തിരുവനന്തപുരം: ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ട ഇരുന്നൂറ്റി അമ്പതിലേറെ പേരുടെ ഇ-മെയില്‍ സംസ്ഥാന പോലീസ് ചോര്‍ത്തുന്നതായി ആരോപിച്ച് ജമാഅത്തെ ഇസ്ലാമിയുടെ മുഖവാരിക പ്രസിദ്ധീകരിച്ച ലേഖനം വിവാദമാകുന്നു. മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ ഇന്നലെ നടത്തിയ വെളിപ്പെടുത്തലാണ് വാരികയെ പ്രതിക്കൂട്ടിലാക്കുന്നത്. ഇ-മെയില്‍ സംബന്ധിച്ച അന്വേഷണത്തിന് വിധേയരായവരില്‍ ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടവരുടെ മാത്രം പേരുകള്‍ പ്രസിദ്ധീകരിക്കുകയും അതേ അന്വേഷണത്തിന് വിധേയരായ ഇതര സമുദായാംഗങ്ങളുടെ പേരുകള്‍ മനപൂര്‍വം തമസ്കരിക്കുകയും ചെയ്യുക വഴി വാരിക പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചതായി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സമുദായസ്പര്‍ധ വളര്‍ത്താനാണ് വാരികയുടെ ശ്രമമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിവാദവാര്‍ത്ത സംബന്ധിച്ച മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലോടെ സംസ്ഥാനത്തെ സമുദായസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടന്നതായി വ്യക്തമായി. കഴിഞ്ഞ ദിവസം ക്ഷേത്രമുറ്റത്ത് ഗര്‍ഭിണിയായ പശുവിനെ കഴുത്തുറത്ത് കൊന്ന നടപടിയും സമുദായസൗഹാര്‍ദ്ദം തകര്‍ക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇസ്ലാമിക തീവ്രവാദികളും അവരെ പിന്തുണക്കുന്ന സംഘടനകളുമാണ് ഹീനമായ ഇത്തരം ശ്രമങ്ങള്‍ക്ക് പിന്നില്‍.
ഒരു മതവിഭാഗത്തില്‍പ്പെട്ടവരുടെ മാത്രം ഇ-മെയില്‍ പരിശോധിക്കുന്നതായി വന്ന വാര്‍ത്ത നിര്‍ഭാഗ്യകരമായിപ്പോയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇ-മെയില്‍ വിലാസങ്ങള്‍ ആരുടേതെന്ന് പരിശോധിക്കാന്‍ നിര്‍ദ്ദേശിക്കുക മാത്രമാണ് ചെയ്തത്. അല്ലാതെ ആരുടെയും മെയിലില്‍ കടന്ന് പരിശോധിച്ചിട്ടില്ല. ഇത്തരം പരിശോധനകള്‍ അത്യാവശ്യഘട്ടങ്ങളില്‍ നടത്താന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. സുരക്ഷയെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ഇത്തരം വാര്‍ത്തകളിലൂടെ ചേരിതിരിവ് ഉണ്ടാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നത് നിര്‍ഭാഗ്യകരമാണ്. പ്രതിപക്ഷനേതാവിനെപ്പോലുള്ളവര് അത്തരം വാര്‍ത്തകള്‍ ഏറ്റുപിടിക്കുന്നതും വേദനാജനകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവാദവാര്ത്തയും പട്ടികയും പ്രസിദ്ധീകരിച്ച വാരിക പൂര്‍ണ വിവരങ്ങളും പൂര്‍ണ പട്ടികയുമല്ല പ്രസിദ്ധീകരിച്ചതെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചു. 268 പേരുള്ള പട്ടികയില്‍ വാരിക പ്രസിദ്ധീകരിച്ചത് 257 പേരുകള്‍ മാത്രമാണ്. ഇതര മതസ്തരുടെ പേരുകള്‍ ഒഴിവാക്കിയത് ദുരുദ്ദേശ്യപരമാണ്. ഇ-മെയില്‍ വിലാസംതന്നെ പേര് മാറ്റിയും നിര തെറ്റിച്ചുമാണ് വാരിക പ്രസിദ്ധീകരിച്ചത്. എന്തുകൊണ്ട് ഇങ്ങനെ ചെയ്തുവെന്ന് വാരിക വിശദീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേരളാ പോലീസിന്റെ നിരീക്ഷണത്തിലുള്ള ഒരാളില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ വെളിച്ചത്തിലാണ് അന്വേഷണം നടത്തിയത്. പതിവ് രീതിയിലുള്ള അന്വേഷണം മാത്രമാണിത്. അസ്വാഭാവികമായി യാതൊന്നുമില്ല, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം ഇ-മെയില്‍ വിവാദത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണ്ടെന്ന് തീരുമാനിച്ചു. അതേ അവസരത്തില്‍ പ്രശ്നം പത്രപ്രവര്‍ത്തകരുടെ സംഘടനകളുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച ചെയ്യണമെന്നും മന്ത്രിസഭാ യോഗം നിര്‍ദ്ദേശിച്ചു. പോലീസ് ആരുടേയും ഇ-മെയില്‍ ചോര്‍ത്തിയിട്ടില്ലെന്ന് ഇന്റലിജന്‍സ് മേധാവി ടി.പി. സെന്‍കുമാര്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഒരു വ്യക്തിയില്‍നിന്നാണ് 275 പേരുടെ ഇ-മെയില്‍ വിലാസം ലഭിച്ചത്. ഇതില്‍ എല്ലാ മതവിഭാഗങ്ങളിലും ഉള്ളവര്‍ ഉള്‍പ്പെട്ടിരുന്നു. ആരുടെയും പാസ്വേഡോ മറ്റ് വിശദാംശങ്ങളോ പോലീസ് ആവശ്യപ്പെട്ടിരുന്നില്ല. ‘ലോഗ് ഇന്‍’ വിവരങ്ങള്‍ മാത്രമാണ് ആരാഞ്ഞതെന്നും ഇന്റലിജന്‍സ് മേധാവി മുഖ്യമന്ത്രിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിനിടെ സംഭവം ഗൗരവത്തോടെ കാണണമെന്നും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും മന്ത്രിസഭാ യോഗത്തില്‍ മുസ്ലീംലീഗ് മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു. വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമത്തിനെതിരെ കേസെടുക്കണമെന്നും അഭിപ്രായമുയര്‍ന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: