കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച് പിടിയിലാകുന്നവരുടെ ലൈസന്‍സ് ഉടനെ റദ്ദാക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എ. ഹേമചന്ദ്രന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്കി. പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കുന്നതിനുള്ള സംവിധാനം കുറ്റമറ്റതാക്കും. ലൈസന്‍സ് റദ്ദാക്കുന്നതിന് മുന്നോടിയായി കാരണം ബോധിപ്പിക്കുന്നതിന് പത്തു ദിവസത്തെ സമയമാണ് അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകള്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു കമ്മീഷണര്‍. വാഹനമോടിക്കുന്നതിനിടയില്‍ മൊബെയില്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ ലൈസന്‍സും റദ്ദാക്കും. മദ്യപാനം, മൊബെയില്‍ ഫോണ്‍ ഉപയോഗം എന്നിവയില്‍ നടപടിയെടുക്കുമ്പോള്‍ വിട്ടുവീഴ്ച വേണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ട്രാഫിക് കുറ്റകൃത്യങ്ങള്‍ തടയുന്നതിന് മോട്ടോര്‍ വാഹന വകുപ്പും പോലീസും സംയുക്തമായി പ്രവര്‍ത്തിക്കും. പോലീസിന് കേസ് രജിസ്റ്റര്‍ ചെയ്യാനാകുമെങ്കിലും ലൈസന്‍സ് റദ്ദാക്കാന്‍ അധികാരമുള്ളത് ആര്.ടി.ഒയ്ക്കും ജോയിന്റ് ആര്.ടി.ഒയ്ക്കുമാണ്. ഈ സാഹചര്യത്തിലാണ് കേസുകള്‍ ഉടനെ മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കാന്‍ സംസ്ഥാനതലത്തില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ ആധുനിക ആല്ക്കോമീറ്ററുകള് മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ ലഭ്യമാക്കി വരികയാണെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.
മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് നടപടി സ്വീകരിച്ചു വരികയാണ്. കാലതാമസവും ബാഹ്യ ഇടപെടലും ഒഴിവാക്കി ജനങ്ങള്‍ക്ക് നേരിട്ട് സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഓഫീസുകളിലെ ഫാസ്റ്റ് ട്രാക്ക് കൗണ്ടറുകള്‍ പ്രയോജനപ്പെടുത്താന്‍ വാഹന ഉപയോക്താക്കള്‍ തയാറാകണം. ഡ്രൈവിങ്, കണ്ടക്ടര്‍ ലൈസന്‍സുകള്‍ പുതുക്കല്‍, മേല്‍വിലാസം മാറ്റല്‍, പകര്‍പ്പ് നല്കല്, കേടുവന്നതിന് പകരം പുതിയ ലൈസന്‍സ് നല്കല്, വാഹനങ്ങളുടെ ഉടമാവകാശം മാറ്റല്‍, വിലാസം മാറ്റല്‍, പെര്‍മിറ്റ് പുതുക്കല്‍ തുടങ്ങിയ സേവനങ്ങളാണ് ഇപ്പോള്‍ ഫാസ്റ്റ് ട്രാക്ക് കൗണ്ടറുകളിലൂടെ നല്‍കുന്നത്. എല്ലാ കൗണ്ടറുകളിലും എല്ലാ സേവനങ്ങളും ലഭ്യമാക്കുന്ന പദ്ധതി ഉടനെ സജ്ജമാകും. വകുപ്പിലെ പബ്ലിക്ക് റിലേഷന്‍സ് വിഭാഗത്തിന്റെ സേവനം മെച്ചപ്പെടുത്തുമെന്നും കമ്മീഷണര്‍ പറഞ്ഞു.
സിവില്‍ സ്റ്റേഷനില്‍ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസ് പ്രവര്‍ത്തിക്കുന്നതിനുള്ള സ്ഥല ദൗര്‍ലഭ്യം ഉദ്യോഗസ്ഥര്‍ കമ്മീഷണറുടെ ശ്രദ്ധയില്‍ പെടുത്തി. നികുതി വരുമാനം, കേസുകളിലെ തുടര്‍ നടപടികള്‍ തുടങ്ങിയവ സംബന്ധിച്ച രജിസ്റ്ററുകളും രേഖകളും കമ്മീഷണര്‍ പരിശോധിച്ചു. ഡപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പി.എ. സൈനുദ്ദീന്‍, ആര്.ടി.ഒ ടി.ജെ. തോമസ് എന്നിവരും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്കൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: