കോട്ടയം : നാഗമ്പടത്ത് വൃദ്ധയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇതുവരെ പിടികൂടാനായില്ല. കൊല്ലപ്പെട്ട കൊപ്പുഴ കടവ് ഇളപ്പുങ്കല്‍ തങ്കമ്മയുടെ വീട്ടില്‍ നിന്നും ലഭിച്ച വിരലടയാളത്തെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പോലീസ് അന്വേഷണം നീങ്ങുന്നത്. കൊലപാതകികളെക്കുറിച്ച് വിവരം ലഭിക്കാന്‍ സൈബര്‍ സെല്ലിണ്റ്റെ സഹായവും പോലീസ് തേടിയിട്ടുണ്ട്. ഇതുവരെ നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്‍പതോളം പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. സംഭവം നടന്ന വീടിനു സമീപത്തുനിന്നും ലഭിച്ച ചെരുപ്പ് കൊലപാതകികളുടേതാണെന്ന സംശയത്തില്‍ പോലീസ് ഫോറന്‍സിക് വിഭാഗത്തെ പരിശോധനയ്ക്കായി ഏല്‍പ്പിച്ചു. വീടിനു സമീപത്തായി കെട്ടിടം പണിയിലേര്‍പ്പെട്ടിരിക്കുന്ന അന്യസംസ്ഥാന തൊഴിളാളികളും പോലീസ് നിരീക്ഷണത്തിലാണ്. തങ്കമ്മയുടെ വീട്ടില്‍ പരിശോധന നടത്തിയ പോലീസിനു ലഭിച്ച കൊല്ലത്തുനിന്നും കോട്ടയത്തേക്കുള്ള ട്രെയിന്‍ ടിക്കറ്റും അന്വേഷണ വിധേയമാക്കിയിട്ടുണ്ട്. കൃത്യത്തിനു പിന്നില്‍ ഒന്നില്‍ കൂടുതല്‍ ആളുകളുണ്ടാകാമെന്നാണ് പോലീസ് നിഗമനം. വീട്ടിലെ വേലക്കാരി ചവിട്ടുവരി താന്നിക്കാട്ടുമാലി ഗ്രേസിയുടെ മൊഴിയില്‍ വന്ന വൈരുദ്ധ്യത്തിണ്റ്റെ പേരില്‍ അവരെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. തങ്കമ്മയുടെ കഴുത്തില്‍ കിടന്ന മാല, മൂന്നുവളകള്‍, കമ്മല്‍ ഉള്‍പ്പെടെ ഏഴുപവന്‍ സ്വര്‍ണ്ണാഭരണങ്ങളാണ് കൊലപാതകികള്‍ കവര്‍ച്ച ചെയ്തത്. ചൊവ്വാഴ്ച രാവിലെ ൧൧.൩൦നും ഉച്ചകഴിഞ്ഞ് ൩.൧൫നും ഇടയിലുള്ള സമയത്താണ് കൈപ്പുഴ കടവില്‍ ഇളപ്പുങ്കല്‍ പരേതനായ മത്തായിയുടെ ഭാര്യ തങ്കമ്മ (75) വെട്ടേറ്റ് കൊല്ലപ്പെട്ടത്. പ്രതികളെ പിടികൂടാന്‍ രഹസ്യപോലീസും രംഗത്തുണ്ട്. അന്വേഷണം ഊര്‍ജ്ജിതമാക്കാനും ഏകോപിപ്പിക്കാനുമായി സൗത്ത് സോണ്‍ എഡിജിപി ചന്ദ്രശേഖരന് ഇന്നലെ പോലീസ് ക്ളബ്ബിലെത്തി അന്വേഷണോദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കൊല്ലപ്പെട്ട തങ്കമ്മയുടെ സംസ്കാരം ഇന്നലെ ഉച്ചകഴിഞ്ഞ് ൩ന് കോട്ടയം ജെറുസലേം പള്ളിയില്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: