുതാനന്ദന്. കണ്ണുരുട്ടിയും വെട്ടിനിരത്തിയും പാര്‍ട്ടിയുടെ തണ്ടും തലയെടുപ്പുമായി വിരാജിച്ച അദ്ദേഹത്തിന്റെ മുഖത്തുനോക്കി വര്ഗ്ഗവഞ്ചകനെന്നാക്ഷേപിച്ചവരൊന്നും പാര്‍ട്ടിക്കുവേണ്ടി മഹാത്യാഗം സഹിച്ചവരെന്ന് അവകാശപ്പെടാനാവുന്നവരേയല്ല. ആശയം ആമാശയത്തിനായി വഴിമാറുന്നതിന്റെ പ്രകടനമാണ് അടച്ചിട്ട ശീതീകരിച്ച വേദിയില്‍ മുഴങ്ങിയതെന്ന കാര്യത്തില്‍ സംശയമേയില്ല.
20-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായി നടന്ന സിപിഎം സമ്മേളനത്തില്‍ താരം മാര്‍ക്സല്ല, യേശുവായതെന്തുകൊണ്ട്? മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് വിലയിരുത്തിയ മാര്‍ക്സിന്റെ നേരവകാശികള്‍ ഒരു മതസ്ഥാപകനെ അംഗീകരിച്ചാദരിക്കുന്നത് കൗതുകമുണ്ടാക്കുന്നത് സ്വാഭാവികം. വിവാദമായപ്പോള്‍ ന്യായീകരിക്കാന്‍ പറഞ്ഞ കാര്യങ്ങളാണ് അതിലേറെ വിചിത്രം. ക്യൂബന്‍ കമ്മ്യൂണിസ്റ്റധിപനും അരനൂറ്റാണ്ടോളം അവിടെ അധികാര കസേരയില്‍ അമര്‍ന്നിരിക്കുകയും ചെയ്ത ഫിഡല്‍കാസ്ട്രോ യേശു വിപ്ലവകാരിയെന്ന് പറഞ്ഞിരുന്നത്രെ. പണ്ട് “സോവ്യറ്റ് എന്നൊരു നാടുണ്ടത്രേ. പോകാന്‍ കഴിഞ്ഞെങ്കില്‍ എന്തുഭാഗ്യം” എന്നാണ് കമ്മ്യൂണിസ്റ്റുകാര്‍ പാടിപ്പിച്ചിരുന്നത്. ഇന്ന് സോവ്യറ്റ് യൂണിയന് എന്നൊന്ന് ഭൂലോകത്തില്ല. പലതായി ചെറുതായി കമ്മ്യൂണിസത്തെ പല പ്രവിശ്യകളിലും കുഴിച്ചുമൂടി. ആശ്രയിക്കാവുന്നത് പിന്നെ, ചൈനയായിരുന്നു. ചൈന നവലിബറലിസത്തിലേക്ക് നടന്നുനീങ്ങിക്കഴിഞ്ഞു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് ശൈലിയും സമ്പ്രദായവുമല്ല ഇന്ന് ചൈനയെ നയിക്കുന്നത്. അവരാകെ മാറി. ക്യൂബയില്‍ സ്റ്റാലിനിസ്റ്റ് സോഷ്യലിസമാണ് അരനൂറ്റാണ്ടായി ഫിഡല്‍ കാസ്ട്രോ നടപ്പാക്കിയത്. ജനാധിപത്യമെന്നത് അങ്ങാടിമരുന്നോ പച്ചമരുന്നോ എന്നുപോലും അന്നാട്ടുകാര്‍ക്ക് അറിയില്ല.
പൗരസ്വാതന്ത്ര്യം പാര്‍ട്ടി തലപ്പത്തുള്ളവര്ക്കുമാത്രം. മൊബെയില്‍ഫോണുകളും കമ്പ്യൂട്ടറുകളും സാമാന്യജനങ്ങള്‍ക്ക് അന്യമാണ്. വിദേശയാത്ര പോകാനോ ബാഹ്യലോകവുമായി ബന്ധപ്പെടാനോ ജനങ്ങള്‍ക്ക് അവസരമില്ല. കാസ്ട്രോ തീര്‍ത്തും അവശനായപ്പോള്‍ അധികാരം കൈമാറുന്നത് സഹോദരന് റൗള്‍ കാസ്ട്രോവിനാണ്. ജനങ്ങള്‍ക്കില്ലാത്തത് പാര്‍ട്ടി തലപ്പത്തുള്ളവര്‍ അനുഭവിക്കുന്ന അപൂര്‍വ സാഹചര്യമാണ് ക്യൂബയിലുള്ളത്. അതിനൊരു മാറ്റം വരുത്താനെന്നവണ്ണം കഴിഞ്ഞ ഏപില്‍ 16 മുതല്‍ 19 വരെ നടന്ന ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആറാം കോണ്‍ഗ്രസിലെ രേഖകള്‍ സൂചന നല്‍കുന്നത് ക്യൂബയുടെ മാറ്റം കമ്മ്യൂണിസത്തില്‍ നിന്നും ക്യാപ്പിറ്റലിസത്തിലേക്കാണെന്നാണ്.
ക്യൂബയ്ക്ക് അംഗീകൃത മതമുണ്ടെന്ന വസ്തുത ക്യൂബയെ മാതൃകയാക്കുന്നവര്‍ സൗകര്യപൂര്‍വ്വം വിസ്മരിച്ചു. ക്യൂബയിലെ മതം ക്രൈസ്തവ മതമാണ്. ബിഷപ്പുമാരുടെ സമ്മേളനത്തിലാണ് കാസ്ട്രോ യേശുവിനെ വീരനായകനെന്ന് വിശേഷിപ്പിച്ചത്. മാര്‍ക്സും യേശുവും സയാമീസ് ഇരട്ടകളെന്ന് പറയേണ്ട ഗതികേടിലേക്ക് പാര്‍ട്ടിയെ എത്തിച്ചത് ‘മകളെ പെണ്ണുകാണാന്ചെന്ന് നടക്കാതായപ്പോള്‍ അമ്മയെ വിവാഹംചെയ്യുന്നതു’പോലെയാണ്. മതന്യൂനപക്ഷങ്ങളെ വശീകരിക്കാന്‍ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നിരന്തരം നടത്തിയിട്ടും ഫലമില്ലാതായപ്പോള്‍ പാര്‍ട്ടിയെ തന്നെ മാമൂദിസമുക്കാനാണ് ഒരുമ്പെടുന്നത്. കണ്ണടച്ച് പാലുകുടിച്ചാല്‍ മറ്റാരും കാണില്ലെന്ന പൂച്ചയുടെ മനോഭാവം. മാര്‍ക്സിസ്റ്റുകാര്‍ക്ക് ഇത് മനസ്സിലാക്കാന്‍ കാലമേറെയെടുത്തേക്കാം. ജനങ്ങള്‍ പക്ഷെ വിഡ്ഢികളല്ലല്ലൊ. ‘ഞാന്‍ വെറും മാര്‍ക്സ്. എനിക്ക് മാര്ക്സിസ്റ്റാകാന്കഴിഞ്ഞില്ലെന്ന്’ പറഞ്ഞതും മാര്‍ക്സാണ്. ആദര്‍ശം അലമാരയില്‍ വയ്ക്കാനുള്ളതല്ലെന്ന എം.എ.ജോണിന്റെ സൂക്തങ്ങള്‍ ഇവിടെയാണ് പ്രസക്തമാകുന്നത്. മതത്തെ തള്ളിപ്പറഞ്ഞ മാര്ക്സിന് മതമുണ്ടായിരുന്നില്ലെ?
മാര്‍ക്സിന്റെ അച്ഛന് ഹെന്റിച്ച് മാര്‍ക്സ്, കാറലിന് ആറുവയസ്സുള്ളപ്പോള്‍ ജൂതമതം ഉപേക്ഷിച്ച് ക്രിസ്ത്യാനിയായി. തന്റെ ജോലി തുടരുന്നതിനും സുഗമമാക്കുന്നതിനും വേണ്ടിയാണ് മതം മാറിയത്. യഹൂദന്മാരുടെ നില ജര്‍മനിയില്‍ കഷ്ടത്തിലായിരുന്നു. 1824-ല്‍ മക്കളെ ജ്ഞാനസ്നാനം ചെയ്യിച്ചപ്പോള്‍ കാറലിന്റെ അമ്മ, ജൂതമതത്തില്‍ തന്നെ നിന്നു. പക്ഷേ മക്കളുടെ മതംമാറ്റം അവരുടെ അറിവോടും അനുവാദത്തോടും കൂടി തന്നെയായിരുന്നു. അമ്മ മതംമാറാതിരുന്നത് അവരുടെ അമ്മയച്ഛന്മാരെ ദുഃഖിപ്പിക്കരുതെന്നു കരുതിയാണത്രെ. 1825-ല്‍ അമ്മയുടെ അച്ഛന് മരിച്ചു. ആ വര്‍ഷത്തില്‍തന്നെ കാറലിന്റെ അമ്മയും ക്രിസ്തുമതക്കാരിയായി.
മാര്‍ക്സിന്റെ കുടുംബപാരമ്പര്യം എത്രത്തോളം മാര്‍ക്സിനെ സ്വാധീനിച്ചിട്ടുണ്ടെന്ന് തിട്ടപ്പെടുത്താന്‍ സാധ്യമല്ല. മരിച്ച എല്ലാ തലമുറകളുടെയും പാരമ്പര്യം ജീവിച്ചിരിക്കുന്നവരുടെ മനസ്സില്‍ ഒരു മലപോലെ അമര്ന്നിരിക്കുമെന്ന് മാര്‍ക്സ് തന്നെ എഴുതിയിട്ടുണ്ട്.
മാര്‍ക്സിസത്തിന്റെ പ്രചാരത്തിന് കാരണം മതപരമായ പാരമ്പര്യധാരകളാണ് എന്ന് കരുതുന്നതില്‍ തെറ്റില്ല. മതത്തെ തള്ളിപ്പറഞ്ഞ മാര്‍ക്സിന്റെ തത്ത്വങ്ങള്‍ മറ്റൊരു മതസ്ഥാപനത്തിനിടവരുത്തിയത് ചരിത്രത്തിലെ വിരോധാഭാസമാണ്. അത്തരം വിരോധാഭാസങ്ങള്‍ ചരിത്രത്തിലൊട്ടും വിരളമല്ലതാനും. മതപരമായ ചിന്താരീതിക്കാണ് ലോകത്തില്‍ പഴക്കവും പ്രചാരവും. മതജീവിതത്തിന് അതിന്റേതായ സമഗ്രതയുണ്ട്; ഭദ്രതയും. ചൊട്ടമുതല്‍ ചുടലവരെ അത് നീളുന്നു. മാര്‍ക്സ് മതത്തിന്റെ സഹായമില്ലാതെ മനുഷ്യജീവിതം അഭികാമ്യവും അന്തസ്സത്തയുള്ളതുമാക്കാമെന്നു മനസ്സിലാക്കിയിരുന്നു. പക്ഷേ അതുകൊണ്ടെന്ത്? മതപരമായ രീതിയിലേക്ക് സംക്രമിക്കാവുന്ന അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്കേ ജനസാമാന്യത്തിനിടയില്‍ പ്രചാരം സിദ്ധിച്ചുള്ളൂ. ഒരു പുതിയ ചിന്ത പഴയ ചട്ടക്കൂട്ടില്‍ ചെന്ന് അഭയം പൂകേണ്ടിവന്നു.
മാര്‍ക്സിന്റെ യഥാര്‍ത്ഥ സംഭാവനയെന്തെന്നുള്ള വിചിന്തനത്തിന് മേലില്‍ ഔദ്യോഗിക മാര്‍ക്സിസ്റ്റുകള്‍ക്ക് കൂടുതലായൊന്നും ചെയ്യാനില്ല. അതവരുടെ കുറ്റമല്ല; യോഗമാണ്. ഭക്തന്മാരാണവര്. അന്ധവിശ്വാസത്തെ താലോലിക്കുന്നവര്‍. തങ്ങളുടെ തെറ്റായ വിചാരക്രമങ്ങളെ പറിച്ചെറിയാനുള്ള ധീരത ഏറിയകൂറും അവര്‍ക്കു നഷ്ടപ്പെട്ടിരിക്കുന്നു. മാര്‍ക്സിസത്തിന്റെ പുനര്‍ വിശകലനത്തിന് മുതിര്‍ന്നാല്‍ അവരുടെ ഭൂതകാലചെയ്തികള്‍ അബദ്ധങ്ങളായിരുന്നുവെന്ന് തെളിയും. ഈ ഭയവും അവരെ അലട്ടുന്നു. ബുദ്ധിപരമായ സത്യസന്ധതയും യുക്തിസഹമായ വിചാരശീലവും അവര്‍ക്കെടുത്തു പെരുമാറാന്‍ വയ്യാത്ത കാര്യങ്ങളാണ്. അതിനാല്‍ വിചാരശീലത്തെ വികസിപ്പിക്കുകയും തങ്ങളുടെ തെറ്റുകള്‍ തെളിച്ചുപറയുകയും ചെയ്യുന്നതിനുപകരം അവര്‍ ‘ബലിയാടുകളെ’ തേടുന്നു.
കമ്മ്യൂണിസ്റ്റുകാര്‍ ഇടതായാലൂം വലതായാലും വലുതായാലും ചെറുതായാലും ഇടതടവില്ലാതെ ഇത് തുടര്‍ന്നുകൊണ്ടേയിരിക്കും. ഇതിനെ ന്യായീകരിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കുള്ള മിടുക്ക് സമ്മതിച്ചേപറ്റൂ. കലര്‍പ്പില്ലാത്ത നുണ കറകളഞ്ഞ സത്യമെന്ന് വരുത്തിത്തീര്‍ക്കാന്‍ അവര്‍ക്ക് കഴിയും.
ഇരുപതാംനൂറ്റാണ്ടില്‍ ഏറ്റവും പ്രക്ഷുബ്ധാന്തരീക്ഷം സൃഷ്ടിക്കുന്നത് പ്രചരണമാണ്. അടുത്ത നൂറ്റാണ്ടിലും അതുതന്നെ തുടരുകയാണ്. കൃത, ത്രേത, ദ്വാപര, കലി എന്നീ നാലുയുഗങ്ങളില് കൃതം സത്യയുഗമാണ്; അവസാനത്തെ, ഇപ്പോഴത്തെ, കലി അസത്യയുഗവും. ഈ കാലവിവേചനം സ്ഥിതിഗതികളുമായി തികച്ചും പൊരുത്തപ്പെട്ടിട്ടുമുണ്ട്. പ്രചരണയുഗം പ്രായേണ നുണയുഗം തന്നെ. പ്രചരണസിദ്ധാന്തം സത്യവൈരുദ്ധ്യത്തിനനുകൂലമാണ്. “സത്യമേവ ജയതേ” എന്നെഴുതി അതിനു ചുവട്ടില്‍ നുണകള്‍ അണിനിരത്തിവയ്ക്കുവാന് കഴിഞ്ഞാല്‍ അതാണ് ഭേദപ്പെട്ട പ്രചരണം. പൊതുവെ പ്രചരണത്തിന്റെ ശക്തി കിടക്കുന്നത് അതു സത്യമോ മിഥ്യയോ എന്നതിലല്ല. അതിനാളുകളെ വശീകരിക്കാന്‍, ബോധ്യപ്പെടുത്താന്‍, എത്രകരുത്തുണ്ട്? അതാണ് മാനദണ്ഡം. അതൊന്നുമാത്രം.
“ഒരാശയം ബഹുജനമധ്യെ പ്രചരിച്ചുകഴിഞ്ഞാല്‍ അതൊരു ഭൗതികശക്തിയായി പരിണമിക്കുന്നു”. സ്റ്റാലിന് ഇത് പറഞ്ഞിട്ടുണ്ട്. കാറല്‍മാര്‍ക്സും ഇതേ വാക്കുകള്‍ നേരത്തെ എഴുതിവച്ചിട്ടുണ്ട്. ഭൗതികവാദികളെങ്കിലും ആശയപ്രാധാന്യത്തെ അവര്‍ നിരാകരിച്ചിട്ടില്ലെന്ന് സ്ഥാപിക്കാന്‍വേണ്ടി ചിലപ്പോഴൊക്കെ മാര്‍ക്സിസ്റ്റ്- സ്റ്റാലിനിസ്റ്റുകള്‍ പ്രസ്തുതവാക്യം ഉദ്ധരിക്കാറുണ്ട്. കാര്യം പച്ചപ്പൊളിയായാലും വേണ്ടില്ല കുറെ ആളുകളങ്ങു വിശ്വസിച്ചുവശായാല് മതി; അതിന് അഭൂതപൂര്‍വ്വമായ ശക്തി കൈവരുന്നു. സുശക്തമായ എന്തും യാഥാര്‍ത്ഥ്യമായിത്തീരുന്നു. ശക്തിയെന്നാല്‍ സത്യമാകുന്നുവെന്ന യുക്തിവാദമായി ഈപ്രമാണം കലാശിക്കുകയും ചെയ്യുന്നു. കയ്യൂക്കുള്ളവന് കാര്യക്കാരനെന്ന തത്വത്തിന്റെ നേരിയൊരു വകഭേദം. കൊടിവച്ച ഒരു കളവ് ആയിരമായിരം ജനഹൃദയങ്ങളില്‍ ആവേശമായ്ത്തീര്ന്നാല്പ്പിന്നെ അത് അവിടെ നിന്നും ഇളക്കിപ്പറിച്ചെടുക്കുക വിഷമകരമാണ്. ഏകശാസന നടപടികള്‍, ആശയത്തെ നശിപ്പിക്കാന്‍ ആളുകളെ നശിപ്പിക്കുന്നിന്റെ രഹസ്യവും ഇതായിരിക്കണം. സിപിഎം സമ്മേളനത്തില്‍ എല്ലാം ഏകകണ്ഠമായെന്ന് പറയുന്നു. അതിന്റെ പിന്നില്‍ കരുത്തിന്റെ ന്യായം മാത്രമേയുള്ളു. അത് തുറന്നുകാട്ടപ്പെടുന്നതിനെ തടുക്കാനാണ് ‘മാധ്യമ സിന്‍ഡിക്കേറ്റ്’ പ്രയോഗം.
‘അരചനബദ്ധം ചെയ്യാ’, ഇതായിരുന്നു നാടുവാഴിയുഗത്തിലെ പ്രാമാണികതത്വം. ‘ഭൂരിപക്ഷ ഭൂരിസത്യ’, മെന്നത് ജനാധിപത്യയുഗത്തിന്റേത്. ജനകീയ കോടതികളെക്കുറിച്ച് ആക്ഷേപിക്കുന്നവര്‍ മനസ്സിലാക്കാത്ത വസ്തുതയാണിത്. ഇത്തരം കോടതികള്‍ പുതിയ കണ്ടുപിടുത്തമല്ല. ആദ്യമായി ഇതേമാതിരിയൊരു പരീക്ഷണം നടത്തിയത് പീലാത്തോസ് ആയിരുന്നു. യേശുവിന് പുതിയൊരു ഉയിര്ത്തെഴുന്നേല്പ് ഒരുക്കുന്നവര്‍ മറന്നുകൂടാത്തത്. നില്ക്കക്കള്ളിക്കുവേണ്ടിയും ധാര്‍മ്മിക സങ്കടത്തില്‍ നിന്ന് രക്ഷപ്രാപിക്കാന്വേണ്ടിയും റോമന്‍ ഗവര്‍ണര്‍ എടുത്ത ഒരടവ്; ഇന്നത് വിപ്ലവകരമായത്രെ.
“… നീ യഹൂദന്മാരുടെ രാജാവോ എന്നു നാടുവാഴി ചോദിച്ചു. ഞാന്‍ ആകുന്നു, യേശു അവനോടു പറഞ്ഞു. മതപുരോഹിതന്മാരും മൂപ്പന്മാരും കുറ്റം ചുമത്തുകയാല്‍ അവന് ഒന്നും ഉത്തരം പറഞ്ഞില്ല. പീലാത്തോസ് അവനോട്; ഇവന് നിന്റെ നേരെ എന്തെല്ലാം സാക്ഷ്യംപറയുന്നുവെന്നു കേള്‍ക്കുന്നില്ലയോ എന്നു ചോദിച്ചു. അവര്‍ ഒരു വാക്കിനും ഉത്തരം പറയായ്കയാല് നാടുവാഴി അത്യന്തം ആശ്ചര്യപ്പെട്ടു. എന്നാല്‍ ഉത്സവസമയത്തു പുരുഷാരം ഇച്ഛിക്കുന്ന ഒരു തടവുകാരനെ നാടുവാഴി വിട്ടയ്ക്കുക പതിവായിരുന്നു. അന്ന് ബാറബാസ് എന്നു പേരുകേട്ട ഒരു തടവുകാരന് ഉണ്ടായിരുന്നു. അവര്‍കൂടി വന്നപ്പോള്‍ പീലാത്തോസ് അവരോട്: ബാറബാസിനെയോ ക്രിസ്തുവെന്നു പറയുന്ന യേശുവിനെയോ ആരെ നിങ്ങള്‍ക്ക് വിട്ടുതരണം എന്നുചോദിച്ചു…. ബാറബാസിനെ എന്നവര്‍ പറഞ്ഞു….. ക്രിസ്തുവെന്ന യേശുവിനെ എന്തുചെയ്യേണ്ടുവെന്നു ചോദിച്ചതിന്: അവനെ ക്രൂശിക്കണം എന്ന് എല്ലാവരും പറഞ്ഞു. അവന് ചെയ്ത ദോഷം എന്ത് എന്ന് അവര്‍ ചോദിച്ചു. അവനെ ക്രൂശിക്കണം എന്ന് അവര്‍ ഏറ്റവും നിലവിളിച്ചു പറഞ്ഞു…. അങ്ങനെ അവന് ബാറബാസിനെ അവര്‍ക്ക് വിട്ടുകൊടുത്തു. യേശുവിനെ ചമ്മട്ടികൊണ്ടടിച്ച് ക്രൂശിക്കേണ്ടതിന് ഏല്പിച്ചുകൊടുത്തു.”
പ്രചരണത്തില്‍ പ്രധാനമായും നോക്കേണ്ടത് ഒരുകാര്യം മാത്രമാണ്: നുണയ്ക്കെത്ര ജാമ്യക്കാരുണ്ട്? നേരിനുള്ളതിനെക്കാള് ഭൂരിപക്ഷം നുണയ്ക്കുണ്ടെങ്കില് നുണയാണ് നേര്; നേര് നുണയും. വിഎസ്സിന് വിനയാകുന്നതും അതുതന്നെ. കമ്മ്യൂണിസത്തിന്റെ നിലനില്‍പ്പും അതുതന്നെ.
പാര്‍ട്ടിക്കുവേണ്ടാത്ത നേതാവായി വിഎസ് തുടരുന്നു. പാര്‍ട്ടിയാകട്ടെ ജനങ്ങള്ക്കുവേണ്ടാത്തതും. കഴിഞ്ഞപാര്ട്ടി കോണ്‍ഗ്രസ്സിനുശേഷം നടന്ന തെരഞ്ഞെടുപ്പുകളിലൂടെ അത് തെളിഞ്ഞു. വിഎസ്സിനെ പാര്ട്ടിക്കുവേണ്ടെങ്കിലും വേണമെന്ന നിലപാട് അണികള്‍ക്കും ജനങ്ങള്‍ക്കുമുണ്ടെന്ന് വിഎസ് തിരിച്ചറിയുന്നു. അതുകൊണ്ടാണ് പൊതുസമ്മേളനത്തില്‍ കാപ്പിറ്റല്‍ പണിഷ്മെന്റ് എന്ന ഭീഷണിക്കുമുന്നില്‍ വഴങ്ങില്ലെന്ന് പ്രഖ്യാപിച്ചത്. തൂക്കുമരവും വെടിയുണ്ടയും കണ്ട പഴയതലമുറയെ അവഹേളിക്കാനും താറടിക്കാനും ശ്രമിച്ചാല്‍ വിജയിക്കില്ലെന്ന് ഓര്‍മ്മിപ്പിച്ച വിഎസ്, മലര്‍ന്നുകിടന്ന് തുപ്പിയാല്‍ മുഖത്താണ് വീഴുകയെന്നും ഓര്‍മ്മിപ്പിക്കുമ്പോള്‍ വിഭാഗീയത തളരുകയല്ല വളരുകയാണെന്നുതന്നെ ബോദ്ധ്യമാവുകയാണ്. ഈ പ്രക്രിയ നിര്‍ബാധം തുടരുക തന്നെ ചെയ്യട്ടെ.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: