ലന്തക്കാര്‍ കുരുമുളകുവള്ളി കൊണ്ടുപോകുന്നു എന്നുകേട്ടപ്പോള്‍ നാട്ടിലെ പ്രധാന കയറ്റുമതി വിഭവത്തിന്റെ കുത്തക നഷ്ടപ്പെട്ടു എന്നു കരുതി പരിഭ്രാന്തനായ മന്ത്രിയെ പണ്ട് സാമൂതിരി ആശ്വസിപ്പിച്ചുവത്രേ, കുരുമുളകുവള്ളിയല്ലേ ഇവിടുന്ന് എടുക്കാനാകു, നമ്മുടെ തിരുവാതിര ഞാറ്റുവേല ഇവിടെത്തന്നെയുണ്ടല്ലോ എന്ന്. അത് അന്തക്കാലകഥ.
ഇന്ന് ആരുണ്ട് തിരുവാതിര ഞാറ്റുവേല തിരിച്ചറിയുന്നവരായി ? തിരുവാതിരയെ അറിയുന്നവര്‍ തന്നെ ചുരുങ്ങിവരികയാണ്. പരക്കേ അറിയപ്പെടുന്ന തിരുവാതിര സ്കൂള്‍- കോളേജ് കലോത്സവങ്ങളിലെ വേദിയിലെത്തുന്ന കൈകൊട്ടിക്കളിയായി ചുരുങ്ങിയിരിക്കുന്നു.
ഇനി തിരുവാതിര ഞാറ്റുവേല പഴയ അതേ ഗമയില്‍ യഥാകാലം വരുന്നു എന്നിരിക്കട്ടെ, ആര്‍ക്കുണ്ട് അതിന്റെ സൗഭാഗ്യവര്‍ഷം പ്രയോജനപ്പെടുത്തി ഐശ്വര്യം കൈവരുത്താനുള്ള സമയവും സൗകര്യവും?
ഇതാണ് മലയാളി നേരിടുന്ന സ്വത്വപ്രതിസന്ധി. സ്വന്തം പൈതൃകവും സംസ്കാരവും അവയുടെ മൂല്യം അറിഞ്ഞുകൊണ്ട് കാത്തുസൂക്ഷിക്കാനും ആവശ്യാനുസരണം പുറത്തെടുക്കാനും മലയാളിക്ക് കഴിയുന്നില്ല. അവയുടെ പേരില്‍, സത്തുചോര്ന്നുപോയ തൊണ്ടുകള്‍ കൈവശം വെച്ചു നടക്കുന്നു. ധനുമാസത്തിലെ തുഞ്ചന്സമാധി ആചരിക്കാതെ ഫെബ്രുവരിയിലോ മാര്‍ച്ചിലോ തുഞ്ചന്‍ മഹോത്സവം ആഘോഷിച്ച് നാം തൃപ്തിയടയുന്നു. ആചാര്യന്റെ പവിത്രസ്മരണ ആഘോഷപ്പൊങ്ങച്ചത്തിന്നിടയില് മങ്ങിപ്പോകുന്നു.
ഭാഷ മരിക്കുകയാണോ എന്നു ആശങ്കപ്പെടേണ്ടിവരുന്നത്, ഭാഷ ഏതൊക്കെയോ ആശയങ്ങള്‍ കോരിയെടുക്കാനുള്ള തൊണ്ടായിമാത്രം മാറുമ്പോഴാണ്. ചൈതന്യവും പ്രസരിപ്പുമുള്ളതുമാവണം ഭാഷ. ചൈതന്യവത്തായ ഭാഷ, സ്വന്തം പൈതൃകവും സംസ്കാരവും നല്കുന്ന ഊര്‍ജ്ജം ഉള്‍ക്കൊണ്ട് സജീവവും സ്വാദിഷ്ഠവുമാകുന്നു. ആരുടെയെങ്കിലും കൈയില്‍നിന്നു ക്ലാസിക്കല്‍ പദവി കൈവരിച്ചതുകൊണ്ട് ഭാഷയ്ക്ക് പ്രസരിപ്പും തുടിപ്പും ഉണ്ടാവില്ല, അതുകിട്ടുന്നത് സ്വന്തം മണ്ണിലേക്ക് വേര് ആഴ്ന്നിറങ്ങുമ്പോഴാണ്. അങ്ങനെയുള്ള ഭാഷ ഏതാശയവും ഉള്‍ക്കൊള്ളാന്‍ പ്രകാശം പ്രസരിപ്പിക്കാനും കഴിവുള്ളതാകുന്നു.
മലയാളഭാഷയെ രക്ഷിക്കാനെന്തു ചെയ്യേണ്ടൂ എന്ന് ബുദ്ധിജീവികള്‍ തലപുകഞ്ഞ് ആലോചനകള്‍ നടത്തുന്ന പശ്ചാത്തലത്തിലാണ് തപസ്യ കോഴിക്കോട്ട് 35 -ാം വാര്‍ഷികം ആഘോഷിക്കുന്നത്. മലയാളം ഭൂമുഖത്തുനിന്ന് ഉടനെ അപ്രത്യക്ഷമായേക്കുമെന്നും, വീണ്ടിയുമായ് വന്ന് അതിനെ വീണ്ടെടുക്കേണമേ; എന്നു വിലപിക്കേണ്ട ഘട്ടമായെന്നും ആരും കരുതേണ്ട. എന്നുവച്ച് ഇന്നത്തെ നില ഇങ്ങനെ തുടര്‍ന്നുപോയാല്‍ മതി എന്ന അഭിപ്രായവും ഇല്ല. സ്കൂളുകളില്‍ മാതൃഭാഷാപഠനം നിര്‍ബന്ധമാക്കുക, സംസ്ഥാനത്തെ ഔദ്യോഗിക ഭാഷ മലയാളമാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നമ്മുടെ ഭാഷ വിസ്മൃതിയിലാണ്ടുപോകാതിരിക്കണമെന്ന് കരുതുന്നവര്‍ കുറേക്കാലമായി ഉന്നയിക്കുന്ന ഈ നിര്‍ദേശങ്ങള്‍ ശക്തമായി മുന്നോട്ടുവെയ്ക്കപ്പെട്ടുപോരുന്നുഎങ്കിലും ഇന്നും പ്രശ്നം അങ്ങനെത്തന്നെ കിടക്കുന്നു. മലയാളം വായിക്കാനോ എഴുതാനോ അറിഞ്ഞില്ലെങ്കില്‍പ്പോലും നമ്മുടെ നാട്ടില്‍ ഒരാള്‍ക്ക് ബിരുദവും ബിരുദാനന്തരബിരുദവും ക്ലാസുകളിലിരുന്ന് പഠിച്ച് നേടാനാവും; ഔദ്യോഗിക കുറിപ്പുകളും കത്തിടപാടുകളും സായിപ്പിന്റെ ഭാഷയില്ത്തന്നെയായാലേ ഗുമസ്ഥന്റേയും മേല്ഗുമസ്ഥന്റേയും മേലാവിമാരുടെയും അടുത്തു ചെലവാകൂ എന്ന നില തുടരുന്നു.
ഇവിടെയാണ് തപസ്യപോലുള്ള അനൗദ്യോഗിക സാംസ്കാരിക പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം ആവശ്യമായിവരുന്നത്. ഭാഷയെ തിരിച്ചറിയുക, നമ്മുടെ ഭാഷയുടെ വേരുകള്‍ നമ്മുടെ മനസ്സില്‍ ആഴത്തില്‍ വേരൂന്നിയിരിക്കുന്നു എന്നുറപ്പ് വരുത്തുക. ഭാഷാ സ്നേഹികളുടെ സമൂഹത്തിന് ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ നേതൃത്വം നല്കാന് സാംസ്കാരിക പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം. ഏതാനും വര്‍ഷം മുമ്പ് തപസ്യ തയാറാക്കി അന്നത്തെ സാംസ്കാരിക വകുപ്പു മന്ത്രി ജി.കാര്ത്തികേയന് സമര്‍പ്പിച്ച സാംസ്കാരിക നയത്തിന്റെ കരടുരേഖയില്‍ നല്‍കിയിരുന്ന ഊന്നല്‍ ഈ തരത്തിലായിരുന്നു.
തപസ്യ തുടങ്ങിയതുതന്നെ മലയാളത്തിലെ സാംസ്കാരിക ഭൂപടത്തില്‍ പാരമ്പര്യ ദേശീയമൂല്യങ്ങള്‍ അപ്രത്യക്ഷമാവുന്നു എന്നു തോന്നിപ്പിച്ചിരുന്ന ഒരു ഘട്ടത്തിലാണ്. മാധവ്ജി, പരമേശ്വര്‍ജി തുടങ്ങിയവരുടെ ആലോചനകളില്‍ നിന്ന്, തിക്കോടിയന്, കക്കാട് തുടങ്ങിയവരുടെ ആശിര്‍വാദത്തോടെ എംഎ സാര്‍ (എം.എ.കൃഷ്ണന്), വി.എം.കൊറാത്ത് എന്നിവര്‍ ചേര്‍ന്ന് രൂപം കൊടുത്ത ഈ പ്രസ്ഥാനം തുഞ്ചന്ദിനവും സഞ്ജയസ്മൃതിസദസ്സും വര്ഷാവര്ഷങ്ങളില് കൊണ്ടാടിപ്പോന്നത് പാരമ്പര്യങ്ങളില്‍ ഊന്നിനില്ക്കുന്ന വേരുകളിലേ ഭാഷയും സാഹിത്യവും വളര്‍ന്ന് പുഷ്കലമാവു എന്ന തിരിച്ചറിവിലാണ്.
അതോടൊപ്പം കേരളത്തിന്റെ നാടന്‍കലകള്‍ക്കും അന്യംനിന്നുപോകാവുന്ന കലാരൂപങ്ങള്‍ക്കും വേദിനല്‍കി. മറ്റൊന്ന് നമ്മുടെ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവല്കൃതമാക്കാന് തപസ്യ നടത്തുന്ന ശ്രമങ്ങളാണ്. ഈ ഉദ്ദേശ്യത്തോടുകൂടിയാണ് എല്ലാവര്‍ഷവും മിഥുനം കര്‍ക്കിടക മാസങ്ങളില്‍ നടത്തുന്ന വനപര്വപരിപാടി.
ഈ വര്‍ഷത്തെ വാര്‍ഷികപരിപാടിയുടെ ഊന്നല്‍ മാതൃഭാഷയ്ക്കുള്ള പ്രാധാന്യത്തിലാണ് എന്നത് തപസ്യയുടെ ഇത: പര്യന്തമുള്ള പ്രവര്‍ത്തനം നോക്കുമ്പോള്‍ സ്വാഭാവികമാണ്. ആശയപ്രകടനത്തിനുള്ള ഉപകരണം എന്നതിലുപരി, പതഞ്ജലി മഹര്‍ഷി പറയുന്നതുപോലെ ജന്മസാക്ഷാല്ക്കാരത്തിനുള്ള ഉപാധിയാണ് ഭാഷ എന്ന് തപസ്യ വിശ്വസിക്കുന്നു. മാതൃഭാഷയെ രക്ഷിക്കൂ എന്ന് നാടുമുഴുവന്‍ കേള്‍ക്കുന്ന മുറവിളിക്കൊപ്പം ഒച്ച കൂട്ടാന്‍ ഈ സാംസ്കാരിക വേദി ഉത്സാഹം കാട്ടുന്നില്ല. തിരുവാതിരഞ്ഞാറ്റുവേലയുടെ അന്തസ്സത്ത, തുഞ്ചത്താചാര്യന്റെ പവിത്രസ്മരണ ഇതൊക്കെയാണ് ഭാഷയെ സ്നേഹിച്ച് പരിലാളിക്കുന്നതിലൂടെ നാം നേടിയെടുക്കേണ്ടത്. നമ്മുടെ സാംസ്കാരിക നയത്തിന്റെ ദിശ എങ്ങോട്ടായിരിക്കണമെന്നത് സംബന്ധിച്ച തപസ്യയുടെ നിലപാട് അതത്രെ.
പി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: