കൊച്ചി: കച്ചേരിപ്പടി ഗാന്ധിഭവനില്‍ നടക്കുന്ന സ്വദേശി ഫെസ്റ്റിവല്‍ ശ്രദ്ധേയമാകുന്നു. ഗാന്ധി സെന്റര്‍ ഫോര്‍ റൂറല്‍ ഡവലപ്മെന്റും ഗാന്ധി വിചാരകേന്ദ്രവും പൂര്‍ണോദയ ബുക്ക് ട്രസ്റ്റും ഗാന്ധിഭവനും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന സ്വദേശി ഫെസ്റ്റിവല്‍ ഒരേസമയം നാടന്ഉല്പ്പന്ന നിര്മാണരംഗത്തെക്കുറിച്ചും ഒട്ടേറെ അറിവുകള്‍ പകര്‍ന്നുനല്‍കുന്നതും ഗുണമേന്മയും ഔഷധഗുണമുള്ളതുമായ നാടന്‍ ഉല്‍പ്പന്നങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്നതുമാണ്.
സ്വദേശി ഫെസ്റ്റിവലിന്റെ ഭാഗമായി നാടന്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണ പരിശീലനം, സ്വദേശി പ്രസ്ഥാനത്തിന്റെ അര്ത്ഥവ്യാപ്തിയെക്കുറിച്ചുള്ള സെമിനാറുകള്‍, സ്വദേശിയുടെ പ്രായോഗികത വിശദമാക്കുന്ന നാടന്‍ ഉല്പന്ന പ്രദര്‍ശനം എന്നിവയാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ആഭരണനിര്‍മാണം, സോപ്പുല്പന്ന നിര്‍മാണം, കണ്‍സ്യൂമര്‍ ഉല്‍പ്പന്ന നിര്‍മാണം, ട്രാന്‍സ്പേരന്റ് സോപ്പുനിര്മാണം, പേപ്പര്‍ബാഗ് നിര്‍മാണം, കുടനിര്‍മാണം എന്നീ പരിശീലന പരിപാടികളും അന്ന് ഉപ്പ് ഇന്ന് സോപ്പ്, ഉപഭോഗ സംസ്കാര അതിജീവനത്തിന് സ്വദേശി, സ്വദേശിയുടെ അര്‍ത്ഥവും പ്രസക്തിയും, കേരളത്തിലെ സ്വദേശി പ്രസ്ഥാനം എന്നീ സെമിനാറുകളും നാടന്‍ ഉല്‍പ്പന്നങ്ങളുടെ വിപുലമായ പ്രദര്‍ശനവുമാണ് 15 വരെ നീണ്ടുനില്‍ക്കുന്ന സ്വദേശി ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്നത്.
സ്വദേശി ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന മുന്നൂറില്‍പ്പരം നാടന്‍ ഉല്‍പ്പന്നങ്ങള്‍ പലതുകൊണ്ടും ശ്രദ്ധേയമാണ്. അതിലേറ്റവും പ്രധാനപ്പെട്ടത് വീട്ടുമുറ്റത്ത് സുലഭമായി കിട്ടിക്കൊണ്ടിരിക്കുന്ന എന്നാല്‍ വെറുതെ പാഴാക്കിക്കളഞ്ഞുകൊണ്ടിരിക്കുന്ന സാധനങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന ഉല്‍പ്പന്നങ്ങളാണ്. പോഷകാംശ ഔഷധഗുണങ്ങളാല്‍ സമ്പന്നമായ ചക്ക, പുളിഞ്ചിക്ക, ജാതിക്ക, കശുമാങ്ങ, ഇഞ്ചി, ലൗലോലിക്ക, ജാമ്പയ്ക്ക, പാഷന് ഫ്രൂട്ട്, കൈതച്ചക്ക, മാമ്പഴം എന്നിവയുടെ ഉല്‍പ്പന്നങ്ങള്‍ ഒൗഷധഗുണങ്ങളാല് സമ്പന്നമാണ്. ചക്കയുടെ മടലില്നിന്നും ചകിണിയില്നിന്നും തയ്യാറാക്കുന്ന ജല്ലി, പോഷകമൂല്യങ്ങളാല്‍ സമ്പന്നമായ രോഗപ്രതിരോധശക്തിക്ക് അത്യുത്തമമായ ചക്ക ഹെല്‍ത്ത് ടോണിക്ക്, വളരെയേറെ രുചികരമായ പുളിഞ്ചിക്ക സ്ക്വാഷ്, കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിന് വളരെയേറെ സഹായകമായ പുളിഞ്ചിക്ക കൊളസ്ട്രോള്‍ നിവാരിണി, ജാതിക്കയുടെ പുറംതൊലിയില്‍ നിന്നുണ്ടാക്കുന്ന സ്ക്വാഷ്, ഇഞ്ചിയും നാരങ്ങയും കൊണ്ടുള്ള ലമണ്‍ സ്ക്വാഷ്, ചക്കക്കുരു ഉല്‍പ്പന്നങ്ങള്‍ എന്നിവ വളരെയേറെ ജനശ്രദ്ധ പിടിച്ചുപറ്റിയ ഇനങ്ങളാണ്.
പൂര്‍ണമായി ഗ്ലിസറിന്‍ നിലനിര്‍ത്തി വെളിച്ചെണ്ണയിലും നാച്വറല്‍ സുഗന്ധദ്രവ്യങ്ങളിലും ഉണ്ടാക്കിയിരിക്കുന്ന കുളിസോപ്പ്, പൈനോയിലും പുല്‍തൈലവും ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന നാച്വറല്‍ ക്ലീനിംഗ് ലോഷന്‍, ഗുണനിലവാരത്തില്‍ മികവ് പുലര്‍ത്തുന്ന വാഷിംഗ് സോപ്പ്, ഡിറ്റര്‍ജന്റ് പൗഡര്‍, ഡിഷ്വാഷ് പൗഡര്‍, ഗുണത്തില്‍ മെച്ചപ്പെട്ടതും വിലയില്‍ കുറവുള്ളതുമായ ഹാന്‍ഡ് വാഷ്, കാര്‍ വാഷ്, ഡിഷ്വാഷ്, ക്ലോസറ്റ് വാഷ്, ഹെയര്‍ടോണ്‍, ബ്രഹ്മി ഓയില്‍, തുള്ളിനീലം, ഷാംബൂ, ഫെയര്‍നസ് ഓയില്‍ എന്നിവയും പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നവയാണ്.
പ്രമേഹം, മൂത്രാശയരോഗം, കാല് വിണ്ടുകീറല്‍, കുഴിനഖം എന്നിവയുടെ മരുന്നുകളും കൂവപ്പൊടി, താളിപ്പൊടി, ദാഹശമനി, നറുനീണ്ടി, ഇരട്ടിമധുരം, വയമ്പ്, രക്തചന്ദനം, കസ്തൂരി മഞ്ഞള്‍ എന്നിങ്ങനെ ഒട്ടേറെ ഔഷധപ്പൊടികളും അരിഷ്ടലേഹ്യങ്ങളും, കൈകുത്തവല്, കപ്പപപ്പടം, നാടന്‍ ചമ്പാ കുത്തരി, അരി, ഗോതമ്പ്, റാഗി എന്നിവയുടെ പൊടി ഉല്‍പ്പന്നങ്ങള്‍, ഉരുക്കുവെളിച്ചെണ്ണ എന്നിവയും ആളുകളില്‍ താല്പര്യം ഉണര്‍ത്തുന്നവയാണ്.
ഹെല്‍ത്ത് ടോണിക്കുകളില്‍ അടങ്ങിയിരിക്കുന്ന അമുക്കുരവും ബ്രഹ്മി ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ബ്രഹ്മിപൊടിയും നാഡീഞ്ഞരമ്പുകള്ക്ക് ശക്തി പകരുന്ന നായ്ക്കരുണപൊടിയും കലര്‍പ്പുകളില്ലാതെ പ്രദര്‍ശനമേളയില്‍ ലഭ്യമാണ്. മെഴുകുതിരി, ചന്ദനത്തിരി, കുട എന്നിവ അടങ്ങിയ നാടന്‍ ഉല്‍പ്പന്ന പ്രദര്‍ശനം ആളുകള്‍ക്ക് നമുക്കാവശ്യമുള്ള ഉല്‍പ്പന്നങ്ങളില്‍ നല്ലൊരു പങ്കും വീടുകളില്‍തന്നെ ഉണ്ടാക്കാന്‍ സാധിക്കുമെന്നുള്ള പുത്തനറിവ് പകര്‍ന്നുകൊടുക്കുന്നതിന് പര്യാപ്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: