ന്യൂദല്‍ഹി: പോലീസ് അട്ടിമറിയിലൂടെ പുതുതായി അധികാരമേറ്റ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് വഹീദിന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പിന്തുണ വാഗ്ദാനംചെയ്തു. രാജ്യത്ത് സമാധാനവും സ്ഥിരതയും ഉറപ്പുവരുത്താന്‍ സഹായിക്കുമെന്ന് വഹീദിന് എഴുതിയ കത്തില്‍ മന്മോഹന് പറഞ്ഞു. പ്രസിഡന്റായി അധികാരമേറ്റയുടന്‍ വഹീദ് മന്മോഹനുമായി ഫോണില്‍ സംസാരിച്ചിരുന്നു. എത്രയും വേഗം ഒരു കൂടിക്കാഴ്ചക്ക് ആഗ്രഹമുണ്ടെന്ന് വഹീദ് അറിയിച്ചു. ഇതേത്തുടര്‍ന്നാണ് പിന്തുണ അറിയിച്ച് മന്മോഹന് കത്തെഴുതിയത്.
അതിനിടെ, മാലി ദ്വീപിലുണ്ടായ ഭരണമാറ്റം സംഘര്‍ഷത്തിന് കാരണമാകരുതെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ മുന്നറിയിപ്പ് നല്കി. ജനഹിതത്തിനു വഴങ്ങി ചൊവ്വാഴ്ചയാണ് പ്രസിഡന്റ് മുഹമ്മദ് നഷീദ് രാജിവെച്ചത്.
സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ പ്രതിപക്ഷ കക്ഷിയായ ദിവേഹി ഖൗമി പാര്‍ട്ടിയുടെ ഉന്നതനായ നേതാവ് മുഹമ്മദ് ജലീലിനെ വിട്ടയച്ചതിന്റെ പേരില്‍ ക്രിമിനല്‍ കോടതി ചീഫ് ജസ്റ്റിസ് അബ്ദുള്ള മുഹമ്മദിനെ ജനുവരി 16-ന് അറസ്റ്റ് ചെയ്തതോടെയാണ് നഷീദിനെതിരായ രാഷ്ട്രീയ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. പെരുമാറ്റ ദൂഷ്യവും പ്രതിപക്ഷ പ്രീണനവും ആരോപിച്ചായിരുന്നു അറസ്റ്റ്. മുഹമ്മദ് വിട്ടയച്ച ജലീലിനെ മത സ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ സംസാരിച്ചു എന്നാരോപിച്ച് സര്‍ക്കാര്‍ വീണ്ടും അറസ്റ്റ് ചെയ്തതോടെ സമരം കൂടുതല്‍ ശക്തമായി.
പോലീസിനേയും പട്ടാളത്തേയും ഉപയോഗിച്ച് പ്രക്ഷോഭം അമര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവരവേയാണ് തിങ്കളാഴ്ച 50 പോലീസുകാര്‍ പ്രക്ഷോഭകര്‍ക്കൊപ്പം ചേര്‍ന്നത്. ഇവര്‍ ഉത്തരവുകള്‍ അനുസരിക്കാന്‍ കൂട്ടാക്കിയുമില്ല. ഇതോടെ പോലീസിലും ലഹള എന്ന സ്ഥിതിയായി.
രാജ്യത്തെ തൊഴില്‍രഹിതരുടെ എണ്ണം പെരുകിയതും മയക്കുമരുന്നുപയോഗം വ്യാപകമായതും ഇസ്ലാമിക മൗലികവാദം വളര്‍ന്നതും നഷീദിന്റെ ഭരണത്തിനെതിരെ ജനവികാരമുയര്‍ത്തി. ഈ പ്രശ്നങ്ങളെല്ലാം നിലനില്‍ക്കെയാണ് അദ്ദേഹം രാജിവെക്കുന്നതും വൈസ് പ്രസിഡന്റ് മുഹമ്മദ് വഹീദ് പിന്‍ഗാമിയായി അധികാരമേല്‍ക്കുന്നതും. നഷീദിന്റെ ഔദ്യോഗിക കാലാവധി തീരേണ്ടതായിരുന്ന 2013 നവംബര്‍ വരെ വഹീദായിരിക്കും മാലെ ദ്വീപിന്റെ പ്രസിഡന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: