മലയാള ഭാഷാ പിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ ജീവിതത്തെ ആസ്പദമാക്കി രചിച്ച മലയാളത്തിലെ ആദ്യനോവലായ ‘കഥയ മമ കഥയ മമ’, മേല്‍പ്പത്തൂര്‍ ഭട്ടതിരിയുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച മലയാളത്തിലെ ആദ്യ നോവലായ ‘അഗ്രേപശ്യാമി’, ഭക്ത കവി പൂന്താനത്തിന്റെ ജീവിതത്തെ ആസ്പദമാക്കി രചിച്ച മലയാളത്തിലെ ആദ്യ നോവല്‍ ‘കൃഷ്ണതുളസി’ ഇവയ്ക്കെല്ലാം ഭാഷ്യമൊരുക്കിയത് വക്കീല്‍ ഗുമസ്തനായ തിരൂര്‍ ദിനേശാണ്.
പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഈ ഭക്തശിരോമണികളെ അടുത്തറിയാന്‍ നാലുനൂറ്റാണ്ടിനുശേഷം ഒരു വക്കീല്‍ ഗുമസ്തന് വേണ്ടിവന്നത് ചരിത്രനിയോഗമാണ്.
2000 ത്തിലാണ് തുഞ്ചത്തെഴുത്തച്ഛന്റെ ജീവിതത്തെ ആസ്പദമാക്കി രചിച്ച ആദ്യനോവലായ ‘കഥയ മമ കഥയമമ’ പുറത്തിറങ്ങിയത്. എഴുത്തച്ഛന്റെ ജീവിതം ഹൃദ്യമായി ആവിഷ്ക്കരിച്ച കഥയ മമ അനുവാചകര്‍ ആത്മഹര്‍ഷത്തോടെയാണ് ഏറ്റുവാങ്ങിയത്.
മേല്‍പ്പത്തൂര്‍ ഭട്ടതിരിയുടെ ജീവചരിത്ര നോവലായ ‘അഗ്രേപശ്യാമി’ 2005 ലാണ് എഴുതി പൂര്‍ത്തിയാക്കിയതെങ്കിലും ഇപ്പോഴാണ് പുസ്തകരൂപത്തില്‍ പുറത്തിറങ്ങുന്നത്.
ഭക്തകവി പൂന്താനത്തിന്റെ ജീവിതത്തെ ആസ്പദമാക്കി രചിച്ച ‘കൃഷ്ണതുളസി’യുടെ രചന പൂര്‍ത്തിയാക്കിക്കഴിഞ്ഞു. പുസ്തകരൂപത്തില്‍ പുറത്തിറക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിയിട്ടില്ലെങ്കിലും പ്രമുഖ വാരികയില്‍ ഇത് ഖണ്ഡശ്ശ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
ഒരു വക്കീല്‍ ഗുമസ്തന് എങ്ങനെയാണ് മൂന്ന് മഹത്തുക്കളുടെ ജീവിതത്തെ ആസ്പദമാക്കി നോവല്‍ രചിക്കാന്‍ കഴിഞ്ഞതെന്ന് അന്വേഷിക്കുമ്പോഴാണ് അതിന് പിറകിലെ നിമിത്തവും നിയോഗവും വ്യക്തമാവുക.
കുടുംബപ്രാരബ്ധം ബാല്യദശയില്‍ത്തന്നെ തലയില്‍ ചുമക്കേണ്ടിവന്നപ്പോള്‍ കുടുംബം പുലര്‍ത്താന്‍ തൊഴിലാളിയായി.
ഭാരം വലിച്ചും ഭാരം ചുമന്നുമുള്ള ബാല്യത്തിന്റെ അന്ത്യദശയില്‍ ഒരു നിമിത്തമെന്നോണം വക്കീലാപ്പീസിലെ എഴുത്തുമുറിയില്‍ ജോലി കിട്ടുകയായിരുന്നു. എറണാകുളത്തെ സീനിയര്‍ അഭിഭാഷകനായ ടി.കൃഷ്ണനുണ്ണി തിരൂരില്‍ അഡ്വ.എ.വിജയരാഘവ വാര്യരുടെ ജൂനിയറായി പ്രാക്ടീസ് ചെയ്യുമ്പോള്‍ 1979 ലാണ് കൃഷ്ണനുണ്ണിയുടെ ഗുമസ്തനായി ജോലിക്ക് ചേര്‍ന്നത്.
തൊഴിലാളിയായി ജീവിച്ചയാളെ വക്കീല്‍ ഗുമസ്തനാക്കി മാറ്റണമെങ്കില്‍ ഒരു സീനിയര്‍ ഗുമസ്തന്റെ കീഴില്‍ നിര്‍ത്തി എഴുത്തു ജോലി പഠിപ്പിക്കണമെന്നു തീരുമാനിച്ച കൃഷ്ണനുണ്ണി, വിജയരാഘവ വാര്യരുടെ ഗുമസ്തന് ദാമോദരന്‍ നമ്പീശന്റെ അടുക്കലേക്കയച്ചു. വക്കീല്‍ ഗുമസ്ത ജോലിയില്‍ ഗുരു ശിഷ്യബന്ധങ്ങളുണ്ട്. ഫോട്ടോസ്റ്റാറ്റ് മെഷീനൊന്നും അന്ന് ഉണ്ടായിരുന്നില്ല. വസ്തു പ്രമാണങ്ങളുടെ പകര്‍പ്പ് കാര്‍ബണ്‍ പേപ്പര്‍ വച്ച് എഴുതിയെടുക്കണം.
ഇത്തരത്തില്‍ പകര്‍പ്പെടുക്കാന്‍ കിട്ടുന്ന ആധാരങ്ങളില്‍ മധ്യകേരള പ്രദേശമായ വെട്ടത്തുനാടിന്റെ ചരിത്രത്തിലേക്ക് വിരല്‍ചൂണ്ടുന്ന വരികള്‍ ദിനേശിനെ ആകര്‍ഷിച്ചു. കേരള ചരിത്രത്തില്‍ വെട്ടത്തുനാടിനെക്കുറിച്ചുള്ള ചരിത്രം ഇല്ലെന്നുകൂടി മനസ്സിലാക്കിയപ്പോള്‍ ആ നാടിനെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള ആകാംക്ഷയുമുണ്ടാക്കി. അന്നുമുതല്‍ തുടങ്ങിയതാണ് സ്വന്തം ദേശചരിത്രം തേടിയുള്ള അന്വേഷണയാത്ര ഇതിനിടയില്‍ പ്രാദേശിക പത്രപ്രവര്‍ത്തനത്തിലും താല്‍പ്പര്യം ജനിച്ചു. പ്രദീപം സായാഹ്ന പത്രത്തില്‍ പോസ്റ്റു കാര്‍ഡില്‍ ചെറിയ വാര്‍ത്തകള്‍ അയച്ചുകൊടുത്തായിരുന്നു പത്രപ്രവര്‍ത്തനത്തിലെ തുടക്കം. പിന്നീട് ജന്മഭൂമി ദിനേശിനെ തിരൂര്‍ ലേഖകനാക്കി.
തിരൂര്‍ മുന്‍സിഫ് കോടതിയിലെ മരത്തൂണ് വെട്ടിമാറ്റപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട തിരൂര്‍ ദിനേശ് എന്തുകൊണ്ട് ഈ തൂണിന് വെട്ടേറ്റു എന്നന്വേഷിച്ചു. 1921 ല്‍ മലബാര്‍ കലാപകാരികള്‍ കോടതി തകര്‍ക്കാന്‍ ശ്രമിച്ചതിന്റെ മായാത്ത അടയാളമാണ് അതെന്ന് കണ്ടെത്തി. ജന്മഭൂമിയില് മലബാര്‍ കലാപത്തെക്കുറിച്ച് തുടര്‍ പരമ്പര എഴുതിയത് ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ഇത് പുസ്തകമായി. ‘മാപ്പിള ലഹള സത്യവും മിഥ്യയും’ എന്ന പേരില്‍.
കേരളത്തിലെ ആദ്യകാല പണ്ഡിതരുടെ തലസ്ഥാന കേന്ദ്രമായിരുന്നു വെട്ടത്തുനാട്. കേരളത്തിലെ ആദ്യകാലത്തെ സാംസ്ക്കാരിക കേന്ദ്രവും തിരൂര്‍ താലൂക്കായ വെട്ടത്തുനാടാണെന്നു കണ്ടെത്തി.
ഗണിതത്തില്‍ ഭാരതത്തിന്റെ സ്ഥാനം പൂജ്യമാണെന്നും ഗണിതലോകം വികാസം പ്രാപിപ്പിച്ചത് യൂറോപ്യന്മാരാണെന്നുമുള്ള പാശ്ചാത്യവാദഗതിയെ ഖണ്ഡിക്കുന്ന പഠനഫലങ്ങളാണ് പിന്നീടുണ്ടായത്. ഗണിതലോകത്തെ സകലഗവേഷണങ്ങളുടേയും അടിസ്ഥാന ഘടകം വെട്ടത്തുനാട്ടില്‍ ജീവിച്ചിരുന്ന പണ്ഡിതരുടെ ഗ്രന്ഥങ്ങളിലുണ്ടെന്ന് ദിനേശ് കണ്ടെത്തി. യൂറോപ്യന്മാര് ഗണിതത്തില്‍ ഗവേഷണം നടത്തുന്നതിനും 300 വര്‍ഷംമുമ്പ് വെട്ടത്തുനാട്ടിലെ പണ്ഡിതസമൂഹം ഗവേഷണം നടത്തി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. നഗ്നനേത്രങ്ങള്‍ കൊണ്ട് ആകാശ ഗോളങ്ങളുടെ സഞ്ചാരഗതി കണ്ടെത്തി ‘ദൃഗ്ഗണ്ണിതം’ എന്ന ഗണിതരൂപം ചമച്ചത് തൃപ്രങ്ങോട്ടുകാരനായ വടശ്ശേരി പരമേശ്വരനാണ്. തൃക്കണ്ടിയൂര്ക്കാരനായ കേളല്ലൂര്‍ നീലകണ്ഠസോമയാജിയുടെ ‘തന്ത്രസംഗ്രഹ’ത്തില്‍ കാല്‍ക്കുലസ് എന്ന ഗണിതശാഖയുടെ അടിസ്ഥാനഘടകങ്ങളുണ്ട്. സഞ്ചാരികളായി എത്തിയ യൂറോപ്യന്മാര് വെട്ടത്തുനാട്ടിലെ പണ്ഡിതരുടെ ഈ ഗ്രന്ഥങ്ങളെല്ലാം കടത്തിക്കൊണ്ടുപോയി അവരുടേതായ രീതിയില്‍ ഗവേഷണം നടത്തി ഗണിതമേഖലയില്‍ മുന്‍നിരക്കാരായി. തിരൂര്‍ ദിനേശ് വെട്ടത്തുനാടിനെ കണ്ടെത്തിയപ്പോള്‍ ലഭിച്ചത് അമൂല്യ വിവരങ്ങള്‍ തന്നെ ആയിരുന്നു. രക്ഷേല്‍ ഗോവിന്ദമാര്ക്ക: എന്ന കലി സംഖ്യാദിനത്തില്‍ ജനിക്കുകയും ‘കാളിന്ദീപ്രിയതുഷ്ട:’ എന്ന കലി ദിനത്തില്‍ സമാധിയടയുകയും ചെയ്ത തലക്കുളത്തൂര്‍ ഗോവിന്ദ ഭട്ടതിരി വടക്കെ മലബാറുകാരനാണെന്നു മാത്രമേ കൊട്ടാരത്തില്‍ ശങ്കുണ്ണി മുതല്‍ വര്‍ത്തമാനകാലത്തെ ചരിത്രകാരന്മാര്വരെയുള്ളവര്ക്ക് അറിയുകയുള്ളൂ. ജ്യോതിഷത്തിലധിഷ്ഠിതമായ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ച ഗണിതഗവേഷകന് കൂടിയായ തലക്കുളത്തൂര്‍ ഭട്ടതിരിയുടെ ഇല്ലത്തറ നിറമരുതൂരിലാണെന്ന് തിരിച്ചറിഞ്ഞത് ദിനേശന്റെ ചരിത്രഗവേഷണ ഫലത്തോടെയാണ്.
മേല്‍പ്പത്തൂര്‍ ഭട്ടതിരി, തുഞ്ചത്തെഴുത്തച്ഛന്‍, വ്യാകരണ പണ്ഡിതന് തൃക്കണ്ടിയൂര്‍ അച്യുത പിഷാരടി, കിഴക്കേമ്പുല്ലിത്ത് മൂത്തേന്മാര് തുടങ്ങി നിരവധിപണ്ഡിതരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന കണ്ടെത്തലുകള്‍ പ്രാദേശിക ചരിത്രാന്വേഷണത്തിലൂടെ ലഭിച്ചു. കഥകളിക്ക് സമൂലപരിവര്‍ത്തനം വരുത്തിയ വെട്ടത്ത് രാജാക്കന്മാരിലൂടെ വെട്ടത്തുനാടിന്റെ പൂര്‍വകാല പ്രതാപ ചരിത്രം ഏതാണ്ട് പൂര്‍ത്തിയാക്കി വിവിധ പ്രസിദ്ധീകരണങ്ങളിലൂടെ പുറത്തുവിട്ടു. ഇവ എങ്ങനെയോ വെബ്സൈറ്റിലും ഇടംനേടിയതോടെ വെട്ടത്തുനാട് ലോകശ്രദ്ധയില്‍ പെടുകയായിരുന്നു. വിദേശരാജ്യങ്ങളില്‍നിന്നുപോലും വെട്ടത്തുനാടിനെക്കുറിച്ച് പഠിക്കാന്‍ ഇപ്പോള്‍ ഗവേഷകര്‍ വന്നുകൊണ്ടിരിക്കുന്നതിനു നിമിത്തമായതും ദിനേശിന്റെ കണ്ടെത്തലുകളെത്തുടര്‍ന്നാണ്. നിരവധി ചരിത്രവിദ്യാര്‍ത്ഥികള്‍ അവരുടെ ഗവേഷണ വിഷയം വെട്ടത്തുനാട്ടിലെ പണ്ഡിതരെക്കുറിച്ചാക്കി. അവരെല്ലാം ആശ്രയിക്കുന്നതും ഈ വക്കില്‍ ഗുമസ്തനെത്തന്നെയാണ്.
വെട്ടത്തുനാടിനെക്കുറിച്ചുള്ള ചരിത്രം നാട്ടറിവുകളിലൂടെ രൂപപ്പെടുത്തിയ ശേഷമാണ് എഴുത്തച്ഛനെക്കുറിച്ചും മേല്‍പ്പത്തൂര്‍ ഭട്ടതിരിയെക്കുറിച്ചും പൂന്താനത്തെക്കുറിച്ചും നോവലെഴുതിയത്.
വക്കീല്‍ ഗുമസ്തപ്പണിക്കിടയിലും പത്രപ്രവര്‍ത്തനവും ഗവേഷണവും എഴുത്തുമായിക്കഴിയുന്ന തിരൂര്‍ ദിനേശ് ഇതിനകം എട്ടുനോവലുകളെഴുതി. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാനത്തെ മികച്ച പ്രാദേശിക പത്രപ്രവര്‍ത്തകനുള്ള പുരസ്ക്കാരവും ലഭിച്ചു.
കൂലിപ്പണിയെടുത്ത് ഉപജീവനം നടത്തുന്നതിനിടയില്‍ വക്കീല്‍ ഗുമസ്തന് ജോലിയിലേക്ക് എത്തിപ്പെട്ടത് ചരിത്രനിയോഗം നിറവേറ്റാനായിരുന്നുവെന്ന് ദിനേശ് പറയുന്നു.
എം.ജി.എസ്.നാരായണന്,ഡോ.വെളുത്താട്ട്കേശവന്, ഡോ.എന്‍.എം.നമ്പൂതിരി തുടങ്ങിയ പ്രശസ്തരായ ചരിത്രകാരന്മാര്ക്ക് വക്കീല്‍ ഗുമസ്തനായ ഈ പ്രാദേശിക ചരിത്രകാരന് പരിചിതനാണ്.
എം.ടി.വാസുദേവന്‍ നായര്‍, സി.രാധാകൃഷ്ണന് മുതലുള്ള നോവലിസ്റ്റുകള്‍ വക്കീല്‍ ഗുമസ്തനായ ഈ നോവലിസ്റ്റിന് മനസ്സിലാക്കിയിട്ടുണ്ട്.
കേരളത്തിലെ മിക്ക ന്യായാധിപര്‍ക്കും മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രമുഖര്‍ക്കും വക്കീല്‍ ഗുമസ്തനായ എഴുത്തുകാരന് പരിചിതനാണ്.
വെട്ടത്തുനാടിനെക്കുറിച്ചുള്ള കണ്ടെത്തലുകള്‍ ഭാവിയില്‍ ചരിത്രത്തിനു പ്രയോജനപ്പെടാന്‍ പുസ്തകമാക്കാനുള്ള ഒരുക്കത്തിലാണ് തിരൂര്‍ ദിനേശ്.
ചരിത്രവും നോവലുകളും മാത്രമല്ല, ബാലസാഹിത്യത്തിലും ഹാസ്യസാഹിത്യത്തിലും ദിനേശ് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മുപ്പത്തിമൂന്ന് വര്‍ഷത്തെ വക്കീല്‍ ഗുമസ്ത ജോലിക്കിടയില്‍ ഒരു കേസിലെ കക്ഷിയുടെ ജീവിതത്തെ ആസ്പദമാക്കിയും നോവലെഴുതിയിട്ടുണ്ട്. ഭാഗപത്രം എന്ന പേരില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച നോവല്‍ ‘സിവില്‍ ഡെത്ത്’ എന്ന പേരില്‍ പുസ്തകമായി പുറത്തിറങ്ങും.
തിരൂര്‍ നഗരത്തില്‍ ജീവിച്ചിരുന്ന ഒരു അഭിസാരികയുടെ ജീവിതകഥ നോവലാക്കുന്ന പണിപ്പുരയിലാണ് തിരൂര്‍ ദിനേശ്. ഈ നോവല്‍ സിനിമയാക്കുന്നതിന്റെ ചര്‍ച്ചയും നടന്നുകഴിഞ്ഞു. പകല്‍ ഉറങ്ങുകയും രാത്രി ഉണരുകയും ചെയ്യുന്ന തെരുവിന്റെ യഥാര്‍ത്ഥ ചിത്രമാണ് നോവലില്‍ ആവിഷ്ക്കരിക്കുന്നത്. രാത്രിയിലെ നഗരത്തിന്റെ മുഖം അറിയാന്‍ പട്ടണം ഉറങ്ങുന്ന സമയത്ത് ഇതിനുവേണ്ടി പട്ടണ സഞ്ചാരം നടത്തിക്കിട്ടിയ നേരറിവുകള്‍ നോവലില്‍ ഉണ്ടാകുമെന്ന് ദിനേശ് പറഞ്ഞു.
ഒരിക്കല്‍ തുഞ്ചന്‍ ഉത്സവത്തിലെ ദേശീയ സെമിനാറിന്റെ വിഷയം ഇടശ്ശേരിയായിരുന്നു. ഇടശ്ശേരിയുടെ ജന്മശതാബ്ദിയായിട്ടാണ് അക്കാലത്തെ തുഞ്ചനുത്സവം ആഘോഷിച്ചത്. സെമിനാറിന്റെ ഉദ്ഘാടനവേദിയില്‍ എം.വിജയരാഘവന് എംപി ചോദിച്ച ഒരു ചോദ്യം ഇവിടെ ഓര്‍ത്തുപോവുന്നു. വക്കീല്‍ ഗുമസ്തനായ ഇടശ്ശേരിയെ സ്മരിക്കുന്നവര് ഇന്നു ജീവിച്ചിരിക്കുന്ന ഒരു വക്കീല്‍ ഗുമസ്തന് എഴുത്തുകാരനായാല് അദ്ദേഹത്തെ നിങ്ങള്‍ അംഗീകരിക്കുമോ?
തിരൂര്‍ ദിനേശിന്റെ ജീവിതത്തെ സ്പര്‍ശിച്ചു ചിന്തിച്ചാല്‍ ഈ ചോദ്യം പ്രസക്തമാണ്.
മണമ്മല്‍ ഉദയേഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: