അടിസ്ഥാന സേവന മേഖലകളില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്നതിന്റെ തെളിവാണ് കേന്ദ്ര ജലനയ നിര്‍ദ്ദേശവും കേന്ദ്ര ആസൂത്രണ കമ്മീഷന്റെ ശുപാര്‍ശയും. കുടിവെള്ളം, ജലസേചനം, വൈദ്യുതിവിതരണം മുതലായ അവശ്യസര്‍വീസ് സ്വകാര്യമേഖലക്ക് നല്‍കാനുള്ള നീക്കം അപകടകരമാണ്. ഇന്ത്യ പോലെ ജനസംഖ്യയുടെ പകുതിയിലധികം പേര് ദാരിദ്ര്യരേഖക്ക് താഴെ നില്‍ക്കുമ്പോഴാണ് ആസൂത്രണ കമ്മീഷന് വൈദ്യുതി, കുടിവെള്ളം, ജലസേചനം ഇവയുടെ ഉല്പാദന-വിതരണ ചെലവ് നിശ്ചയിച്ച് പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കി സ്വകാര്യ ഏജന്‍സികള്‍ക്ക് നല്കാന് ശ്രമിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് സബ്സിഡി നിഷേധിക്കുന്ന സര്‍ക്കാര്‍ ജലവിതരണം ഏറ്റെടുക്കുന്ന സ്വകാര്യ ഏജന്‍സികള്‍ക്ക് ഇന്‍സന്റീവ് നല്കുന്ന വിഷയത്തില്‍ വൈമുഖ്യം പ്രകടിപ്പിക്കുന്നില്ല എന്ന വസ്തുത തന്നെ തെളിയിക്കുന്നത് മന്മോഹന് സര്‍ക്കാര്‍ പാവങ്ങളുടെ സര്‍ക്കാരല്ല എന്നും സാധാരണക്കാരന് ഇപ്പോള്‍ ഒരു വിഷയമല്ല എന്നുമാണ്. ജലത്തെ നീല സ്വര്‍ണം, ദ്രവസ്വര്‍ണം എന്നും മറ്റുമാണ് ലോകബാങ്ക് വിശേഷിപ്പിക്കുന്നത്. ഒരുവര്‍ഷം 3055 മില്ലീമീറ്റര്‍ മഴ ലഭിക്കുന്ന 44 നദികളുള്ള, ഒരു ചതുരശ്ര കിലോമീറ്ററില്‍ 250 കിണറുകളുള്ള കേരളം പോലും ഇന്ന് കുടിവെള്ളക്ഷാമം അനുഭവിക്കുന്നു. 68 ശതമാനം ജനങ്ങള്‍ ഗ്രാമങ്ങളിലും 87 ശതമാനം നഗരങ്ങളിലും കേരള വാട്ടര്‍ അതോറിറ്റി നല്കുന്ന പൈപ്പ്വെള്ളമാണ് ഉപയോഗിക്കുന്നത്.
പതിനൊന്ന് രൂപ 11 പൈസ ശുദ്ധീകരണ വിതരണ ചെലവ് വരുന്ന ആയിരം ലിറ്റര്‍ വെള്ളം ഇപ്പോള്‍ ലഭിക്കുന്നത് 4.50 രൂപക്കാണ്. 1.5 ലക്ഷം പൊതുടാപ്പുകളും 12 ലക്ഷം വൈദ്യുതി കണക്ഷനും കേരളത്തിലുണ്ട്. ഇത് സ്വകാര്യകമ്പനിക്ക് കൈമാറിയാല്‍ പ്രതിമാസം കുടിവെള്ളത്തിന് മാത്രം 2500 രൂപ കൊടുക്കേണ്ടിവരും. പ്രകൃതിയുടെ വരദാനമായ ജലം ഉപയോഗിക്കുന്ന സാധാരണക്കാരന് സര്‍ക്കാര്‍ നല്കുന്ന ശിക്ഷയാകും ഇത്. മറ്റൊരു വസ്തുത കേരളം കാര്‍ഷിക സമൂഹമാണെന്നതാണ്. കൃഷിയും മഴയെ ആശ്രയിച്ചുള്ള ഒരു ചൂതുകളിയാണ്. ജലസേചനത്തിന്റെ പ്രാധാന്യം പറഞ്ഞറിയിക്കാവതല്ല. കേരളത്തില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ നല്ലൊരു ശതമാനം ലോകബാങ്കിന്റെയും ജപ്പാന് കുടിവെള്ള കമ്പനികളുടെയും സാമ്പത്തികസഹായത്തോടെ നടപ്പാക്കുന്നതാണ്. ഈ വായ്പകള്‍ക്ക് നല്കുന്ന അനുമതിയിലുപരി കേന്ദ്ര റോള്‍ പരിമിതമാണ്. വികസന പ്രോത്സാഹകനായ പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നത് സര്‍ക്കാരിന്റെ ഇടപെടല്‍ അടിസ്ഥാന മേഖലയില്‍ മാത്രമായിരിക്കുമെന്നും വന്‍കിട പദ്ധതികള്‍ സ്വകാര്യ മേഖലയിലായിരിക്കുമെന്നുമാണല്ലോ? ഇപ്പോള്‍ ജലനയം ഇതെല്ലാം ജലരേഖയാക്കുകയാണ്. വെള്ളവും വൈദ്യുതിയും സ്വകാര്യ ഏജന്‍സികള്‍ക്ക് വിടരുത്. ഇത് ജനവിരുദ്ധ നടപടിയാണ്. വൈദ്യുതി-ജലവിതരണം പൊതുമേഖലക്ക് വിട്ടാല്‍ കാര്യക്ഷമമാകില്ല എന്ന് വിലയിരുത്തിയ സര്‍ക്കാരാണ് ഇപ്പോള്‍ സ്വകാര്യവല്‍ക്കരണത്തെപ്പറ്റി ചിന്തിക്കുന്നത്.
ഇപ്പോള്‍ വൈദ്യുതി ഉല്പാദനച്ചെലവിന് ആനുപാതികമായി വില നിര്‍ണയിക്കാന്‍ താരിഫ് റെഗുലേറ്ററി കമ്മീഷന് നിലവിലുണ്ട്. പക്ഷെ ഇവ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി ചെലവിന് അനുസൃതമായ വില നിര്ണയിക്കുന്നില്ലത്രേ. സര്‍ക്കാര്‍ സേവനദാതാവിന്റെ റോള്‍ ഉപേക്ഷിച്ച് ജലവിതരണം സ്വകാര്യ മേഖലയെയും ഏജന്‍സികളെയും ഏല്‍പ്പിച്ച്, കാര്‍ഷിക-ഗാര്‍ഹിക ഉപയോഗത്തിനുള്ള വെള്ളത്തിന്റെ സബ്സിഡി പൂര്‍ണമായി പിന്‍വലിക്കാനാണ് ലക്ഷ്യമിടുന്നത്. കാര്‍ഷിക വൈദ്യുതി കണക്ഷനും വേണ്ടെന്നാണ് പ്ലാനിംഗ് കമ്മീഷന് നിലപാട്. വെള്ളത്തിന് വിപണിവില ഈടാക്കാന്‍ നിര്‍ദ്ദേശിക്കുമ്പോള്‍ ഈ വില നിര്‍ണയിക്കാനുള്ള അവകാശവും സ്വകാര്യ കമ്പനിക്ക് കൈമാറും. പെട്രോള്‍ വില നിയന്ത്രണം കമ്പനികള്‍ക്ക് വിട്ടതിന്റെ ആഘാതം താങ്ങാന്‍ കഴിയാത്ത ജനതയുടെ മേല്‍ മറ്റൊരാഘാതം കൂടി പ്ലാനിംഗ് കമ്മീഷന് പ്ലാന്‍ ചെയ്യുന്നു. കുടിക്കാന്‍ ശുദ്ധജലം മനുഷ്യാവകാശമാണെന്നിരിക്കെ വെള്ളം അടിസ്ഥാന അവകാശമാണെന്ന് പ്ലാനിംഗ് കമ്മീഷന് അംഗീകരിച്ചുകാണുന്നില്ല. കുടിവെള്ള ജലസേചന സബ്സിഡി നിര്‍ത്തലാക്കി ചെലവ് ഉപയോക്താക്കള്‍ നല്കട്ടെ എന്ന നിലപാട് തെളിയിക്കുന്നത് സര്‍ക്കാര്‍ സേവനദാതാവല്ല എന്നാണ്. എന്തിനാണ് ഇങ്ങനെ ജനദ്രോഹപരമായ ഒരു ഭരണകൂടം?
പ്രതികരിക്കാൻ ഇവിടെ എഴുതുക: