കൊച്ചി: വൈചിത്ര്യംകൊണ്ടും ഉള്ളടക്കത്തിന്റെ പ്രത്യേകതകൊണ്ടും ഒരു തലമുറയെ ആകെ ഹരംപിടിപ്പിച്ച നോവലായിരുന്നു ‘അഗ്നിസാക്ഷി’യെന്ന് എം.കെ.സാനു അഭിപ്രായപ്പെട്ടു. ലളിതാംബിക അന്തര്‍ജനത്തിന്റെ 25-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് എറണാകുളം ബിടിഎച്ചില്‍ നടന്ന ഓര്‍മക്കൂട്ടായ്മ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഗ്നിസാക്ഷി എന്ന നോവല്‍ ആത്മീയമായി സ്പര്ശിക്കുന്നതരത്തിലുള്ള രീതിയിലാണ് എഴുതപ്പെട്ടിട്ടുള്ളത്. അത് ഉദാത്തകൃതികള്ക്കുള്ള ഒരു ഉദാഹരണമാണ്. സാഹിത്യകാരന്മാരുടെ കൃതികള്‍ കൂടുതലായി ജനങ്ങള്‍ അറിയുന്നില്ല എന്നതാണ് ഇപ്പോഴത്തെ സാഹിത്യകാരന്മാരുടെ പ്രധാന പരാതിയെന്നും അദ്ദേഹം പറഞ്ഞു.
അന്തര്‍ജനത്തിന്റെ കഥകളെല്ലാം സാര്‍വലൗകികമാണെന്ന് പുനത്തില്‍ കുഞ്ഞബ്ദുള്ള അഭിപ്രായപ്പെട്ടു. അവര്‍ മനുഷ്യരെക്കുറിച്ചാണ് പഠിച്ചത്. അതുതന്നെയാണ് എഴുതിയതും. പുരുഷന്മാരെയെല്ലാം ക്രൂരന്മാരായി ചിത്രീകരിക്കുന്ന എഴുത്തുകാരികളുള്ള ഈ കാലഘട്ടത്തില്‍ അന്തര്ജനത്തെപ്പോലുള്ളവരുടെ അഭാവം വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും പുനത്തില്‍ കുഞ്ഞബ്ദുള്ള പറഞ്ഞു.
അഗ്നിസാക്ഷി എന്ന സിനിമയ്ക്ക് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയപ്പോള്‍ അതിലെ കഥാപാത്രങ്ങളെല്ലാം തന്റെ മനസിലൂടെ ഓട്ടപ്രദക്ഷിണം നടത്തുന്നുണ്ടായിരുന്നുവെന്ന് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറഞ്ഞു. ചടങ്ങില്‍ ആശംസാപ്രഭാഷണം നടത്തുകയായിരുന്നു കൈതപ്രം. സാഹിത്യകാരന് കെ.എല്‍.മോഹനവര്‍മ അധ്യക്ഷതവഹിച്ച യോഗത്തില്‍ എം.കെ.ഹരികുമാര്‍, ടി.ദാമു, കെ.കെ.സരസമ്മ, സഹീറ തങ്ങള്‍, അമൃതരാജ് എന്നിവരും പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: