തൃശൂര്‍: സ്കൂള്‍ കലോത്സവ മത്സരങ്ങളില്‍ കലാപ്രതിഭ, കലാതിലകം പട്ടങ്ങള്‍ തിരിച്ചുകൊണ്ടു വരുന്നത് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് പറഞ്ഞു. കലോത്സവ മാന്വല്‍ പരിഷ്ക്കരിക്കുമെന്ന് നടത്തിപ്പില്‍ ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടു വരുമെന്നും മന്ത്രി തൃശൂരില്‍ അറിയിച്ചു.
കലോത്സവം നടത്തിപ്പിനെക്കുറിച്ച് ഉയര്‍ന്ന് വന്നിരിക്കുന്ന വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അപ്പീലുകള്‍ നിയന്ത്രിക്കണം. ഇതിന് നിലവിലുള്ള നിയമത്തിന് എന്ത് മാറ്റം വരുത്തണമെന്ന കാര്യം ആലോചിക്കും. ഈ രംഗത്തെ വിദഗ്ദ്ധരുമായി ചര്‍ച്ച ചെയ്ത് അടുത്ത കലോത്സവത്തിന് മുമ്പ് മാന്വല്‍ പരിഷ്ക്കരണം ഉള്‍പ്പടെയുള്ളവ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
കലാതിലകം, കലാപ്രതിഭ പട്ടങ്ങള്‍ തിരിച്ചുകൊണ്ടു വരുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ അതിനെ എതിര്‍ത്തും അനുകൂലിച്ചും അഭിപ്രായങ്ങള്‍ വന്നിട്ടുണ്ട്. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: