ഭസ്മാസുരന് എന്നാല്‍ അതിക്രൂരനായ ഒരു അസുരന്. ചെയ്യാത്ത കുണ്ടാമണ്ടികളൊന്നുമില്ല. അതുകൊണ്ടൊന്നും പോരാഞ്ഞാണ് അവര്‍ മഹേശ്വരനെ തപസ്സ് ചെയ്തത്. എതിരാളികളെ ചുട്ടുകരിക്കാനുള്ള വരമായിരുന്നു ഇഷ്ടന്റെ ആവശ്യം. ഒടുവില്‍ തപസ്സ് ജയിച്ചു; മഹേശ്വരന് പ്രത്യക്ഷപ്പെട്ടു; വരവും കിട്ടി. ഭസ്മാസുരന് ചൂണ്ടുവിരല്‍കൊണ്ട് ആരെ തൊട്ടാലും അവര്‍ കത്തിയമരും. പക്ഷെ, വരശക്തി പരീക്ഷിക്കാന്‍ അസുരന് തെരഞ്ഞെടുത്തത് സാക്ഷാല്‍ ഭഗവാനെത്തന്നെ. മഹേശ്വരന് ജീവരക്ഷക്കായി പരക്കം പാഞ്ഞു. ഒടുവില്‍ മോഹിനി വേഷത്തില്‍ ഭഗവാന് വിഷ്ണുവെത്തിയാണ് മഹേശ്വരനെ തഞ്ചത്തില്‍ രക്ഷപ്പെടുത്തിയതെന്ന് കഥ. കഥയുടെ ഗുണപാഠം അറിയാനാഗ്രഹിക്കുന്നവര്‍ ആന്റിബയോട്ടിക് മരുന്നുകളുടെ ഇന്നത്തെ അവസ്ഥ അറിയുക.
അതിനിപ്പോള്‍ ആന്റിബയോട്ടിക് മരുന്നുകള്‍ക്ക് എന്ത് സംഭവിച്ചു? മരുന്നുകള്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ല. പക്ഷേ അവയ്ക്ക് ശക്തി ക്ഷയിച്ചു. ഏത് സൂക്ഷ്മാണുക്കളെ കൊല്ലാനാണോ അവയെ ജനിപ്പിച്ചത്, ആ സൂക്ഷ്മാണുക്കള്‍ മരണത്തെ ജയിച്ചിരിക്കുന്നുവെന്ന് സാരം. ഫലം മരുന്നുകള്‍ ഫലിക്കുന്നില്ല. രോഗികള്‍ മരിക്കുന്നു. അതിനിടെ രോഗങ്ങളെ നേരിടാന്‍ മറ്റുമാര്‍ഗമില്ലാതെ വൈദ്യശാസ്ത്രം പകച്ചുനില്‍ക്കുന്നു. ഒപ്പം അതിശക്തരായ ബാക്ടീരിയകള്‍ ജനിച്ചുകൊണ്ടുമിരിക്കുന്നു. പത്തും പന്ത്രണ്ടും ആന്റിബയോട്ടിക്കുകള്‍കൊണ്ട് ഒരുമിച്ചടിച്ചാല്‍ പോലും കുലുങ്ങാത്ത ചിമിട്ടന് സൂപ്പര്‍ ബഗ്ഗുകള്‍.
ആന്റിബയോട്ടിക്കുകളെ ആദ്യമായി കണ്ടെത്തിയത് 1928 ലാണ്. നോബല്‍ ജേതാവും പ്രസിദ്ധ സൂക്ഷ്മാണു ശാസ്ത്രജ്ഞനുമായ അലക്സാണ്ടര്‍ ഫ്ലെമിങ്ങിന്റെതായിരുന്നു ചരിത്രം സൃഷ്ടിച്ച ആ കണ്ടെത്തല്‍. തുടര്‍ന്ന് സ്വാഭാവികമായും കൃത്രിമമായും ഒട്ടേറെ ആന്റിബയോട്ടിക്കുകള്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ടു. അമിനോ ഗ്ലൈക്കോസൈഡ്, സെഫലോസ്പോറിന്, പെനിസിലിന്, ടെട്രാസൈക്ലിന്‍ എന്നീ വിഭാഗങ്ങളിലായിട്ടായിരുന്നു അവയുടെ ജനനം. ടെട്രാസൈക്ലിന്‍, ആംപിസിലിന്, സ്ട്രെപ്റ്റോ മൈസിന്, എരിത്രോമൈസിന്‍, ജെന്റാമൈസിന്‍ തുടങ്ങിയ പേരുകളില്‍ അവ ചിരപരിചിതങ്ങളായി.1942 ല്‍ ‘സെല്മാന് വാക്സ്വാന്‍’ ആണ് ആന്റിബയോട്ടിക് എന്ന പദം ആദ്യമായി രൂപപ്പെടുത്തിയത്.
രോഗപീഡകള്‍കൊണ്ട് ലക്ഷക്കണക്കിന് മനുഷ്യര്‍ പിടഞ്ഞുമരിച്ചിരുന്ന ഒരു കാലഘട്ടത്തിലാണ് ഒരു വരദാനംപോലെ ആന്റിബയോട്ടിക്കുകള്‍ അവതരിച്ചത്. മനുഷ്യവര്‍ഗത്തിനെതിരെ ഭീഷണി ഉയര്‍ത്തിയ ബാക്ടീരിയല്‍ രോഗങ്ങളെ അവ നിഷ്കരുണം വെട്ടിനിരത്തി. ആ കരുത്തില്‍ വൈദ്യലോകം അഹങ്കരിച്ചു. പക്ഷേ ആ അഹങ്കാരം നീണ്ടുനിന്നത് ഏതാനും ദശകങ്ങള്‍ മാത്രം.
കാലക്രമത്തില്‍ ബാക്ടീരിയകള്‍ സംഘടിച്ചു. മരുന്നുകളുമായുള്ള പോരാട്ടത്തില്‍ നാടുവിട്ടവരും കൂട്ടം തെറ്റിയവരുമെല്ലാം മരുന്നുകള്‍ക്കെതിരെ പ്രതികരിച്ചു. ശക്തി സംഭരിച്ചു. വീര്യം കൂടിയ വിഘടിത ജീനുകളെ അവ പരസ്പ്പരം കൈമാറി. അതോടെ പല രോഗങ്ങളേയും ചെറുക്കാനുള്ള ആന്റിബയോട്ടിക്കുകളുടെ ശേഷി കുത്തനെ കുറഞ്ഞു. പല മാരകരോഗങ്ങള്‍ക്കും ആന്റിബയോട്ടിക്കുകള്‍ മാത്രമേ ചികിത്സകനായുണ്ടായിരുന്നുള്ളൂ. അവയ്ക്ക് പകരം വയ്ക്കാന്‍ മരുന്നുകളുണ്ടായിരുന്നില്ല. അതോടെ സ്ഥിതി ഗുരുതരമായി. ആന്റിബയോട്ടിക് റസിസ്റ്റന്റ്സ് അഥവാ പ്രതിരോധം ആരോഗ്യ പ്രവര്‍ത്തകരുടെ പേടിസ്വപ്നമായി. (ആന്റിബയോട്ടിക് ആക്രമണത്തിനു വിധേയമായിട്ടും ജീവന് നിലനിറുത്താന്‍ കഴിഞ്ഞ ബാക്ടീരിയ മരുന്നുകളോട് കാണിക്കുന്ന നിഷേധത്തെയാണ് ആന്റിബയോട്ടിക് റസിസ്റ്റന്‍സ് എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്)
കൃത്രിമമായോ വിശേഷവിധിയായോ ജനിതകമാറ്റം സംഭവിക്കുമ്പോഴാണ് ഒരു സൂക്ഷ്മജീവിയ്ക്ക് പ്രതിരോധശേഷി കൈവരുക. ജനിതകമാറ്റം സംഭവിച്ച ജീനുകളെ ഇതര സൂക്ഷ്മാണുക്കളിലേക്ക് കൈമാറ്റം ചെയ്യാനുള്ള ശേഷിയും അവയ്ക്ക് ലഭിക്കും. പല ജീനുകളേയും ചുമക്കുന്ന ബാക്ടീരിയകള്‍ക്ക് ഒട്ടേറെ ആന്റിബയോട്ടിക്കുകളെ ചെറുക്കാനുള്ള കരുത്തും ലഭിക്കും. അവയ്ക്ക് ‘മള്‍ട്ടി ഡ്രഗ് റസിസ്റ്റന്റ്’ അഥവാ ‘എംഡിആര്‍’ ബാക്ടീരിയ എന്നത്രെ വിളിപ്പേര്.
പല രീതികളിലാണ് ആന്റിബയോട്ടിക്കുകള്‍ ബാക്ടീരിയകളെ ചിത്രവധം നടത്തുന്നത്. പെനിസിലിന്, ബാക്ടീരിയയുടെ കോശഭിത്തിനിര്‍മാണം തടയും. ടെട്രാസൈക്ലിന്‍ നിലനില്പ്പിനാവശ്യമായ പ്രോട്ടീന്‍ നിര്‍മിക്കുന്നതില്‍നിന്ന് അവയെ വിലക്കും. സിപ്രോഫ്ലോക്സാസിനാവട്ടെ, ബാക്ടീരിയയുടെ ജനിതക വിഭജനത്തെയാണ് തടയുക. പക്ഷേ നിഷേധികളായ ബാക്ടീരിയകള്‍ ഇവയൊക്കെ സമര്‍ത്ഥമായി ചെറുക്കാന്‍ പ്രാപ്തരാണ്. അവ ആന്റിബയോട്ടിക്കുകളെ വിഘടിച്ച് നിര്‍വീര്യമാക്കുന്ന എന്‍സൈമുകളെ സൃഷ്ടിക്കും, തങ്ങളുടെ ശരീരത്തില്‍ പ്രവേശിച്ച ആന്റിബയോട്ടിക്കിനെ അടിച്ചു പുറത്താക്കും.
ആന്റിബയോട്ടിക്കുകള്‍ ലക്ഷ്യംവെച്ച ഉപാപചയ പ്രവര്‍ത്തനങ്ങളുടെ വഴികള്‍ മാറ്റിമറിച്ച് വഴിതെറ്റിക്കുകയാണ് മൂന്നാമതൊരു പറ്റം നിഷേധികളുടെ തന്ത്രം.
ഈ ദുഃസ്ഥിതിക്ക് ഡോക്ടര്‍മാരും രോഗികളും ഒരേപോലെ ഉത്തരവാദികളാണ്. ജലദോഷത്തിനും തുമ്മലിനും പോലും ആന്റിബയോട്ടിക് വേണമെന്ന് നിര്‍ബന്ധിക്കുന്ന മനുഷ്യര്‍; അസുഖം അല്‍പ്പം കുറഞ്ഞാലുടന്‍ ആന്റിബയോട്ടിക് തോന്നുംപടി നിറുത്തിക്കളയുന്ന രോഗികള്‍; തൊട്ടതിനും പിടിച്ചതിനുമൊക്കെ ആന്റിബയോട്ടിക് കുറിക്കുന്ന ഡോക്ടര്‍മാര്‍; യാതൊരു കുറിപ്പും കൂടാതെ മരുന്ന് വാരിവില്‍ക്കുന്ന വ്യാപാരികള്‍. ഈ അവസ്ഥയ്ക്ക് ഇവരൊക്കെ ഉത്തരവാദികള്‍.
ഇന്ത്യയില്‍ ചികിത്സ തേടിയെത്തുന്ന വയറിളക്കരോഗങ്ങളില്‍ 90 ശതമാനവും സംഭവിക്കുന്നത് വൈറസ് ബാധ മൂലം. പക്ഷേ രോഗിക്ക് നിര്‍ബന്ധമായും ആന്റിബയോട്ടിക് നല്‍കിയേ തീരൂവെന്നാണ് നമുക്ക് വാശി. വീട്ടുപയോഗത്തിനുള്ള സോപ്പുകളില്‍ കലക്കിച്ചേര്‍ക്കുന്ന ആന്റി ബാക്ടീരിയല്‍ മരുന്നുകളും കോഴിത്തീറ്റയിലും കാലിത്തീറ്റയിലും ഒഴിച്ചുകൂട്ടുന്ന മരുന്നുമൊക്കെ പ്രകൃതിയിലൂടെ മനുഷ്യരിലെത്തുന്നുവത്രെ. പശുക്കളുടെ വിസര്‍ജനത്തിലൂടെയും പശുവിന്റെ പാലിലൂടെയും കോഴിയുടെ മുട്ടയിലൂടെയുമൊക്കെ അവ നമ്മെ തേടിയെത്തുന്നു. അങ്ങനെ അവയൊക്കെ നിഷേധികളായി രൂപാന്തരം കൈവരിക്കുന്നു. അതിന്റെ മുഖ്യകാരണമാവട്ടെ അമിതമായ ആന്റിബയോട്ടിക് ഉപയോഗവും.
ആന്റിബയോട്ടിക്കുകളുടെ അമിത ശക്തിയില്‍ നെടുകാലം മയങ്ങി നിന്ന വൈദ്യശാസ്ത്രം ബദല്‍ മരുന്നുകള്‍ വികസിപ്പിച്ചെടുക്കുന്ന കാര്യം ഓര്‍മിച്ചതേയില്ല. അവയ്ക്കെതിരെ പ്രതിരോധ മരുന്നുകള്‍ വികസിപ്പിച്ചെടുക്കുകയാണത്രെ ഇപ്പോള്‍ നമുക്ക് മുന്നിലുള്ള പോംവഴി. പക്ഷേ ഏറെ സമയമെടുക്കും അതിന്. ബാക്ടീരിയയെ കൊന്നുതിന്നുന്ന വൈറസുകളായ ‘ബാക്ടീരിയ ഫേജു’കളെ രംഗത്തിറക്കാനുമുണ്ട് നിര്‍ദ്ദേശം. അടിയന്തര നടപടിയെന്ന നിലയില്‍ പല രാജ്യങ്ങളും ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം നിയമംമൂലം നിയന്ത്രിച്ചു കഴിഞ്ഞു. ഇതേ കാര്യത്തില്‍ 2011 ഒക്ടോബറില്‍ 40 രാജ്യങ്ങളില്‍നിന്നുള്ള വിദഗ്ദ്ധരാണ് ദല്‍ഹിയില്‍ ഒത്തുചേര്‍ന്നത്.
ആശുപത്രികള്‍ തനതായ ഇന്ഫക്ഷന് കണ്ട്രോള് നയത്തിന് രൂപം നല്‍കണമെന്നതായിരുന്നു അവരുടെ പ്രധാന നിര്‍ദ്ദേശം. അതിനിടെ കേന്ദ്ര ആരോഗ്യമന്ത്രാലയം ദേശീയ ആന്റിബയോട്ടിക് നയത്തിന് രൂപം നല്‍കിക്കഴിഞ്ഞു. നിഷേധികളായ സൂക്ഷ്മാണുക്കളെ ഒതുക്കാന്‍ വീണ്ടും വീണ്ടും അതിശക്തമായ ആന്റിബയോട്ടിക്കുകള്‍ പ്രയോഗിക്കുന്നത് ശരിയല്ലെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. അത് പ്രതിരോധം കൂടുതല്‍ ശക്തമാക്കാന്‍ ബാക്ടീരിയകളെ പ്രേരിപ്പിക്കും. ഫലം വന്‍ അപകടം.
2006 ല്‍ പശ്ചിമബംഗാളിലെ ആനിമല്‍ ആന്റ് ഫിഷറീസ് യൂണിവേഴ്സിറ്റി മാരക രോഗാണുവായ എസ്ചെറീഷ്യ കോളെയുടെ 14 ജാനസുകളെ പശുവിന്റെ ചാണകത്തില്‍നിന്നു കണ്ടെടുത്ത വാര്‍ത്തയും ഇതിനൊപ്പം കൂട്ടി വായിക്കുക. അതില്‍ 10 ജാനസുകളും ഒന്നല്ലെങ്കില്‍ മറ്റൊരു ആന്റിബയോട്ടിക് മരുന്നിനോട് പ്രതിരോധം നേടിക്കഴിഞ്ഞവയായിരുന്നുവെന്നും അറിയുക. എന്നുകരുതി ആന്റിബയോട്ടിക് മരുന്നുകളുടെ വിതരണം നിയന്ത്രിക്കുന്നതിലുമുണ്ട് അപകടം.
സ്ഥിതി ഭയാജനകമാണ്. വളരെ ശ്രദ്ധയോടെ വേണം ഈ അവസ്ഥയെ കൈകാര്യം ചെയ്യാന്‍. മഹേശ്വരന് ഭസ്മാസുരന് വരം നല്കിയപ്പോള് രക്ഷിക്കാന്‍ മോഹിനി വേഷധാരിയായ ഭഗവാന് വിഷ്ണുവുണ്ടായിരുന്നു. പക്ഷെ വിറളിപിടിച്ച ബാക്ടീരിയകള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ അത്തരമൊരു മോഹിനിയെ കാണാമറയത്തുപോലും കാണ്മാനില്ല.
ഡോ. അനില്‍കുമാര്‍ വടവാതൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: