കൊച്ചി: എറണാകുളം ശിവക്ഷേത്രോത്സവത്തിന് നാളെ കൊടിയേറും. ഉത്സവത്തിന് മുന്നോടിയായുള്ള കലശകര്‍മങ്ങള്‍ ഇന്നലെ തുടങ്ങി. നിറമാല, വിളക്ക് വയ്പ്, കൂട്ടവെടി, എന്നിവ നടന്നു. ഇന്ന് രാവിലെ 7ന് കൂട്ടവെടി, വൈകുന്നേരം 6ന് നിറമാല, തിരുവാതിരകളി, നൃത്തനൃത്ത്യങ്ങള്‍ എന്നിവ നടക്കും. 29ന് രാവിലെ ബ്രഹ്മകലശാഭിഷേകം, പന്തീരടി പൂജ, തുടര്‍ന്ന് പെരുവനം സതീശന് മാരാരുടെ പ്രമാണത്തില്‍ മൂന്ന് മണിക്കൂര്‍ നീളുന്ന ചെണ്ടമേളത്തോടെ നടക്കുന്ന ശീവേലി മേളകമ്പക്കാര്ക്ക് അപൂര്വ്വവിരുന്നാകും. രാത്രി 8നാണ് കൊടിയേറ്റ്, ചെന്നൈ മഹേഷ് ആന്‍ഡ് പാര്‍ട്ടിയുടെ സംഗീതക്കച്ചേരി, വെച്ചൂര്‍ സുദര്‍ശന്റെ സംഗീതാര്‍ച്ചന, ചിന്മയ വിദ്യാലയത്തിന്റെ ഭജന, പൂജാ മേനോനും സംഘവും അവതരിപ്പിക്കുന്ന കഥകളി, കൊടിപ്പുറത്ത് വിളക്ക്, ഗാനമേള എന്നിവയാണ് ആദ്യദിനത്തെ പരിപാടികള്‍.
എട്ട് ദിവസത്തെ ആഘോഷത്തോടനുബന്ധിച്ച് മാര്‍ഗി മധുവും സംഘവും അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത്, സ്നേഹ ശ്രീകുമാര്‍, കാര്‍ത്തിക കൃഷ്ണകുമാര്‍, അമ്പലപ്പുഴ സുരേഷ് വര്‍മ എന്നിവരുടെ ഓട്ടന്‍ തുള്ളല്‍, ലത ആനന്ദ്, ചിത്ര സുബ്രഹ്മണ്യം എന്നിവരുടെ വീണക്കച്ചേരി, അര്‍ച്ചന മേനോന്, ദേവിക ബി.ഹേമന്ദ്, കാവ്യ-മീനാക്ഷി, ചെന്നൈ സുധ രഘുനാഥന് ആന്റ് പാര്‍ട്ടി, ഗായത്രി ശര്‍മ, എ.കെ.ആദിത്യ എന്നിവരുടെ സംഗീതക്കച്ചേരി, മേജര്‍സെറ്റ് കഥകളി, അഡ്വ.ശോഭ മേനോന്, സുമതി പ്രസന്നകുമാര്‍, കൊച്ചിന് വിശ്വനാഥന് എന്നിവരുടെ ഭക്തിഗാനങ്ങള്‍, നൃത്ത ക്ഷേത്ര, നിഷ നൃത്ത കലാലയം, കലാമണ്ഡലം ഗോപിനാഥ്, കൊച്ചിന് കലാമന്ദിര്‍, സൗമ്യ സതീഷ് ആന്റ് പാര്‍ട്ടി നൃത്തശ്രീ എന്നിവരുടെ ഡാന്‍സ്, ചെര്‍പ്പുളശേരി രാജേഷ്, പോരൂര്‍ ഉണ്ണികൃഷ്ണന്, കല്ലൂര്‍ രാമന്‍കുട്ടി എന്നിവരുടെ തായമ്പക, മദ്ദളതായമ്പക, വയലിന് കച്ചേരി, അക്ഷരശ്ലോക സദസ്, തിരുവാതിരകളി, നൃത്ത നാടകം തുടങ്ങിയവയാണ് പ്രധാനപരിപാടികള്‍.
ഫെബ്രുവരി മൂന്നിന് ഉത്സവബലിയും ദര്‍ശനവും, ഫെബ്രുവരി 4ന് വലിയവിളക്ക്, ചോറ്റാനിക്കര വിജയന് മാരാരുടെ പ്രമാണത്തില്‍ പഞ്ചവാദ്യത്തോടെ 11 ആനപ്പുറത്ത് ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പകല്‍പ്പൂരവും കുടമാറ്റവും ദൃശ്യവിരുന്നാകും.
ഫെബ്രുവരി 5ന് ഉത്സവത്തിന്റെ കൊടിയിറക്കം. രാത്രി 9.30ന് ആറാട്ട് എഴുന്നള്ളിപ്പിനോടനുബന്ധിച്ച് അന്നമനട പരമേശ്വരമാരാരുടെ പ്രമാണിത്തത്തില്‍ പഞ്ചവാദ്യം. പുലര്‍ച്ചെയാണ് വെടിക്കെട്ട്, തുടര്‍ന്ന് ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിപ്പ്, കൊടിക്കല്‍ പറ, കലശം എന്നിവയോടെ ഉത്സവം സമാപിക്കും. അവസാന മൂന്ന് ദിവസം പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പ്രസാദ ഊട്ടും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: