ആ ശബ്ദസാഗരം നിലച്ചിരിക്കുന്നു. കേരളത്തിലങ്ങോളമിങ്ങോളം നിരന്തരവും ചിലപ്പോഴൊക്കെ കേരളത്തിന്റെ അതിരുകള്‍ മായ്ച്ചും പതിറ്റാണ്ടുകളോളം മുഴങ്ങിയിരുന്ന സാംസ്ക്കാരിക ഗര്‍ജ്ജനം നിലച്ചിരിക്കുന്നു. ഡോ. സുകുമാര്‍ അഴീക്കോടിന്റെ വിയോഗം കേരളത്തിന്റെ സാമൂഹ്യ, സാംസ്ക്കാരിക സാഹിത്യ മേഖലകളില്‍ സൃഷ്ടിക്കുന്ന ശൂന്യത നികത്താന്‍ മറ്റൊരു അഴീക്കോടുതന്നെ വേണ്ടിവരുമെന്ന കാര്യത്തില്‍ അക്ഷരവുമായി ബന്ധമുള്ള ആര്‍ക്കും സംശയമുണ്ടാകുമെന്ന് തോന്നുന്നില്ല. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന, അവരെ ആശങ്കാകുലരാക്കുന്ന, രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രതിസന്ധി നേരിടുന്ന ഏതു പ്രശ്നത്തിലും അഴീക്കോട് എന്തു പറയുന്നു എന്നതിന് അദ്ദേഹം വിടവാങ്ങുന്നതുവരെ കേരളം കാതോര്‍ത്തിരുന്നു. ഉത്തരമില്ലാത്ത പല പ്രശ്നങ്ങളിലും ഉത്തരമുണ്ടായിരുന്നിട്ടും ഉച്ചത്തില്‍ പറയാതിരുന്ന പ്രശ്നങ്ങളിലും കേരളത്തിന്റെ മനഃസാക്ഷിയായി വര്‍ത്തിച്ചുകൊണ്ട് ജനങ്ങള്‍ക്കുവേണ്ടി പ്രതികരിച്ച ആളായിരുന്നു അദ്ദേഹം. സാക്ഷരതയും പ്രബുദ്ധതയും വേണ്ടുവോളം ഉണ്ടായിരുന്നിട്ടും ആലസ്യം മുഖമുദ്രയാക്കിയ കേരളീയ ജനതയെ അതില്‍നിന്ന് തട്ടിയുണര്‍ത്തി പ്രതികരണ ക്ഷമതയുള്ളവരാക്കി മാറ്റിയതില്‍ അഴീക്കോടിന്റെ പങ്ക് വളരെ വലുതാണ്. അഴീക്കോടിനോട് യോജിക്കുന്നവരും വിയോജിക്കുന്നവരും അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിക്കുന്നവരും നമുക്കിടയില്‍ ധാരാളമുണ്ടായിരുന്നു. ഈ യോജിപ്പിലും വിയോജിപ്പിലും വിമര്‍ശനത്തിലും സത്യവുമുണ്ടായിരുന്നു. എന്നാല്‍ സ്വന്തം പ്രതിഛായയെ പേടിക്കാതെ, പ്രതിഫലം എന്തുകിട്ടുമെന്ന് പ്രതീക്ഷിക്കാതെ വിഷയങ്ങളെ സമീപിച്ച് തന്റേതായ അഭിപ്രായം പ്രകടിപ്പിക്കാന്‍ അഴീക്കോട് കാണിച്ച ധീരത അന്യാദൃശമാണ്. അഴീക്കോടിന്റെ വേര്‍പാടോടെ കേരളത്തിന്റെ സാമൂഹ്യ രംഗത്തെ സജീവസാന്നിധ്യമായിരുന്ന ഒരു സര്‍ഗാത്മക വ്യക്തിത്വമാണ് എന്നേക്കുമായി നഷ്ടമാകുന്നത്.
എഴുത്തുകാരനെന്ന നിലയില്‍ മലയാള സാഹിത്യത്തിന് അഴീക്കോട് നല്കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. ‘ആശാന്റെ സീതാകാവ്യം’ മുതല്‍ അവസാനം രചിച്ച ‘നട്ടെല്ല് എന്ന ഗുണം’ എന്ന പുസ്തകം വരെ അദ്ദേഹത്തിന്റെ വിചാരധാരകള്‍ പരന്നുകിടക്കുന്നു. എഴുതാനുറച്ചതൊന്നും വിവാദങ്ങളെ ഭയന്ന് അഴീക്കോട് എഴുതാതിരുന്നിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പല കൃതികളും വിവാദങ്ങള്‍ സൃഷ്ടിച്ചു. രമണനും മലയാള കവിതയും, ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു, മലയാള സാഹിത്യ വിമര്‍ശനം, ഖണ്ഡനവും മണ്ഡനവും, വായനയുടെ സ്വര്‍ഗ്ഗത്തില്‍, പുരോഗമന സാഹിത്യവും മറ്റും, വിശ്വസാഹിത്യ പഠനങ്ങള്‍ എന്നിവയാണ് അഴീക്കോടിന്റെ പ്രമുഖമായ സാഹിത്യരചനകള്‍. ആയിരത്തിത്തൊള്ളായിരത്തി അറുപത്തിമൂന്നില്‍ പുറത്തിറങ്ങിയ ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്ന ഗ്രന്ഥം ഉയര്‍ത്തിയ വിവാദത്തിന്റെ അലകള്‍ ഇന്നും കെട്ടടങ്ങിയിട്ടില്ല. ഒരു കാലത്ത് തന്റെ ഗുരുനാഥന് തുല്യനായ ശങ്കരക്കുറുപ്പിനെയാണ് ഈ ഗ്രന്ഥത്തില്‍ അഴീക്കോട് അതിരൂക്ഷമായി വിമര്‍ശിച്ചത്. ശങ്കരക്കുറുപ്പ് കവിയല്ലെന്നുവരെ അതില്‍ അദ്ദേഹം പറഞ്ഞുവെച്ചു. അന്നുമുതല്‍ നിശിതമായ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടും ഈ ഗ്രന്ഥത്തിലെ ഒരു വാക്കോ വരിയോ മാറ്റാന്‍ അഴീക്കോട് തയ്യാറായിരുന്നില്ല. എഴുതിയതിലുള്ള വിശ്വാസം തന്നെയാണ് ഇതിനു കാരണം.
എഴുത്തുകാരനെന്ന നിലയില്‍ സുകുമാര്‍ അഴീക്കോടിനെ മഹത്വത്തിന്റെ കൊടുമുടിയില്‍ പ്രതിഷ്ഠിച്ചത് ആയിരത്തിത്തൊള്ളായിരത്തി എണ്പത്തിനാലില് പുറത്തുവന്ന തത്വമസിയായിരുന്നു. ഉപനിഷത്തുകളെക്കുറിച്ച് അതുവരെ പണ്ഡിതന്മാര് പറയാതിരുന്ന തരത്തില്‍ വായനക്കാരെ ഹഠാദാകര്‍ഷിക്കുന്ന വിധമുള്ള രചനയാണ് തത്വമസി. ഈ ഗ്രന്ഥത്തിനും വിമര്‍ശനങ്ങള്‍ കാര്യമായി ഏല്‍ക്കേണ്ടിവന്നെങ്കിലും തത്വമസിക്കു മുന്‍പും പിന്‍പും ഇത്തരമൊരു രചനയ്ക്ക് മറ്റാര്‍ക്കും കഴിഞ്ഞില്ലെന്ന സത്യം അവശേഷിക്കുന്നു. ഈ ഗ്രന്ഥരചനയ്ക്കായി ഉപനിഷത്തുകളെ സവിശേഷമായും ഭാരതീയ തത്വചിന്തയെ പൊതുവായും അറിയാനും ഉള്‍ക്കൊള്ളാനും അഴീക്കോട് അനുഷ്ഠിച്ച തപസ്സ് അപാരമായിരുന്നു. നിതാന്തമായ ഒരു പഠനത്തിലൂടെയല്ലാതെ ഇത്തരമൊരു ഗ്രന്ഥം പുറത്തുവരുമായിരുന്നില്ല. ജനജീവിതത്തിന്റെ നൈമിഷിക പ്രശ്നങ്ങളോടുപോലും നിരന്തരം മല്ലിട്ട് പ്രതികരിച്ചുകൊണ്ടിരുന്ന ഒരാളില്‍നിന്ന് ഇത്തരമൊരു സൃഷ്ടി ഉണ്ടാവുക അത്ഭുതകരമാണ്. അഴീക്കോടില്‍ അന്തര്‍ലീനമായിരുന്ന ആത്മീയധാരയാണ് ഇതിന് കാരണം. തത്വമസിയില്‍ ഉടനീളം ഇത് കാണാം. ഗുരുവായ വാഗ്ഭടാനന്ദനുമായുള്ള ആത്മീയബന്ധമാണ് ഇത്തരമൊരു അക്ഷരദൗത്യമേറ്റെടുക്കാനും പൂര്‍ത്തീകരിക്കാനും അഴീക്കോടിനെ പ്രേരിപ്പിച്ചതെന്ന് നിസ്സംശയം പറയാം. തത്വമസി ഇന്നും എണ്ണമറ്റ വായനക്കാരെ ആകര്ഷിച്ചുകൊണ്ടിരിക്കുന്നുവെന്നത് അഴീക്കോടിന്റെ മഹത്വത്തിന് തെളിവാണ്.
എഴുത്തുകാരനായി അറിയപ്പെട്ട അഴീക്കോട് പൂര്‍ണമായും ആ മേഖലയില്‍ നിലയുറപ്പിക്കാതെ പ്രഭാഷണത്തിന്റെ മാസ്മരിക വലയത്തില്പ്പെടുന്നതാണ് പിന്നീട് കണ്ടത്. പ്രഭാഷണ കലയിലെ പ്രതിഭാസമെന്ന് അഴീക്കോടിനെ വിശേഷിപ്പിച്ചാല്‍ തെറ്റില്ല. വേദികളില്‍നിന്ന് വേദികളിലേയ്ക്ക് കിലോമീറ്ററുകള്‍ സഞ്ചരിച്ച് മാറി മാറി പ്രസംഗിക്കാനുള്ള അഴീക്കോടിന്റെ ബൗദ്ധികശേഷി ഏത് പ്രഭാഷകരേയും അസൂയാലുവാക്കുന്നതായിരുന്നു. അഴീക്കോടിന്റെ പ്രസംഗം കേള്‍ക്കാന്‍ എത്തിയിരുന്നത് കേരളീയസമൂഹത്തിന്റെ ഒരു പരിഛേദം തന്നെയായിരുന്നു. അവരില്‍ പണ്ഡിതന്മാരും പാമരന്മാരും ഉണ്ട്. ഔന്നത്യമുള്ളവരും ഇല്ലാത്തവരും ഉണ്ട്. എല്ലാവരുമായി സംവദിക്കാനുള്ള ഭാഷാശേഷി അഴീക്കോടിന് സ്വായത്തമായിരുന്നു. ശ്രോതാക്കളില്‍ താന്‍ ആഗ്രഹിക്കുന്ന വിധത്തിലുള്ള പ്രതികരണം സൃഷ്ടിക്കാന്‍ പോന്ന തരംഗദൈര്‍ഘ്യം അഴീക്കോടിന്റെ പ്രഭാഷണത്തിനുണ്ടായിരുന്നു. കേട്ടാല്‍ മതിവരുന്നതായിരുന്നില്ല അഴീക്കോടിന്റെ പ്രഭാഷണം. പ്രഭാഷണത്തിനായി അദ്ദേഹത്തിന് ലഭിച്ചിരുന്നതും തെരഞ്ഞെടുത്തിരുന്നതുമായ വിഷയങ്ങളുടെ വൈപുല്യമായിരുന്നു ഇതിനു കാരണം. വിഷയം ഏതായാലും പ്രസംഗം അഴീക്കോടിന് അയത്ന ലളിതമായിരുന്നു. കെ.കരുണാകരനെക്കുറിച്ച് പറയുന്ന ലാഘവത്തോടെ കഠോപനിഷത്തിനെക്കുറിച്ച് പറയാനുള്ള കഴിവും അഴീക്കോടിനുണ്ടായിരുന്നു.
തിന്മകളെ ചെറുത്ത് തോല്‍പ്പിക്കാനുള്ള ധീരതയാണ് അഴീക്കോടിനെ കിടയറ്റ സാംസ്ക്കാരിക നായകനാക്കി മാറ്റിയത്. എതിര്‍ക്കുന്നവരെ അവര്‍ ആരു തന്നെയായാലും രൂക്ഷമായി എതിര്‍ക്കുന്ന സ്വഭാവമായിരുന്നു അഴീക്കോടിനുണ്ടായിരുന്നത്. വിമര്‍ശനത്തില്‍ വെള്ളം ചേര്‍ക്കാന്‍ അദ്ദേഹം ശ്രമിച്ചില്ല. വിമര്ശിക്കപ്പെടുന്നവന് ആരെന്നത് അദ്ദേഹത്തിന് പ്രശ്നമായിരുന്നില്ല. രാഷ്ട്രീയനേതാക്കളും എംഎല്‍എമാരും മന്ത്രിമാരും മുഖ്യമന്ത്രിമാരും സഹയാത്രികരായ എഴുത്തുകാരുമൊക്കെ അഴീക്കോടിന്റെ വിമര്‍ശനമേറ്റ് പുളഞ്ഞിട്ടുള്ളവരാണ്. വിമര്‍ശിക്കാന്‍ വേണ്ടിയുള്ള വിമര്‍ശനം അഴീക്കോട് നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ അഴീക്കോടിനെ പേടിച്ചാണ് പല ഭരണാധികാരികളും വഴി നടന്നിരുന്നത് എന്നുപോലും പറയാവുന്നതാണ്. ഒരുകാലത്ത് കോണ്‍ഗ്രസ് രാഷ്ട്രീയത്തോട് ആഭിമുഖ്യം ഉണ്ടായിരുന്നിട്ടും ആ പാര്‍ട്ടിയുടെ ഭരണാധികാരികളെ അദ്ദേഹം നിരന്തരമായി വിമര്‍ശിച്ചു. ഇടക്കാലത്ത് ഇടതുപക്ഷത്ത് പ്രത്യക്ഷപ്പെട്ടപ്പോള്‍ അതിന്റെ നേതാക്കളേയും അദ്ദേഹം വെറുതെവിട്ടില്ല. അഴീക്കോടിനെ സ്വന്തമാക്കാന്‍ ശ്രമിച്ചവര്‍ പലരുമുണ്ട്. സ്വപക്ഷത്തു നിര്‍ത്തി പ്രതികരിപ്പിച്ചവരുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റേത് ഇടതുപക്ഷമൊ വലതുപക്ഷമോ ഒന്നുമായിരുന്നില്ല. മറിച്ച് ഭാരതീയ പക്ഷമായിരുന്നു. സ്വന്തം സംഘടനയ്ക്ക് അദ്ദേഹം നല്കിയ പേരുതന്നെ നവഭാരതി വേദി എന്നായിരുന്നു. കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്ക്കാരിക രംഗത്ത് ഇന്ന് ചില നന്മകളെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അതിന് വലിയൊരളവോളം അഴീക്കോടിനോട് കടപ്പെട്ടിരിക്കുന്നു. ആചാര്യപാദങ്ങളില്‍ ഞങ്ങളുടെ അക്ഷരപ്രണാമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: