ഇസ്ലാമാബാദ്: പാക്കിസ്ഥാന് പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനിക്കെതിരായ കോടതിയലക്ഷ്യ കേസ് അടുത്ത മാസം ഒന്നിലേക്ക് മാറ്റി. സുപ്രീംകോടതിയില്‍ ഹാജരായ ഗിലാനി വാദത്തിനിടെ ഖേദപ്രകടനം നടത്തിയില്ല. ഭരണഘടനാപരമായ പരിരക്ഷ പ്രസിഡന്റിന് ഉണ്ടോയെന്ന കാര്യം അടുത്ത മാസം ഒന്നിന് കോടതി വ്യക്തമാക്കും.
സര്‍ദാരിക്കും പി.പി.പിയിലെ മറ്റ് നേതാക്കള്‍ക്കും എതിരെയുള്ള അഴിമതിക്കേസുകള്‍ പുനരാരംഭിക്കാനുള്ള നിര്‍ദ്ദേശം അവഗണിച്ചതിന്റെ പേരിലാണ് സുപ്രീംകോടതി ഗിലാനിക്ക് കോടതിയലക്ഷ്യ നോട്ടീസ് അയച്ചത്. ഇതേത്തുടര്‍ന്ന് ഇന്ന് അദ്ദേഹം കോടതിയില്‍ ഹാജരായി. കനത്ത സുരക്ഷയാണ് സുപ്രീംകോടതിയില്‍ ഏര്‍പ്പെടുത്തിയിരുന്നത്.
യാതൊരു വിധത്തിലുള്ള കോടതിയലക്ഷ്യ ശ്രമങ്ങളും തന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും കോടതിയെ താന്‍ ബഹുമാനിക്കുന്നുവെന്നും അതിനാലാണ് കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കുന്നതെന്നും ഗിലാനി പറഞ്ഞു. ഭരണഘടനാ പ്രകാരം പ്രസിഡന്റ് സര്‍ദാരിക്ക് പരിപൂര്‍ണ്ണ സംരക്ഷണം ഉണ്ടെന്നും ഗിലാനി ബോധിപ്പിച്ചു. ഭരണഘടനാ സ്ഥാപനങ്ങളായ പാര്‍ലമെന്റും ജുഡീഷ്യറിയും തമ്മില്‍ നേര്‍ക്കുനേരെയുള്ള പോരല്ല വേണ്ടതെന്നും രാജ്യത്തിന് സുസ്ഥിരമായ ഭരണമാണ് വേണ്ടതെന്നും ഗിലാനി സുപ്രീംകോടതിയില്‍ വിശദീകരിച്ചു.
സര്‍ദാരി ഭരണഘടനാപരമായി നിയമപരിരക്ഷ അനുഭവിക്കുന്ന ആളാണെന്നും അതിനാല്‍ അദ്ദേഹത്തിന് എതിരെയുള്ള അഴിമതി കേസുകളുമായി ബന്ധപ്പെട്ട് സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാരിനു കത്തെഴുതാന്‍ ഭരണഘടനാപരമായി പരിമിതിയുണ്ടെന്നും ഗിലാനി ചൂണ്ടിക്കാട്ടി. സര്‍ദാരി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നിടത്തോളം കാലം ഭരണഘടനയിലെ വകുപ്പ് 248 പ്രകാരം അദ്ദേഹത്തിന് പരിരക്ഷയുണ്ട്. അതേസമയം ഇതു സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ നല്കാന് കഴിയുന്നത് നിയമസെക്രട്ടറിക്കാണെന്നും ഗിലാനിയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചു. ഇക്കാര്യം എന്തുകൊണ്ട് ഇതുവരെ അറിയിച്ചില്ലെന്ന് കോടതി ചോദിച്ചു.
ഗിലാനിയുടെ വാദം പൂര്‍ത്തിയായതോടെ കേസ് പരിഗണിച്ച ജസ്റ്റീസുമാരിലൊരാളായ അസിഫ് സയിദ് ഖോസ, രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരു പ്രധാന ദിവസമാണ് ഇന്നെന്ന് പറഞ്ഞു. രാജ്യത്തിന്റെ പ്രധാനമന്ത്രി കോടതിക്ക് മുമ്പാകെ ഹാജരായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മാസം ഒന്നിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും ഗിലാനിയെ കോടതി ഒഴിവാക്കി.
പാക്കിസ്ഥാനില്‍ കോടതിയലക്ഷ്യ കേസില്‍ വിചാരണ നേരിടുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയാണ് ഗിലാനി. ദേശീയ അനുരഞ്ജന ഓര്‍ഡിനന്‍സ് (എന്‍.ആര്.ഒ) പ്രകാരം അവസാനിപ്പിച്ച അഴിമതിക്കേസുകളില്‍ പുനരന്വേഷണം വേണമെന്ന സുപ്രീംകോടതിയുടെ നിര്‍ദ്ദേശം അവഗണിച്ചതിനെ തുടര്‍ന്നാണ് ഗിലാനിക്കെതിരെ കോടതിയലക്ഷ്യ കേസെടുത്തത്. പാക് പ്രസിഡന്റ് അസിഫ് അലി സര്‍ദാരിക്കെതിരായ അഴിമതിക്കേസും ഇതില്‍ ഉള്‍പ്പെടുന്നു.
അതിനിടെ രഹസ്യ കത്ത് വിവാദത്തെ തുടര്‍ന്ന് പാക് പ്രതിരോധ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കം ചെയ്തതിനെതിരെ ലഫ്.ജനറല്‍ ഖാലിദ് നയിം ലോധി സമര്‍പ്പിച്ച ഹര്ജിയിന്മേല് സര്‍ദാരിക്കും ഗിലാനിക്കും ഇസ്ലാമാബാദ് ഹൈക്കോടതി നോട്ടീസ് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: