സാഗരഗര്‍ജനം ഓര്‍മയായെങ്കിലും ആ ഗര്‍ജനത്തിന്റെ നാനാവശങ്ങളിലേക്ക് വായനക്കാരെ ക്ഷണിക്കുകയാണ് ഇക്കഴിഞ്ഞവാരം പുറത്തിറങ്ങിയ വാരികകളും പത്രങ്ങളുടെ ഞായറാഴ്ചപ്പതിപ്പുകളും. ആവുന്നത്ര തരത്തില്‍ അത് പൊലിപ്പിക്കാനും വ്യാഖ്യാനിച്ച് തങ്ങളുടെ വഴിയിലേക്ക് കൊണ്ടുവരാനുമുള്ള ശ്രമങ്ങളെ നിങ്ങള്‍ക്ക് സ്വാഗതം ചെയ്യാം. ദ്വേഷിക്കാം, മേറ്റ്ന്തെങ്കിലും ആവണമെങ്കില്‍ അങ്ങനെയുമാവാം.
എന്നും വായനക്കാരുടെ പക്ഷത്താണെന്ന് ഒളിഞ്ഞും തെളിഞ്ഞും പറയാറുള്ള മാതൃഭൂമി ആഴ്ചപ്പതി(ഫിബ്ര.5)പ്പ് അതിന്റെ കവര്‍പേജ് പച്ചനിറത്തിലാക്കി നമ്മെ കുളിര്‍പ്പിക്കുകയാവാം. തനിക്കു പറ്റാത്ത ഒരു കളിക്ക് (ഫുട്ബോള്‍ എന്ന് തല്ക്കാലം പറയുക) ഉപയോഗിക്കുന്ന വസ്തുവുമായി അഴീക്കോട് സ്വതസിദ്ധമായി അങ്ങനെ ചരിഞ്ഞുനില്‍ക്കുന്ന ചിത്രമാണ് കൊടുത്തിരിക്കുന്നത്.
വായനക്കാരുടെ ചിരപരിചിത സുഹൃത്തുക്കളായ പ്രഗല്ഭര് തന്നെ അഴീക്കോടിനെ വിലയിരുത്തുന്നു. ബി.ആര്.പി. ഭാസ്കര്‍, ആഷാ മേനോന്, കെ.എസ്. രവികുമാര്‍, പുനലൂര്‍ രാജന്, കെ.ഇ.എന്‍, കല്‍പ്പറ്റ നാരായണന്, കടാങ്കോട്ട് പ്രഭാകരന്, വി.ആര്. സുധീഷ് എന്നിവരാണവര്‍. എന്നാല്‍ ഇതിനെക്കാളൊക്കെ ആകാംക്ഷയോടെ വായിക്കുക അഴീക്കോടിന്റെ കാമുകിയെന്ന് പറയപ്പെടുന്ന വിലാസിനി ടീച്ചറുടെ കുറിപ്പാവാം. അവരുടെ പ്രസിദ്ധം ചെയ്യാന്‍ പോകുന്ന ആത്മകഥയിലെ ഭാഗങ്ങളാണ് എടുത്ത് കൊടുത്തിരിക്കുന്നത്. പ്രണയത്തിന്റെ തരളവും ശക്തവും അല്‍ഭുതപ്പെടുത്തുന്നതുമായ ഒരു മുഖത്തെ നമുക്കിതില്‍ നിന്ന് വീണ്ടെടുക്കാം. ക്ലാസിക് പ്രണയങ്ങളില്‍ നിന്ന് കാലം കുതറിയോടി ഇന്റര്‍നെറ്റ് പ്രണയത്തിലെത്തിനില്ക്കുന്ന ഇന്നത്തെ കാലത്ത് ചിന്തിച്ചുപോകാന്‍ കൂടി പ്രയാസമുള്ളതാണ് വിലാസിനി ടീച്ചറുടെ വരികള്‍. പക്ഷേ, അതിലടങ്ങിയിരിക്കുന്ന പ്രസാദപൂര്‍ണമായ ആത്മാര്‍ത്ഥതയെയാണ് നാം നെഞ്ചേറ്റേണ്ടത്. അഴീക്കോട് എന്ന ഹിമാലയ ശൃംഗത്തിന്റെ മുമ്പില്‍ വിലാസിനി ടീച്ചര്‍ ഒന്നുമല്ലായിരിക്കാം. പക്ഷേ, അഴീക്കോട് സുകുമാരന്‍ എന്ന പച്ചമനുഷ്യന്റെ ഹൃദയത്തെ അവര്‍ പത്തരമാറ്റോടുകൂടി സൂക്ഷിച്ചുവെച്ചു എന്നതാണ് കാര്യം. കാലം എല്ലാ കടപ്പാടുകളും കര്‍മങ്ങളും മായ്ച്ചുകളയും എന്നു പറയാറുണ്ട്. എന്നാല്‍ കാലം മായ്ക്കുംതോറും ഇരട്ടി വേഗത്തില്‍ അത് രേഖപ്പെട്ടുകിടക്കുകയാണ് വിലാസിനി ടീച്ചറുടെ ഹൃദയത്തില്‍.
ആത്മകഥയിലെ മേപ്പടി അധ്യായത്തിന് കൊടുത്തിരിക്കുന്ന പേരില്‍ പോലുമുണ്ട് കാതരമായ പ്രണയത്തിന്റെ ചിറകടികള്‍. ചില്ലുജാലകത്തിനപ്പുറം തത്തിക്കളിക്കുന്ന ഒരു പ്രാവിന്റെ കുറുകല്‍പോലെ ഹൃദ്യമാണത്. ‘ചേരും നാം വീണ്ടും’ എന്ന തലക്കെട്ട് കാണുമ്പോള്‍ ഇവര്‍തന്നെയല്ലേ ചേരേണ്ടിയിരുന്നത് എന്ന് വെറുതെ ആശിച്ചുപോവുന്നു. പെണ്ണുകാണല്‍ ചടങ്ങിനുശേഷം ടീച്ചര്‍ക്ക് അഴീക്കോട് അയച്ച കത്തുകളെപ്പറ്റി പറയുമ്പോള്‍ ടീച്ചറുടെ വികാരം ശ്രദ്ധിക്കുക: കത്തുകളില്‍ ചൂടും തണുപ്പുമുണ്ടായിരുന്നു. ചൂടുകാലത്ത് അത് കുളിരുതന്നു. തണുപ്പുകാലത്ത് ചൂടും. കത്തുകളിലൂടെ ഞങ്ങള്‍ ഇണങ്ങുകയും പിണങ്ങുകയും ചെയ്തു. ഭാവി ജീവിതത്തെപ്പറ്റിയുള്ള ആശങ്കകളും പ്രത്യാശകളും ഞങ്ങള്‍ കൈമാറി. എനിക്കുകിട്ടിയ ഓരോ കത്തും ഓരോ ചെറുപുസ്തകമായിരുന്നു. മറുപടി എഴുതാന്‍ വാക്കുകള്‍ കിട്ടാതായി. പദദാരിദ്ര്യം എന്നെ വല്ലാതെ വിഷമിപ്പിച്ചു. ഹൃദയത്തില്‍ നിറയെ വാക്കുകളായിരുന്നിട്ടുകൂടി, അവ പുറത്തേക്കു വരാന്‍ കൂട്ടാക്കാതെ മറഞ്ഞു നിന്നു. അങ്ങനെ മറഞ്ഞുനിന്ന പ്രണയം തന്റെ നാഥനെ മരുന്നുഗന്ധമുള്ള ഒരു മുറിയില്‍ നിസ്സഹായനായി കിടത്തിയപ്പോള്‍ വിലാസിനി ടീച്ചര്‍ ചെന്നു, കണ്ടു. ആ സാഗരഗര്‍ജനത്തിന്റെ അവസാന നാഡിമിടിപ്പ് അടുത്തുവരുമ്പോഴും എങ്ങനെയെങ്കിലും അടക്കി നിര്‍ത്താന്‍ ടീച്ചര്‍ പ്രത്യാശിച്ചു. അതിന്റെ താരള്യത്തില്‍ വിലാസിനി ടീച്ചര്‍ മതിമറന്നുനില്‍ക്കെ ഇങ്ങനെയൊരു ചെറുസംസാരമുണ്ടായി: “എന്നെപ്പറ്റി നിന്റെ മനസ്സിലുള്ള വിഷമങ്ങളൊക്കെ മാറിയോ?” “അതൊക്കെ എന്നേ മാഞ്ഞുപോയി… ” “എനിക്ക് ആകാശത്തില്‍ ഉയര്ന്നുപൊങ്ങിപ്പറന്നുപോകാന് നീ സഹായിക്കണം.”
ഒടുവില്‍ തത്വമസിയുടെ ഉള്‍പ്പൊരുള്‍ അറിഞ്ഞ ആ ആത്മാവ് ആകാശത്തേക്കു പറക്കുമ്പോള്‍ നിശ്ചയമായും ടീച്ചറുടെ മനസ്സും ഉണ്ടായിക്കാണും. അതിനെക്കാള്‍ പ്രധാനപ്പെട്ട സംഗതി, വിലാസിനി ടീച്ചറെപ്പോലെ അഴീക്കോടിന്റെ ഉള്ളും പ്രണയത്താല്‍ സമൃദ്ധമായിരുന്നു എന്നതാണ്. അതൊരു പ്രത്യേകരസമാണ്. തന്റെ പ്രണയം തിരിച്ചറിയാത്ത വ്യക്തിക്കായി ഹൃദയം കരുതിവെക്കുക. അത് അറിയിക്കാതിരിക്കുക. അഹം ബ്രഹ്മാസ്മിയിലൂടെ തത്വമസി പറയാന്‍ സാധിച്ച ആ മനീഷിയ്ക്ക് എന്തൊക്കെയാണ് ആയിത്തീരാനാവാത്തത്! ഏതു പ്രഗല്ഭന് എഴുതിയതിനെക്കാളും ഉള്‍ക്കാമ്പുള്ളതാണ് ‘ചേരും നാം വീണ്ടും’ . ലക്ഷോപലക്ഷം സഹൃദയരുടെ മനസ്സില്‍ അവര്‍ ചേര്‍ന്നുകഴിഞ്ഞു.
കറുത്തപശ്ചാത്തലത്തില്‍ അഴീക്കോടിന്റെ മുഖത്തിന്റെ പാര്‍ശ്വവീക്ഷണം ആലേഖനം ചെയ്ത ചിത്രമാണ് മാധ്യമം ആഴ്ചപ്പതി(ഫെബ്രു. 6)പ്പിന്റേത്. പുനഃപ്രകാശനം ഉള്‍പ്പെടെയുള്ള രചനകളാണ് മാധ്യമം പുറത്തുവിടുന്നത്. ഒറ്റയ്ക്ക് നടന്ന സിംഹം എന്ന പി.കെ. പാറക്കടവിന്റെ തുടക്കം ഒരു പ്രത്യേക രസാനുഭൂതി നല്കുന്നു. സിംഹം ഒറ്റയ്ക്കല്ലായിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്ന് വായനക്കാര്‍ക്ക് ചിന്തിക്കാന്‍ വിട്ടുകൊടുക്കുമ്പോഴും വെറുതെ ചിന്തിക്കല്ലേ എന്നാണ് പാറക്കടവ് പറയുന്നത്. അബ്ദുള്‍വഹാബ് അല്ബയാത്തിയുടെ ഒരു കവിത ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം അവസാനിപ്പിക്കുന്നത്. എന്റെ വാക്കുകള്‍ക്ക് വയസ്സാവുകയില്ല, എന്റെ വാക്കുകള്‍ തോല്‍പ്പിക്കപ്പെടുകയില്ല, എന്റെ വാക്കുകള്‍ തുറമുഖത്ത്, ഒരു യാത്രക്കായി കാത്തിരിക്കുന്നു എന്നാണ് കവിത. അതെ, മറ്റൊരു യാത്രക്കായി അഴീക്കോടിന്റെ ആത്മാവും ലക്ഷോപലക്ഷം തുറമുഖങ്ങളില്‍ കാത്തിരിക്കുകയാവും. ആത്മാവിന്റെ കുപ്പായം അഴിഞ്ഞുവീണാല്പിന്നെ ഒരു നിയമത്തിന്റെയും പിണിയാളായി അതിന് നില്‍ക്കാനാവില്ല. കുപ്പായമുള്ളപ്പോള് പോലും അഴീക്കോട് അങ്ങനെയായിരുന്നുവെന്ന് നമുക്കറിവുള്ളതല്ലേ?
മറ്റു പലതിനുമാണ് പ്രാധാന്യമെങ്കിലും മറന്നിട്ടില്ല ഇന്ത്യാ ടുഡെ അഴീക്കോടിനെ. ബൗദ്ധിക വ്യായാമം മാത്രം ദൗത്യമെന്നു കരുതിയ ദന്തഗോപുര ബുദ്ധിജീവികളില്‍ നിന്നും വേറിട്ട മനുഷ്യനായിരുന്നു എന്നാണ് രാധാകൃഷ്ണന് എം. ജി (ഫെബ്രു.8) എഴുതുന്നത്. മൊടകണ്ടാല്‍ ഇടപെട്ട ഒരാള്‍ എന്നാണ് തലക്കെട്ട്. ജാഡ ചുരമാന്തുന്നതിന് തെക്കന്‍ പ്രദേശങ്ങളിലെ പ്രയോഗമാണ് മൊട. മലയാളിയുടെ (ചുരുക്കണ്ട, വിശാലമായിത്തന്നെ) മൊടയെ ഉടച്ചു വാര്‍ക്കാന്‍ കച്ചകെട്ടി ഇറങ്ങിയ അഴീക്കോടിന് പകരക്കാരനില്ലെന്നതാണ് നമ്മെ എപ്പോഴും അസ്വസ്ഥപ്പെടുത്തുന്നത്. പ്രശസ്തനായ അഭിഭാഷകന്റെ ഒരു പത്രത്തിലെ ലേഖനത്തിന്റെ തലക്കെട്ട് തന്നെ അന്വര്‍ഥമാണ്, പകരക്കാരനില്ലാത്ത അമരക്കാരന്. പലരും അമരക്കാരായി വരാം. എന്നാല്‍ അഴീക്കോടിന് പകരക്കാരന് അഴീക്കോട് മാത്രം. രാധാകൃഷ്ണന് പറയുന്നത് നോക്കുക: ഉപനിഷദ് ദര്‍ശനം, പാശ്ചാത്യ-പൗരസ്ത്യ സാഹിത്യ സൗന്ദര്യശാസ്ത്രം, ഗാന്ധിയന്‍ ദര്‍ശനം, രാജ്യതന്ത്രം, രാഷ്ട്രമീമാംസ, മൂല്യപരിണാമം, പരിസ്ഥിതി എന്നിവ തുടങ്ങി കക്ഷിരാഷ്ട്രീയത്തിലും പാര്‍ട്ടി ഗ്രൂപ്പ് വഴക്കിലും സൂപ്പര്‍താരത്തിന്റെ വിഗ്ഗിലും സച്ചിന് തെന്‍ഡുല്‍ക്കറുടെ ബാറ്റിങ്ങിലും വരെ എല്ലാറ്റിലും ഇടപെടാന്‍ അഴീക്കോടിനേ സാധിക്കൂ. സാധകം ചെയ്ത സ്വത്വത്തിന്റെ സാധ്യതകള്‍ അറിയുന്ന ആ അമാനുഷിക വ്യക്തിത്വത്തിന് ആര് പകരക്കാരന്?
അക്ഷരസൂര്യന്റെ വേര്‍പാട് എന്നാണ് കേരളശബ്ദം വാരിക (ഫെബ്രു. 12) പറയുന്നത്. പ്രദീപ് ഉഷസ്സിന്റേതാണ് രചന. അഴീക്കോടിന്റെ ജീവിതത്തിലൂടെ ഒരു കേരളശബ്ദം സ്റ്റെയില്‍ ഓട്ടപ്രദക്ഷിണമായേ ഇത് തോന്നൂ. മലയാളം, കലാകൗമുദി, ദേശാഭിമാനി തുടങ്ങിയവയൊക്കെ ആത്മശക്തിയുടെ ഭീഷ്മപിതാമഹനായ അഴീക്കോടിനെ ഉജ്വലമായി സ്മരിച്ചിരിക്കുന്നു. പലര്‍ക്കും കിട്ടാത്ത ഈ ആദരത്തിനും പകരക്കാരനില്ല. മുഖപ്രസംഗഭാഗം ഒഴിച്ചിട്ടുകൊണ്ടാണ് മലയാളം വാരികയുടെ ആദരാഞ്ജലി; സമുചിതം, ഉജ്വലം!
കാര്‍ട്ടൂണീയം
സാധാരണക്കാര്‍ക്ക് മനസ്സിലാകാത്തതാണ് ബഹിരാകാശ രഹസ്യങ്ങള്‍. അത് താക്കോല്‍ കൊണ്ട് തുറന്ന് കാര്യം കാണുന്നവരുടെ സ്ഥിതിയിലും അങ്ങനെ തന്നെ. ഏതാണ്ടൊക്കെ സംഭവിക്കുന്നു എന്നാണ് ജി. മാധവന് നായര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു നേരെയുള്ള കേന്ദ്രസര്‍ക്കാര്‍ വിലക്കു സൂചിപ്പിക്കുന്നത്. ഇതിനെക്കുറിച്ച് ജനു. 31ന് ദ ഹിന്ദുവില്‍ കേശവിന്റെ കാര്‍ട്ടൂണ്‍. ബഹിരാകാശരംഗം മാത്രമല്ല എല്ലാരംഗത്തും അങ്ങനെ തന്നെ.
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: