പ്രസിദ്ധീകരണത്തിനായി ആത്മകഥ ബാക്കി വച്ചിട്ടാണ് അക്ഷരലോകത്ത് ചരിത്രമായി മാറിയ കെ.ആര്.രാജന് വിട പറഞ്ഞത്. പ്രൊഫ.എം.കെ.സാനുവിനെക്കൊണ്ട് അവതാരിക എഴുതിച്ചശേഷം പ്രകാശനം ചെയ്യുവാനായിരുന്നു കാത്തിരുന്നതെങ്കിലും കര്‍മകാണ്ഡത്തിലെ നിയോഗം മറ്റൊന്നായിരുന്നു.
സംഭവബഹുലമായ ഔദ്യോഗിക ജീവിതത്തില്‍ എറണാകുളത്തിന് അക്ഷരലോകത്ത് സ്വന്തമായ മേല്‍വിലാസമെഴുതി ലോകത്തിന് മാതൃകയായി ചരിത്രമായി മാറിയപ്പോഴും അതിന്റെ ആഹ്ലാദത്തിനൊപ്പം സമഗ്രമായ പൂര്‍ത്തീകരണ സങ്കല്‍പ്പത്തിനുണ്ടായ തടസ്സത്തില്‍ അദ്ദേഹത്തിന് ദുഃഖമുണ്ടായിരുന്നു.
എറണാകുളത്തിന്റെ ജില്ലാ കളക്ടറായി രണ്ടാംവട്ടം 1987 ല്‍ എത്തിയപ്പോഴാണ് ലോകത്തിന് മാതൃകയായ വികസന സങ്കല്‍പ്പം കര്‍മപഥത്തില്‍ എത്തിക്കുന്നത്. ജില്ലയിലെ ദരിദ്ര നാരായണന്മാരുടെ ഇടയിലും കുടിലുകളിലും വനവാസികള്‍ക്കിടയിലും അക്ഷരത്തിന്റെ വെളിച്ചം എത്തിക്കുക എന്നതിനൊപ്പം തന്നെ സമഗ്രമായ വികസന സ്വപ്നവും അദ്ദേഹത്തിനുണ്ടായിരുന്നു. നിരക്ഷരതയില്‍നിന്നും അക്ഷരവെളിച്ചത്തിലേയ്ക്ക്. സാക്ഷരതയില്നിന്നും സമ്പൂര്‍ണ്ണ ആരോഗ്യത്തിലേയ്ക്ക്. ഭൂരഹിതരായ എല്ലാവര്ക്കും വീട്, തൊഴില്‍രഹിതരായ എല്ലാവര്ക്കും തൊഴില്‍. അതിലൂടെ സ്വയം പര്യാപ്തത കൈവരിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം.
സാക്ഷരതാ പ്രസ്ഥാനം ഏതെങ്കിലും സംഘടന ഉണ്ടാക്കിയതല്ല ജനങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച് നടപ്പിലാക്കിയ പ്രസ്ഥാനമാണ്. സ്വാതന്ത്ര്യത്തിനുശേഷം നാല് പതിറ്റാണ്ടുകാലം വയോജന വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കിയെങ്കിലും കോടികള്‍ പാഴാക്കി എങ്ങുമെത്താതെ പോവുകയായിരുന്നു. ഇതിന് സാര്‍വത്രികമായ മാറ്റം ഉണ്ടാക്കുവാന്‍ ലോകത്തെങ്ങും നടപ്പാക്കാത്ത പരിഷ്ക്കാരമായിരുന്നു സമ്പൂര്‍ണ്ണ സാക്ഷരതാ പദ്ധതി. സര്‍ക്കാര്‍ സംവിധാനം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സംഘടനകള്‍, ജനങ്ങള്‍ എല്ലാവരും സടകുടഞ്ഞെഴുന്നേറ്റു. ജില്ലയില്‍ രണ്ട് ലക്ഷത്തോളം നിരക്ഷരര്‍, 25 ലക്ഷത്തോളം വരുന്ന ജനാവലി പ്രത്യക്ഷമായും പരോക്ഷമായും പ്രസ്ഥാനത്തെ ഏറ്റെടുത്തു. ജനങ്ങള്‍ ക്ലേശങ്ങള്സഹിച്ച് പദ്ധതി തങ്ങളുടെ ആത്മാവിലേറ്റി. പദ്ധതിയുടെ വിജയം ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുകയും അഭിന്ദന പ്രവാഹങ്ങളാല്‍ വീര്‍പ്പ് മുട്ടുകയും ചെയ്തപ്പോഴും രാജന്റെ മനസ്സില്‍ ഇനിയും പൂര്‍ത്തിയാക്കേണ്ട സ്വപ്നങ്ങളായിരുന്നു. 1989 ജനുവരി 26 ന് ആരംഭിച്ച പ്രസ്ഥാനം 1990 ജനുവരി 26 ന് ഒരുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം ഫെബ്രുവരി നാലിനായിരുന്നു ഉണ്ടായത്. എറണാകുളം രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ സാക്ഷരതാ ജില്ലയായി മാറി.
എന്നാല്‍ സാക്ഷരതാ പ്രസ്ഥാനത്തിന്റെ നേട്ടവും അംഗീകാരവും ലക്ഷക്കണക്കിന് രൂപയും ഒരു പ്രസ്ഥാനം ഹൈജാക്ക് ചെയ്ത കാര്യവും കെ.ആര്.രാജന് ദുഃഖത്തോടെ സ്മരിച്ചു. സാക്ഷരതാ പ്രവര്‍ത്തനം എന്ന നിസ്വാര്ത്ഥത്തിന് കൂലി കൊടുക്കാതെ എല്ലാവരും പ്രവര്‍ത്തിക്കണം എന്ന സാഹചര്യത്തില്‍ ഒരു സ്വകാര്യസംഘടന സ്വന്തം ആള്‍ക്കാരെ ശമ്പളം കൊടുക്കാമെന്ന വ്യവസ്ഥയില്‍ ആരോടും ആലോചിക്കാതെ നിയമിച്ചു. ആ സംഘടനയുടെ ഉത്തരവാദിത്വപ്പെട്ട പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരുമായി രഹസ്യചര്‍ച്ചകള്‍ നടത്തി പ്രവര്‍ത്തിക്കുകയും ചെയ്തു. കേന്ദ്രസര്‍ക്കാര്‍ നല്കിയ 80 ലക്ഷത്തോളം രൂപ ഈ സംഘടന നേരിട്ടാണ് ചെലവാക്കിയത്. അതിലേകദേശം പകുതിയിലേറെ തുക ചെലവഴിക്കുവാന്‍ കെ.ആര്.രാജനെക്കൊണ്ട് ചെക്കില്‍ ഒപ്പിടീച്ചിരുന്നു. പിന്നീട് അതും ഉണ്ടായില്ല. ചെലവിന്റെ കണക്കുകള്‍ നല്‍കാതെ അവര്‍ ഒഴിഞ്ഞ് മാറുകയും ചെയ്തു. രാഷ്ട്രീയമായി മറ്റു ചേരിയിലെ കക്ഷി കേന്ദ്രം ഭരിക്കുമ്പോഴും അവിടുത്തെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് സര്‍ക്കാരിനെ കബളിപ്പിച്ച് മുന്നോട്ടുപോകുവാന്‍ അവര്‍ക്ക് സാധിച്ചു.
ഒരു നിരക്ഷരനെപ്പോലും സാക്ഷരനാക്കി എന്ന് അവകാശപ്പെടുവാന്‍ അര്‍ഹതയില്ലാത്ത ആ സംഘടന തങ്ങളാണ് എറണാകുളം ജില്ലയിലെ സാക്ഷരതാ പ്രവര്‍ത്തനം നടത്തിയതെന്ന് കേന്ദ്രത്തിലും മറ്റ് സംസ്ഥാനങ്ങളിലും പ്രചാരണം നടത്തി. എറണാകുളം ജില്ല സമ്പൂര്‍ണ്ണ സാക്ഷരതാ ജില്ലയായി പ്രഖ്യാപിക്കപ്പെട്ടാല്‍ സാക്ഷരതാ പ്രവര്‍ത്തനം ഏറ്റെടുക്കാമെന്ന് അവകാശപ്പെട്ട് കേന്ദ്രസര്‍ക്കാരില്‍നിന്നും ഗ്രാന്റ് നേടുകയും ചെയ്തു.
ജില്ലയില്‍ സാക്ഷരതാ പദ്ധതിക്ക് പണവും മറ്റും ചെലവാക്കിയതും ഗ്രാമപ്രദേശങ്ങളില്‍ പഠനക്ലാസുകള്‍ സംഘടിപ്പിക്കുവാന്‍ മുന്നോട്ടിറങ്ങിയതും സാധാരണക്കാരായിരുന്നു. കഞ്ഞിക്ക് വകയില്ലാത്ത പാവപ്പെട്ട അമ്മമാരായിരുന്നു ആ ക്ലാസ്സുകള്‍ നടത്തുവാന്‍ വിളക്കുകളും മണ്ണെണ്ണയും വാങ്ങിക്കൊടുത്തത്. ഈ സാഹചര്യത്തില്‍ മുന്‍പറഞ്ഞ സംഘടനയുടെ വഞ്ചന തന്റെ പ്രവര്‍ത്തന രേഖകളില്‍ രാജന് അടയാളപ്പെടുത്തി.
സര്‍ക്കാര്‍ സഹായമില്ലാതെയാണ് സാക്ഷരതാ പ്രവര്‍ത്തനത്തിന്റെ രണ്ടാംഘട്ടം ഉദ്ദേശിച്ചിരുന്നത്. വ്യാപകമായ ആരോഗ്യസംരക്ഷണമായിരുന്നു പ്രധാന പ്രവര്‍ത്തനം. മരുന്ന് കമ്പനികള്‍ സൗജന്യമായി മരുന്ന് നല്കി. ജില്ലയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സേവനത്തോടെ ഓരോ പഞ്ചായത്തിലും ഓരോ ദിവസം സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ നടന്നു.
അംഗവൈകല്യമുള്ളവര്‍ക്ക് കൃത്രിമ അവയവങ്ങള്‍ നല്കി. മലയാറ്റൂരിലെ ബിന്ദുവിന് സ്വയം നടക്കുവാന്‍ കഴിവുണ്ടായിരുന്നില്ല. കൃത്രിമമായ അവയവം പിടിപ്പിച്ചും ബാങ്കില്‍നിന്ന് ലോണെടുത്ത് സ്വന്തമായി കച്ചവടം നടത്തുവാനായി സാധിച്ചു. നിരവധിപേര്‍ക്ക് ഇത്തരത്തില്‍ ജീവിതമാര്‍ഗ്ഗം തുറന്ന് നല്കുവാന് രാജനായി.
സാക്ഷരതാ പ്രവര്‍ത്തനം ഒരിക്കലും അവാര്‍ഡിന് വേണ്ടിയായിരുന്നില്ല ആരംഭിച്ചത്. പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഒരു സംഘടന അവരുടെ പേര് അവാര്‍ഡിനായി യുനെസ്കോയിലേക്ക് ശുപാര്‍ശ ചെയ്ത് അവാര്‍ഡ് നേടിയെടുത്തു. യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരവാര്ഡ് ജില്ലയിലെ ജനങ്ങള്‍ക്കായിരുന്നു നല്‍കേണ്ടിയിരുന്നതെന്നായിരുന്നു രാജന്റെ വിശ്വാസം. അവാര്‍ഡ് വാങ്ങുവാന്‍ ജനങ്ങളെ പ്രതിനിധീകരിച്ച് ധനകാര്യമന്ത്രിയായിരുന്ന വിശ്വനാഥമേനോനെ അയയ്ക്കേണ്ടതിന് പകരം ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രചാരണം നടത്തിയ ഒരു സഹയാത്രികനെയാണ് അയച്ചത്. തുടര്‍ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പത്രങ്ങളും വാരികയും സൗജന്യമായി നല്കുന്ന പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ തുടര്പദ്ധതികളെല്ലാം ഈ സംഘടന തകര്‍ത്തു. ഉദ്ദേശശുദ്ധിയോടെയും സ്വഭാവശുദ്ധിയോടെയും കൂടി വേണം പദ്ധതികള്‍ നടപ്പിലാക്കുവാനെന്നായിരുന്നു രാജന്റെ കാഴ്ച്ചപ്പാട്. ഒരു അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം ആ പരിശുദ്ധിയും സങ്കല്‍പ്പവും മരണംവരെ കാത്തുസൂക്ഷിച്ചു.
പത്തനംതിട്ട താലൂക്കില്‍ തലച്ചിറയിലാണ് കെ.ആര്.രാജന്റെ ജനനം. 1954 ല്‍ എസ്എസ്എല്‍സി ഫസ്റ്റ് ക്ലാസില്‍ ജയിച്ചശേഷം കൊല്ലം എസ്എന്‍ കോളേജില്‍നിന്നും 1956 ലില്‍ ഇന്റര്‍മീഡിയറ്റും 1958 ല്‍ ബിഎസ്സി ഫസ്റ്റ് ക്ലാസോടെയും പാസ്സായി. 1960 ല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്നും ഫിസിക്സില്‍ എംഎസ്സിയും ഫസ്റ്റ് ക്ലാസില്‍ വിജയിച്ചു. തുടര്‍ന്ന് കൊല്ലം എസ്എന്‍ കോളേജില്‍ ലക്ചററായി. 1961 ല്‍ സര്‍ക്കാര്‍ സര്‍വീസിലേയ്ക്ക് മാറി. തുടര്‍ന്ന് പാലക്കാട് വിക്ടോറിയ കോളേജ്, തിരുവനന്തപുരം, കോഴിക്കോട് റീജിയണല്‍ എഞ്ചിനീയറിംഗ് കോളേജുകള്‍ എന്നിവിടങ്ങളില്‍ ലക്ചററായി ജോലി ചെയ്തു.
പഠനത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന രാജന് 1968 ല്‍ പിഎസ്സി പരീക്ഷയില്‍ ഒന്നാംറാങ്കോടെ ഡെപ്യൂട്ടി കളക്ടറായി തെരഞ്ഞെടുക്കപ്പെട്ടു. ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ ആയിട്ടായിരുന്നു ആദ്യ നിയമനം. വ്യവസായ മന്ത്രിയായിരുന്ന എന്‍.ഇ.ബാലറാമിന്റെ പ്രൈവറ്റ് സെക്രട്ടറിയായി ഒരു വര്‍ഷത്തിനുശേഷം വൈദ്യുതി മന്ത്രിയായിരുന്ന എം.എന്‍.ഗോവിന്ദന്‍നായരുടെ പ്രൈവറ്റ് സെക്രട്ടറിയായി. 1976 ല്‍ ഷിപ്പിംഗ് കോര്പ്പറേഷന് ജനറല്‍ മാനേജരായി. 1979 ല്‍ ഐഎഎസ് കിട്ടി. വ്യവസായ വകുപ്പില്‍ അഡീഷണല്‍ ഡയറക്ടറും പിന്നീട് വ്യവസായ ഡയറക്ടറും ആയിത്തീര്‍ന്നു. 1981 ലാണ് എറണാകുളം ജില്ലാ കളക്ടറായി ചുമതലയേല്‍ക്കുന്നത്. ഉദ്യോഗസ്ഥര്‍ സാമൂഹിക സേവകര്‍ ആയിരിക്കേണ്ടതെങ്ങനെയെന്ന് അദ്ദേഹം ഇക്കാലയളവില്‍ കാട്ടിത്തന്നു.
ജപ്തി നടപടികളുമായി ബാങ്കുകള്‍ സാധാരണക്കാര്‍ക്ക് മുമ്പില്‍ ഭീഷണി സൃഷ്ടിച്ചപ്പോള്‍ ആശ്വാസ നടപടികളെടുക്കുവാന്‍ അദ്ദേഹത്തിനായി. തെരുവിന്റെ കണ്ണീരൊപ്പുവാനും തെരുവ് കുട്ടികളെ പുനരധിവസിപ്പിക്കുവാനും പൂട്ടിക്കിടന്ന മൂന്ന് കെട്ടിടങ്ങള്‍ ഏറ്റെടുത്ത് ഒട്ടേറെ പേര്‍ക്ക് തലചായ്ക്കാന്‍ ഇടം നല്കി.
വിപ്ലവാത്മകമായ രീതിയിലായിരുന്നു ഭൂപരിഷ്ക്കരണം നടപ്പിലാക്കിയത്. ലക്ഷക്കണക്കിനാളുകള്‍ തലചായ്ക്കാനൊരിടമില്ലാതെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നുവെന്ന സത്യം മനസ്സിലാക്കി ലക്ഷംവീട് പദ്ധതിക്ക് രൂപം നല്കി വന്‍ മുന്നേറ്റമുണ്ടാക്കിയത് രാജന്റെ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലാണ്. എം.എന്‍.ഗോവിന്ദന് നായരുടെ പ്രൈവറ്റ് സെക്രട്ടറിയെന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് കേരളത്തില്‍ ലക്ഷംവീട് പദ്ധതി നടപ്പിലാക്കുന്നത്.
അസൗകര്യപ്രദമായിരുന്ന പട്ടണത്തിലെ പഴയ കെട്ടിടത്തില്‍നിന്നും കാക്കനാട്ടേക്ക് കളക്ട്രേറ്റ് മാറ്റുവാന്‍ കാണിച്ച ധീരത ചരിത്രമാണ്. ഇന്ന് കാക്കനാട് കേരളത്തിന്റെ വികസനത്തിന്റെ അടയാളമായി മാറുമ്പോള്‍ കെ.ആര്.രാജനെന്ന ഭരണാധികാരിയുടെ ദീര്ഘദൃഷ്ടിയും ഭരണനിപുണതയും എത്രമാത്രമായിരുന്നുവെന്ന് സ്മരണീയമാണ്.
എറണാകുളത്തെ ഒരു ബയോടെക്നോളജി ജില്ലയാക്കുവാന്‍ എന്ന ആശയം കാര്‍ഷിക ശാസ്ത്രജ്ഞനായ എം.എസ്.സ്വാമിനാഥന് മുന്നോട്ട് വച്ചപ്പോള്‍ അത് പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട് അത് നടപ്പിലാക്കാന്‍ ശ്രമിച്ചു. കൊച്ചിയില്‍ നടന്ന ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിലായിരുന്നു ഇങ്ങനെ ഒരാശയം സ്വാമിനാഥന് ഉയര്‍ത്തിയത്. ഈ മേഖലയിലെ വിദഗ്ദ്ധരുടെ സഹായത്തോടെ കെ.ആര്.രാജന് പദ്ധതി തയ്യാറാക്കുകയും കേന്ദ്രത്തിന് സമര്‍പ്പിക്കുകയും അംഗീകാരം നേടിയെടുക്കുകയും ചെയ്തു.
ഫെഡറല്‍ ബാങ്ക് ജീവനക്കാരുടെ സമരം മാസങ്ങളോളം നീണ്ടുനിന്നപ്പോള്‍ ഇരുപക്ഷത്തേയും ഒരു മേശയ്ക്ക് ചുറ്റുമിരുത്തി 16 മണിക്കൂറോളം നീണ്ട ചര്‍ച്ചയിലൂടെ പരിഹാരമുണ്ടാക്കി. എറണാകുളത്തെ രാജ്യത്തെ ആദ്യത്തെ യാചകനിരോധന ജില്ലയാക്കിയതും ജില്ലാ സാംസ്ക്കാരിക കേന്ദ്രം തുടങ്ങിയതും ആകാശവാണി കൊച്ചി നിലയത്തില്‍നിന്നും ജില്ലാ വാര്‍ത്തകള്‍ പ്രക്ഷേപണം തുടങ്ങിയതും രാജന്റെ പരിശ്രമം മൂലമായിരുന്നു. ജനങ്ങളുടെ പക്ഷത്ത് നിന്ന് ജനകീയനായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഒരു ഭരണാധികാരി എങ്ങനെയായിരിക്കുമെന്നദ്ദേഹം കാണിച്ച് തന്നു. വിദ്യകൊണ്ട് സ്വതന്ത്രരാകുകയെന്ന ശ്രീനാരായണ ഗുരുവിന്റെ വചനങ്ങള്‍ കര്‍മമണ്ഡലത്തില്‍ പ്രാവര്‍ത്തികമാക്കുവാനായിട്ടാണ് അദ്ദേഹം ശ്രമിച്ചത്.
രാജന് തുടങ്ങിവെച്ച മാതൃക ഭാരതമാകെ 500 ജില്ലകളിലും സ്വീകരിക്കപ്പെട്ടു. അക്ഷരങ്ങളുടെ അഗ്നിയെ അതേ വിശുദ്ധിയോടെ സ്വാംശീകരിച്ചും സാധാരണക്കാരിലെത്തിച്ച അദ്ദേഹത്തെത്തേടി മുപ്പതോളം പുരസ്ക്കാരങ്ങള്‍ എത്തി. മാസ്ലിറ്ററസി എറണാകുളം എക്സ്പെരിമെന്റ്, കേരളത്തിലെ പടനായകന്, ശാസ്ത്രസമൂഹം, ചന്ദ്രനെ കണ്ടെത്തല്‍, പ്രപഞ്ചം എബിസി ഓഫ് ക്വാണ്ടം മെക്കാനിക്സ് (വിവര്‍ത്തനം) എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചു. നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുടെ എംഡിയായി ചുമതല നോക്കിയിട്ടുണ്ട്.
അവസാന കാലഘട്ടത്തില്‍ സ്പെഷ്യലിസ്റ്റ് ആശുപത്രിയുടെ ചെയര്‍മാനായിരുന്നു. ഈ കാലയളവിലാണ് ആത്മകഥാ രചന തുടങ്ങിയത്. ആശുപത്രിയില്‍ ഇരുന്ന് തന്നെയാണ് അത് പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ സപ്തംബറില്‍ സഹോദരി സതീഭായ് അപകടത്തില്‍ മരിച്ചതുമൂലം പുസ്തകപ്രകാശനം നീണ്ടു.
സാനുമാഷില്നിന്നും അവതാരികയും ലഭിച്ചില്ല. രാജന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ ആഗ്രഹംപോലെ ആത്മകഥ പ്രസിദ്ധീകരിക്കുവാനുള്ള ദൃഢനിശ്ചയത്തിലാണ് ഭാര്യ ശ്യാമളാ ദേവി. ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കും സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ രംഗത്തുള്ളവര്‍ക്കും പ്രൊഫഷണലുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെല്ലാം ഇതൊരു പഠനഗ്രന്ഥമായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. പട്ടിണി പാവങ്ങളായ ജനലക്ഷങ്ങള്‍ക്ക് പാര്‍പ്പിടവും ആരോഗ്യവും വിദ്യയും പകര്‍ന്ന് നല്കി സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേയ്ക്ക് നയിച്ച സാക്ഷരതാ രാജന്റെ കര്മതേജസ്സ് എന്നും ചരിത്രമായി നിലനില്ക്കും.
എന്‍.പി.സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: