നഴ്സുമാരുടെ സമരം കേരളത്തില്‍ ഇപ്പോള്‍ രണ്ടാംഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. അടിസ്ഥാന പ്രശ്നം നഴ്സുമാര്‍ക്കുള്ളത് കുറഞ്ഞ ശമ്പളവും കൂടുതല്‍ ജോലിഭാരവും എന്നതാണ്. എട്ട് മണിക്കൂര്‍ ജോലി എന്ന എല്ലാ സ്ഥാപനങ്ങളിലും നിലനില്‍ക്കുന്ന വ്യവസ്ഥ നഴ്സുമാര്‍ക്ക് ബാധകമല്ലാതാക്കിയിരിക്കുകയാണ്. നഴ്സുമാരുടെ പ്രശ്നം പുകയുന്ന പ്രശ്നമാണ്. ഇന്ത്യന്‍ മെട്രോകളില്‍ 17.5 ലക്ഷം നഴ്സുമാരുള്ളതില്‍ 12 ലക്ഷം പേരും മലയാളികളാണ്. സമ്പന്ന പശ്ചാത്തലത്തില്‍നിന്ന് വരുന്നവരല്ല ഇവര്‍. ജോലി ലഭ്യതയുടെ ഉറപ്പുമൂലം ബാങ്കുകളില്‍നിന്ന് ലോണ്‍ എടുത്ത് പഠനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ഇവര്‍ക്ക് കിട്ടുന്നത് തുച്ഛമായ വേതനമാണ്. സര്‍ക്കാര്‍ സര്‍വീസില്‍ 30,000 രൂപ ശമ്പളം വാങ്ങുന്ന നഴ്സുമാരുള്ളപ്പോള്‍ സ്വകാര്യ മേഖലയില്‍ പഞ്ചനക്ഷത്ര മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികളില്‍പോലും ഇവര്‍ക്ക് 4000 മുതല്‍ 6000 രൂപ വരെയാണ് ശമ്പളം. ജോലി സമയം ക്ലിപ്തപ്പെടുത്താതെ ആവശ്യപ്പെടുന്ന അത്രയും സമയം ജോലി ചെയ്യാനും ഇവര്‍ നിര്‍ബന്ധിതരാകുന്നു. ലോകം മുഴുവന്‍ മലയാളി നഴ്സുമാരുടെ സേവനം പ്രകീര്‍ത്തിക്കുമ്പോള്‍, അവര്‍ക്ക് മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകള്‍ നല്കുമ്പോള് കേരളത്തില്‍ അവര്‍ പീഡിപ്പിക്കപ്പെടുന്നു.
ദല്‍ഹിയിലും മുംബൈയിലും നഴ്സുമാര്‍ സമരം ആരംഭിച്ചത് ജോലിക്ക് ചേരുമ്പോള്‍ കൊടുക്കേണ്ടി വന്ന ബോണ്ട് വ്യവസ്ഥക്കെതിരെയും സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവയ്ക്കുന്നതിനെതിരെയും തുച്ഛവേതനത്തിനെതിരെയും ആയിരുന്നു. നൂറുകണക്കിന് മലയാളി നഴ്സുമാര്‍ വടക്കന്‍ സംസ്ഥാനങ്ങളില്‍ ജോലി ഉപേക്ഷിച്ചു. ഇപ്പോള്‍ സമരം കേരളത്തിലേയ്ക്കും പടര്‍ന്നിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലും ഇപ്പോള്‍ എറണാകുളം ലേക്ക്ഷോര്‍ ആശുപത്രിയിലും നഴ്സുമാര്‍ സമരപാതയിലാണ്. 700 നഴ്സുമാരാണ് ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ അവിടെ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് നാലാം ദിവസത്തിലെത്തി നില്‍ക്കുന്നത്. ന്യായമായ ശമ്പളം നല്‍കണമെന്നും നഴ്സിംഗ് വിദ്യാര്‍ത്ഥികളെ ജോലിയ്ക്ക് നിയോഗിക്കരുതെന്നും അവര്‍ ആവശ്യപ്പെടുന്നു. ലേക്ക്ഷോര്‍ ആശുപത്രിയില്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷന് ആണ് സമരത്തിനാഹ്വാനം നല്‍കിയിരിക്കുകന്നത്. 8000 രൂപ മുറി വാടക ചാര്‍ജ് ചെയ്യുന്ന ആശുപത്രിയില്‍ ന്യായവേതനം വേണമെന്നാണ് നഴ്സുമാരുടെ ആവശ്യം. ഒരു സ്പെഷ്യലിസ്റ്റ് നഴ്സിനുപോലും നല്കുന്ന ശമ്പളം 8000 രൂപയാണത്രെ. നഴ്സുമാര്‍ ആവശ്യപ്പെടുന്ന മിനിമം വേതനം 16,000 രൂപയാണ്. കോലഞ്ചേരിയില്‍ അവര്‍ ചോദിക്കുന്നത് 18,000 രൂപയാണ്.
മിനിമം ശമ്പളം നിശ്ചയിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെങ്കിലും ഉന്നത വേതനം നല്‍കുന്നത് നഴ്സിംഗ് അസോസിയേഷനും മാനേജ്മെന്റും തമ്മില്‍ ചര്‍ച്ചനടത്തിയശേഷമാണ്. ലേക്ക്ഷോറില്‍ നഴ്സുമാര്‍ നല്‍കിയിരിക്കുന്ന ‘ഡെഡ് ലൈന്‍’ ഇന്നാണ്. വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചശേഷമേ പ്രത്യക്ഷസമരങ്ങളിലേയ്ക്കും സ്വകാര്യ ആശുപത്രി ജീവനക്കാര്‍ കടക്കാവൂ എന്നാണ് തൊഴില്‍-ഭക്ഷ്യമന്ത്രി ഷിബു ബേബി ജോണ്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഡോക്ടര്‍മാര്‍ ഒഴികെ ഉള്ള പാരാ മെഡിക്കല്‍ ജീവനക്കാര്‍ മുന്നറിയിപ്പില്ലാതെ പ്രത്യക്ഷ സമരത്തിലേയ്ക്ക് പ്രവേശിക്കുന്നത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു എന്നും 14 ദിവസത്തെ നോട്ടീസ് എന്ന ഇപ്പോഴത്തെ നിബന്ധന പാലിക്കപ്പെടാതെ പോകുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആരോഗ്യമേഖലയിലെ സേവനം അവശ്യസേവനമായി പ്രഖ്യാപിക്കണം എന്ന ആവശ്യം ഉയര്‍ന്നുവരുന്ന കാലഘട്ടമാണിതെന്നും അദ്ദേഹം പറയുന്നു. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്കും മറ്റും മിനിമം വേതനവും മറ്റും ലഭിക്കേണ്ടതിന്റെ ആവശ്യം നിരാകരിക്കപ്പെടരുത്. ഈ മേഖലയില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന കര്‍ശനമാക്കി തൊഴിലാളി ചൂഷണം അവസാനിപ്പിക്കുമെന്നും മാനേജ്മെന്റുകളുടെ നിരുത്തരവാദപരമായ പ്രവൃത്തികള്‍ അംഗീകരിക്കില്ലെന്നുമുള്ള തൊഴില്‍ മന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണ്.
നഴ്സുമാര്‍ യാതന അനുഭവിക്കുന്ന രോഗികള്‍ക്ക് ആശ്വാസമെത്തിക്കുന്ന മാലാഖമാരാണ്. അവര്‍ക്ക് ആശ്വാസം ലഭിച്ചില്ലെങ്കില്‍ അവര്‍ എങ്ങനെ അത്യാസന്ന നിലയിലും മറ്റും കഴിയുന്ന രോഗികള്‍ക്ക് ആശ്വാസമേകും. ആശുപത്രി അധികൃതരുടെ അനുഭാവശൂന്യമായ നിലപാടാണ് പലപ്പോഴും സമരത്തെ ക്ഷണിച്ചുവരുത്തുന്നതും അത് രൂക്ഷമാക്കുന്നതും. നഴ്സുമാരുമായി ചര്‍ച്ച നടത്തി പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നതിന് പകരം സമരത്തെ അവഗണിക്കാനും അടിച്ചമര്‍ത്താനുമാണ് നീക്കം നടക്കുന്നത്. തങ്ങളുടെ സേവനത്തിന് മതിയായ വേതനം നല്‍കണമെന്നാണ് നഴ്സുമാരുടെ ആവശ്യം. മറ്റ് തൊഴില്‍ മേഖലകളുമായി തട്ടിച്ചുനോക്കുമ്പോള്‍ നഴ്സുമാര്‍ക്ക് ലഭിക്കുന്ന ശമ്പളം വളരെ കുറവാണ്. ജോലിയുടെ സ്വഭാവവും അതിനുവേണ്ട ശ്രദ്ധയും പരിഗണിക്കുമ്പോള്‍ ആതുരസേവകര്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാണ്. എന്നാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന ശമ്പളം മാത്രമേ നല്‍കൂ എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. മാത്രമല്ല, സമരത്തെ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ കോടതിയെ സമീപിക്കുകയുമാണ്. ഇത് പ്രതിഷേധം ആളിക്കത്തിക്കുമെന്ന് മാത്രമല്ല, ഇത്തരമൊരു നടപടി അനുകമ്പാരഹിതവുമാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: