ഇസ്ലാമാബാദ്: പാക്കിസ്ഥാന് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി രാജി സന്നദ്ധത അറിയിച്ചു. പാര്‍ലമെന്റ് ആവശ്യപ്പെട്ടാല്‍ രാജി വയ്ക്കാന്‍ തയാറാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണു ഗിലാനി നിലപാടു വ്യക്തമാക്കിയത്.
രാവിലെ ഗിലാനിക്കെതിരേ കോടതിയലക്ഷ്യക്കേസെടുത്ത സുപ്രീംകോടതി 19നു നേരിട്ടു ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നു പ്രസിഡന്റുമായും പാര്‍ട്ടി നേതാക്കന്മാരുമായും ഭരണ മുന്നണികളുമായും ഗിലാനി കൂടിക്കാഴ്ച നടത്തി. എന്നാല്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിന്റെയും ആരോപണങ്ങളുടെയും പേരില്‍ രാജി വയ്ക്കില്ലെന്നു ഗിലാനി വ്യക്തമാക്കി.
പാക് നാഷനല്‍ അസംബ്ലി ഇന്നു വൈകിട്ട് 5.30നു പാക്കിസ്ഥാന് ഭരണസംവിധാനത്തില്‍ പാര്‍ലമെന്റിനുളള പരമാധികാരം വ്യക്തമാക്കുന്ന പ്രമേയം വോട്ടിനിടും. ഈ വോട്ടെടുപ്പിനു ശേഷം രാജിസംബന്ധിച്ച അന്തിമ തീരുമാനമെടുക്കുമെന്നാണു ഗിലാനി വ്യക്തമാക്കിയത്.
അതേസമയം മെമ്മൊഗേറ്റ് വിവാദം സംബന്ധിച്ച കേസ് പരിഗണിക്കുന്നതു പാക് സുപ്രീംകോടതി നാളത്തേക്കു മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: