മാലെ: പോലീസ് അട്ടിമറിയെത്തുടര്‍ന്ന് പ്രസിഡന്റ് പദം രാജിവെച്ച മുഹമ്മദ് നഷീദിന്റെ കുടുംബം ശ്രീലങ്കയിലേക്ക് പലായനം ചെയ്തു. നഷീദിന്റെ ഭാര്യ ലൈലാ അലിയും കുടുംബാംഗങ്ങളും ബുധനാഴ്ച രാത്രിയാണ് ശ്രീലങ്കയിലെത്തിയത്. എന്നാല്‍ ഇവര്‍ക്കൊപ്പമുള്ള മറ്റ് കുടുംബാംഗങ്ങളാരൊക്കെയാണെന്ന് വ്യക്തമല്ല.
നഷീദിന്റെ അനുയായികള്‍ തെരുവുകളില്‍ അക്രമാസക്തരായതോടെ മാലിദ്വീപില്‍ അശാന്തി ഉടന്‍ അവസാനിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. വധഭീഷണി മുഴക്കിയാണ് തന്നെ രാജിവെപ്പിച്ചതെന്ന് നഷീദ് ബുധനാഴ്ച വാര്‍ത്താലേഖകരോട് പറഞ്ഞതോടെയാണ് അദ്ദേഹത്തിന്റെ അനുയായികള്‍ രോഷാകുലരായി തെരുവിലിറങ്ങിയത്. തുടര്‍ന്ന് പോലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷങ്ങളുണ്ടായി.
തലസ്ഥാനമായ മാലിയിലെ റിപ്പബ്ലിക് ചത്വരത്തില്‍ പ്രകടനക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകപ്രയോഗവും നടത്തി. സമാധാനപരമായി പ്രകടനം നയിച്ച നഷീദിനും പോലീസിന്റെ അടിയേറ്റതായി അദ്ദേഹത്തിന്റെ പാര്‍ട്ടിയായ എംഡിപി ആരോപിച്ചു.
അതിനിടെ, രാജ്യത്ത് എല്ലാ കക്ഷികളുമടങ്ങുന്ന ദേശീയൈക്യ സര്‍ക്കാര്‍ രൂപവല്‍ക്കരിക്കുമെന്ന് പുതിയ പ്രസിഡന്റായി സ്ഥാനമേറ്റ മുഹമ്മദ് വഹീദ് ഹസന് മണിക് ബുധനാഴ്ച വ്യക്തമാക്കി. നഷീദിനെതിരെ അട്ടിമറി നടന്നതായി കരുതുന്നില്ലെന്നും അത്തരമൊരു നീക്കത്തിലും താന്‍ പങ്കാളിയായിട്ടില്ലെന്നും മണിക് അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: