കോഴിക്കോട് : പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരായ വിജിലന്‍സ് കേസില്‍ വ്യാഴാഴ്ച മുതല്‍ അന്വേഷണം ആരംഭിക്കും. ഇതിന് മുന്നോടിയായി അന്വേഷണം ഏറ്റെടുത്തതായി കാണിച്ച് ഡി.വൈ.എസ്.പി വി. കുഞ്ഞന്‍ ഇന്ന് കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഭൂമി പതിച്ചുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിച്ച വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ്, മുഖ്യമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളിലെ രേഖകള്‍ പരിശോധിക്കും. സാക്ഷികളെ ആയിരിക്കും ആദ്യം ചോദ്യം ചെയ്യുക. പ്രാഥമിക അന്വേഷണം നടത്തിയ കാസര്‍കോട് വിജിലന്‍സ് ഡി.വൈ.എസ്.പി പി. കുഞ്ഞിരാമന് അടക്കമുള്ളവരില്‍ നിന്നു മൊഴി രേഖപ്പെടുത്തും. വി.എസ് അടക്കമുള്ള പ്രതികളെ കേസിന്റെ അന്തിമ ഘട്ടത്തിലേ ചോദ്യം ചെയ്യുകയുള്ളു.
പുര്‍ണ്ണമായും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കില്ല ഇപ്പോഴത്ത അന്വേഷണം. ആറ് മാസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കാമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. അന്വേഷണ ഉദ്യോഗസ്ഥന്റെ ആസ്ഥാനം കോഴിക്കോടാണെങ്കിലും കാസര്‍കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലായിരിക്കും പ്രധാനമായും ചോദ്യം ചെയ്യലും തെളിവെടുപ്പും.
കേസില്‍ ഇപ്പോള്‍ പ്രതി ചേര്‍ക്കാത്ത ചിലരുടെ പങ്കാളിത്തം കൂടി അന്വേഷണ വിധേയമാക്കും. ഉത്തരമേഖല വിജിലന്‍സ് എസ് പി ഹബീബ് റഹ്മാനാണ് അന്വേഷണത്തില്‍ മേല്‍നോട്ടം വഹിക്കുക. മുന്‍ റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രന്, മുന്‍ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ കെ.ആര്. മുരളീധരന്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷീല തോമസ്, ഭൂമി ലഭിച്ച വി.എസിന്റെ ബന്ധു ടി.കെ. സോമന്, മുന്‍ കാസര്‍കോട് ജില്ലാ കലക്റ്റര്‍മാരായ കൃഷ്ണന്‍കുട്ടി, ആനന്ദ് സിങ്, പഴ്സണല്‍ അസിസ്റ്റന്റ് പി. സുരേഷ് എന്നിവരാണ് രണ്ടു മുതല്‍ എട്ടുവരെയുള്ള പ്രതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: