ഭാരതത്തിന് അഭിമാനമാകുന്ന തരത്തില്‍ ബഹിരാകാശസംബന്ധമായ ഗവേഷണവും അതിനോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങളും സ്തുത്യര്‍ഹമായ വിധത്തില്‍ ചെയ്ത ശാസ്ത്രജ്ഞന്മാര്ക്ക് വിലക്കേര്‍പ്പെടുത്തിയത് ഞെട്ടലോടെയാണ് സമൂഹം സ്വീകരിച്ചത്. ഏറെ ആദരവും അംഗീകാരവും ലഭിച്ചിട്ടുള്ള, മലയാളികളുടെ അഭിമാനമായ ജി. മാധവന്‍നായരും അതില്പെട്ടുവെന്നത് ഏറെ ദു:ഖകരമായി. എല്ലാവരും വെറുക്കുന്ന അഴിമതിയുടെ കറ ഈ ശാസ്ത്രജ്ഞന്മാര്ക്കു മുകളിലും പതിച്ചുവെന്നത് ഇരുത്തിച്ചിന്തിപ്പിക്കേണ്ട ഒരു കാര്യവുമായി. ശാസ്ത്രജ്ഞരുടെ പ്രവര്‍ത്തനമേഖലയും മറ്റും പൊതുജനങ്ങള്‍ക്ക് ദുര്‍ഗ്രാഹ്യമായ ഒരിടമായതിനാല്‍ ദുരൂഹതയും തത്സംബന്ധമായ ചര്‍ച്ചകളും നടക്കുന്നത് സ്വാഭാവികം. ഈ പശ്ചാത്തലത്തിലാണ് ജി. മാധവന് നായര്‍ പ്രധാനമന്ത്രിക്ക് സുദീര്‍ഘമായ ഒരു കത്തയച്ചത്. ഇതോടെ പൊതുസമൂഹത്തിന്റെ സംശയവും വര്‍ധിച്ചു. എസ്. ബാന്‍ഡ് ഇടപാടില്‍ ഉണ്ടായി എന്നു പറയപ്പെടുന്ന അഴിമതിയുടെ ആഴവും പരപ്പും എത്രയാണെന്ന് നേരത്തെ തന്നെ ബന്ധപ്പെട്ടവര്‍ അറിഞ്ഞിരുന്നു എന്നതരത്തില്‍ വ്യാഖ്യാനിക്കപ്പെടാവുന്ന കത്താണ് മാധവന്‍നായര്‍ അയച്ചിരിക്കുന്നത്. അതോടെ പ്രശ്നത്തിന് മറ്റൊരുമാനം കൈവരുന്നു എന്നു മാത്രമല്ല, അഭിമാനാര്‍ഹമായ തരത്തില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്നവര്‍ക്കു നേരെ പോലും ചളിവാരിയെറിയാന്‍ അധികാരപ്പെട്ടവര്‍ തയ്യാറാകുന്നു എന്നും വരുന്നു; ദൗര്‍ഭാഗ്യകരമാണിത്.
ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്സ് കോര്‍പ്പറേഷനും ദേവാസ് മള്‍ട്ടിമീഡിയയുമായുള്ള ഇടപാടിന്റെ ഓരോഘട്ടവും കേന്ദ്രസര്‍ക്കാറിന് അറിയാമായിരുന്നു. കാബിനറ്റ് സെക്രട്ടറിയും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും ഇടപാട് ചര്‍ച്ച ചെയ്തതുമാണെന്ന് മാധവന്‍നായര്‍ ചൂണ്ടിക്കാട്ടുന്നു. ശാസ്ത്രജ്ഞന്മാരുടെ സംഘം ഇക്കാര്യത്തില്‍ ആരുമറിയാതെ വന്‍ അഴിമതിക്ക് വശംവദരായി എന്നകാര്യം വെള്ളം കൂട്ടാതെ വിഴുങ്ങാന്‍ കഴിയില്ല എന്നര്‍ഥം. അഥവാ അഴിമതി നടന്നുവെങ്കില് ഇവര്‍ക്കൊപ്പം അതിന്റെ പങ്ക് ഉന്നത തലങ്ങളില്‍ എത്തിയിട്ടുണ്ട്. ഏതവസരത്തിലും രാഷ്ട്രീയ കൊമ്പന്മാരെ രക്ഷിച്ചെടുക്കാന്‍ അതാത് കാലത്തെ ഭരണകൂടങ്ങള്‍ തയാറാവാറുണ്ട് എന്ന വസ്തുത മറന്നുകൂട. കോടികള്‍ ചെലവഴിക്കപ്പെടുന്ന ബഹിരാകാശ ഗവേഷണരംഗത്തെ ഇടപാടുകളെക്കുറിച്ച് സാധാരണ ജനങ്ങള്‍ക്ക് ഒരറിവുമില്ല; അഥവാ അറിഞ്ഞെങ്കില്‍ തന്നെ ഒന്നും ചെയ്യാനുമാവില്ല. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും പര്യായമായി മാറിയ ഇപ്പോഴത്തെ ഭരണകൂടം ശാസ്ത്രജ്ഞന്മാരുടെ കാര്യത്തില്‍ കൈക്കൊണ്ടനടപടികള്‍ ആത്മാര്‍ത്ഥവും വസ്തുതാപരവുമാണെന്ന് വിശ്വസിക്കാന്‍ കുറച്ചൊക്കെ ബുദ്ധിമുട്ടുണ്ട്. അത്തരം അനുഭവങ്ങളാണല്ലോ പൊതുജനത്തിന് മുമ്പിലുള്ളത്. മാധവന് നായര്‍ ഉള്‍പ്പെടെയുള്ള നാലുപേര്‍ക്കെതിരെ കൈക്കൊണ്ടിട്ടുള്ള വിലക്ക് പിന്‍വലിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഏതായാലും ഈ സംഭവത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ കൈകള്‍ ശുദ്ധമല്ല എന്ന തരത്തിലുള്ള നിരീക്ഷണം വ്യാപകമാവുകയാണ്. ശാസ്ത്രകാര്യങ്ങളും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമായി മുന്നോട്ടുപോവുന്ന ശാസ്ത്രസമൂഹത്തിന് ദൂരക്കാഴ്ചയില്ലാത്ത രാഷ്ട്രീയ വീക്ഷണങ്ങളോട് താല്പ്പര്യമുണ്ടാവാനിടയില്ല. നാടിന്റെ അഭിമാനത്തിനും ഉയര്‍ച്ചക്കും കൈമെയ് മറന്ന് പ്രവര്‍ത്തിക്കുന്ന അത്തരക്കാരെ വേട്ടയാടാന്‍ ഏതുതരത്തിലുള്ള നീക്കവും ഭരണകൂടം സ്വീകരിക്കുന്നു എന്ന വൃത്തികെട്ട അവസ്ഥ ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെയാണ്. ശാസ്ത്രസമൂഹത്തിന് ഇക്കാര്യത്തില്‍ രാഷ്ട്രീയക്കാരെപ്പോലെ ഒച്ചയിട്ട് നടക്കാനാവില്ല. അഥവാ അങ്ങനെ നടന്നാല്‍ പോലും പൊതുസമൂഹം അവര്‍ക്ക് പിന്തുണ നല്‍കുകയോ അംഗീകരിക്കുകയോ ചെയ്തുകൊള്ളണമെന്നില്ല.
കേന്ദ്രമന്ത്രിസഭയിലെ ഒട്ടുമിക്കപേരും അഴിമതിയുടെ കറപുരണ്ടുതന്നെയാണ് നില്‍ക്കുന്നത്. ഓരോദിനം ചെല്ലുംതോറും ആരുടെയൊക്കെ പേരാണ് പുറത്തുവരാന്‍ പോകുന്നതെന്ന കൗതുകമാണ് പൊതുസമൂഹത്തിനുള്ളത്. ഇത്രയും ലജ്ജാകരമായ സ്ഥിതിവിശേഷത്തില്‍ പിടിച്ചുനില്ക്കാന് അത്യാവശ്യം ഗിമ്മിക്കുകള്‍ നടത്തുകയത്രേ അവരുടെ ഗതി. അക്കൂട്ടത്തില്‍ ദേവാസ് ഇടപാടിനെയും ചേര്‍ക്കുകയാണ്. എസ് ബാന്‍ഡ് ഇടപാടിന്റെ ഓരോഘട്ടത്തിലും പ്രധാനമന്ത്രിയുടെ ഓഫീസിനെ വിശ്വാസത്തിലെടുത്തിരുന്നുവെന്ന മാധവന്നായരുടെ വെളിപ്പെടുത്തല്‍ ഭരണ നേതൃത്വത്തിന് വെള്ളിടിതന്നെയാണ്. ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ അത്ര എളുപ്പത്തിലൊന്നും സാധിക്കുമെന്ന് തോന്നുന്നില്ല. കാരണം സാധാരണ രാഷ്ട്രീയക്കാരുടെ ആരോപണം പോലെയല്ല പരിണിതപ്രജ്ഞനായ ഒരു ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തല്‍.
ഇക്കാര്യത്തില്‍ കേന്ദ്രഭരണകൂടത്തിന്റെ മുമ്പില്‍ ഒറ്റവഴിയേ ഉള്ളൂ. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്നതിനെക്കുറിച്ച് പഴുതുകളില്ലാത്ത അന്വേഷണം നടത്തുക. അനാവശ്യമായ വിലയിരുത്തലുകളും വ്യാഖ്യാനങ്ങളും നല്കി ബഹിരാകാശഗവേഷണ മേഖലയെ മൊത്തം സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താതിരിക്കുക. ഭാരതത്തിന്റെ ബഹിരാകാശ ഗവേഷണങ്ങളും അതുമായി ബന്ധപ്പെട്ട പരശ്ശതം സംഭവവികാസങ്ങളും സാകൂതം വീക്ഷിച്ചുകൊണ്ട് ലോകരാജ്യങ്ങള്‍ നില്‍ക്കുകയാണ്. രാഷ്ട്രത്തിന്റെ അഭിമാനാര്‍ഹമായ പലപദ്ധതികള്‍ക്കും വേണ്ടി ഊണും ഉറക്കവും ഉപേക്ഷിച്ച് ശാസ്ത്രസമൂഹം പ്രവര്‍ത്തനനിരതരാണ്. അവരുടെ മനസ്സ് കലുഷമാക്കാനും അതുവഴി നിരാശാജനകമായ അന്തരീക്ഷമുണ്ടാക്കാനും സ്വന്തം ഭരണകൂടം തന്നെ ശ്രമിക്കുമ്പോള്‍ വൈദേശികശക്തികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവുന്നു. പുറത്തുനിന്നുള്ള ശത്രുവിനേക്കാള്‍ ശക്തനായിരിക്കും അകത്തുള്ളവനെന്ന പഴമൊഴി വെറുതെ പറയുന്നതല്ല.
മാധവന്നായരുടെ കത്തിന്റെ പശ്ചാത്തലത്തില്‍ കാര്യമായ ഇടപെടല്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് വേണ്ടിവരും. കാരണം സംശയത്തിന്റെ മുന അവിടേക്കും നീളുന്നുണ്ട്. ഇതു സംബന്ധിച്ചുള്ള എല്ലാ ഇടപാടുകളും സുതാര്യമായിരുന്നോ എന്നതാണ് അറിയേണ്ടത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതായതിനാല്‍ പൊതുസമൂഹത്തിനു മുമ്പാകെ അതൊക്കെ വെളിപ്പെടുത്താനാവുമോ എന്നതും പ്രശ്നമാണ്. പ്രധാനമന്ത്രി തന്നെ നിയമിച്ച രണ്ടു സമിതികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാധവന്‍നായര്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രജ്ഞന്മാര്ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ട് എന്ന കാര്യം മറന്നുകൂട. കരസേനാമേധാവിയുടെ ജനനത്തീയതിയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന കര്‍ക്കശ നിലപാട് ശാസ്ത്രജ്ഞരുടെ കാര്യത്തിലും തുടരുന്നത് ശരിയോ തെറ്റോ എന്നതിനേക്കാള്‍ രാജ്യത്തിന്റെ ആകാംക്ഷയും ഉത്കണ്ഠയും ശമിപ്പിക്കുന്ന കാര്യങ്ങള്‍ അതിവേഗം ചെയ്തേ തീരൂ എന്നാണ് ഞങ്ങള്‍ക്കു പറയാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: