മുംബൈ: കഴിഞ്ഞവര്‍ഷം ജൂലൈ 13ന് മുംബൈയില്‍ നടന്ന സ്ഫോടനം ആസൂത്രണം ചെയ്തത് ദുബായിയിലെ ആഡംബര ഹോട്ടലില്‍വെച്ച്. ഏപ്രിലില്‍ നടന്ന ഈ ഗൂഢാലോചനയില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ സഹസ്ഥാപകന്‍ റിയാസ് ഭട്കലും ഒരു പാക് ഭീകരനും പങ്കെടുത്തതായി അന്വേഷണത്തില്‍ കണ്ടെത്തി.
നിരോധിത സംഘടനയായ ‘സിമി’യുടെ അംഗം ഹാരൂണ്‍ നായ്ക്കിനെ മഹാരാഷ്ട്രയിലെ ഭീകരവിരുദ്ധ സ്ക്വാഡ് ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായകമായ ഈ വിവരം വെളിപ്പെട്ടത്. കള്ളനോട്ട് വിതരണം ചെയ്ത കേസിലും നായിക് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നായിക് രാജ്യം വിട്ടെന്ന് കരുതിയാണിത്.
എന്നാല്‍ ജിദ്ദയില്‍നിന്ന് വരുന്ന വഴി 2011 ആഗസ്റ്റില്‍ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നായ്ക് പിടിയിലായി. 2000ല്‍ ഭീകരപരിശീലനത്തിനായി പാക്കിസ്ഥാനിലേക്ക് യുവാക്കളെ അയച്ചിരുന്നതായി ഇയാള്‍ ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി. കൂടുതല്‍ ചോദ്യംചെയ്തപ്പോഴാണ് മുംബൈ ഭീകരാക്രമണത്തില്‍ ഇയാള്‍ക്ക് പങ്കുള്ളതായി വ്യക്തമായത്, ഒരു പോലീസ് ഓഫീസര്‍ പറഞ്ഞു.
ഗൂഢാലോചന നടന്ന ഹോട്ടല്‍ ഏതെന്നും അത് നടന്ന ദിവസവും പങ്കെടുത്തത് ആരൊക്കെയെന്നും മുംബൈ പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. “റിയാസ് അവിടെ ഉണ്ടായിരുന്നു. ഹവാല ശൃംഖലവഴി യാസിന് ഭട്കലിന് എങ്ങനെ പണം എത്തിക്കാമെന്നതിനെക്കുറിച്ച് ചര്‍ച്ച നടത്താന്‍ നായ്ക്കിനെ യോഗത്തിലേക്ക് വിളിച്ചുവരുത്തുകയുണ്ടായി”-പോലീസ് പറഞ്ഞു. യോഗത്തില്‍ പങ്കെടുത്ത പാക് ഭീകരന് ഗൂഢാലോചനയില്‍ നിര്‍ണായക പങ്ക് വഹിച്ചുവെന്നാണ് കരുതപ്പെടുന്നത്.
സ്ഫോടനത്തിന് പണം മുടക്കിയയാളെയും അത് ഹവാലവഴി എത്തിച്ചയാളെയും പിടികൂടാനാണ് പോലീസ് ആദ്യം ശ്രമിക്കുന്നത്. അതിനുശേഷം സ്ഫോടനത്തിനായി വാഹനങ്ങള്‍ മോഷ്ടിച്ചവരെ പിടികൂടും. തുടര്‍ന്ന് ബോംബ് സ്ഥാപിച്ചവരെയും ഗൂഢാലോചനക്കാരെയും പിടികൂടാനാണ് പോലീസ് നീക്കം. വാഹനമോഷ്ടാക്കളായ നഖി അഹമ്മദും നദീം ഷെയ്ഖും ഗൂഢാലോചനയില്‍ പങ്കെടുത്ത നായ്ക്കും ഞങ്ങളുടെ വലയത്തിലാണ്. ബോംബ് സ്ഥാപിച്ചവരെയും യാസിന് ഭട്ക്കലിനെയും കുറിച്ചുള്ള വിവരങ്ങള്‍ കിട്ടാനുണ്ട്, അന്വേഷണസംഘത്തിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: