തൃശ്ശൂര്‍: അമ്പത്തിരണ്ടാമത്ത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് പതാക ഉയര്‍ന്നു. ലളിതവും പ്രൗഡഗംഭീരവുമായ സദസില്‍ ഡി.പി.ഐ എ ഷാജഹാനാണ് പതാക ഉയര്‍ത്തിയത്. വൈകിട്ട് നാലിന് കോര്പ്പറേഷന് സ്റ്റേഡിയത്തിലെ മുഖ്യവേദിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിക്കും. ഉച്ചയ്ക് രണ്ടര മണിക്ക് ഘോഷയാത്ര ആരംഭിക്കും.
വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ ഗാനഗന്ധര്വന് ഡോ.കെ.ജെ.യേശുദാസാണ് വിശിഷ്ടാതിഥി. കലാമണ്ഡലം ക്ഷേമാവതിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നൃത്തശില്പത്തോടെയാണ് അമ്പത്തിരണ്ടാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് അരങ്ങുണരുക. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ആദ്യമായി ഘോഷയാത്രയുടെ വിളംബരഗാനവും ഇത്തവണ ചിട്ടപ്പെടുത്തിയിട്ടുണ്ട്.
ആദ്യദിനത്തില്‍ നാല് വേദികളില്‍ വൈകീട്ട് 6 മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. പ്രധാന വേദിയായ കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ ഹൈസ്കൂള്‍ വിഭാഗം മോഹിനിയാട്ടവും ഏഴാം വേദിയായ ടൗണ്‍ഹാളില്‍ ഹയര്‍സെക്കന്‍ഡറി പെണ്‍കുട്ടികളുടെ കുച്ചുപ്പുഡിയും വേദി പതിമൂന്ന് സേക്രഡ് ഹാര്‍ട്ട് സ്കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം ആണ്‍കുട്ടികളുടെ കേരളനടനവും വേദി പതിനഞ്ച് വിവേകോദയം സ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗം സംസ്കൃതം പദ്യം ചൊല്ലലും 7.30ന് ഹയര്‍സെക്കന്‍ഡറി വിഭാഗം സംസ്കൃതം പദ്യംചൊല്ലലും നടക്കും.
നാളെ മുതല്‍ രാവിലെ 9 മണിക്ക് മത്സരങ്ങള്‍ ആരംഭിക്കും. 17 വേദികളിലായാണ് കൗമാരകലാമേളയുടെ പ്രതിഭകളുടെ സര്‍ഗവാസനകള്‍ വിടരുന്ന മത്സരങ്ങള്‍ നടക്കുക. മൊത്തം സംസ്ഥാനത്തെ 14 ജില്ലകളില്‍നിന്നായി 7,597 പേരാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഇതില്‍ 407 പേര് അപ്പീലുമായി എത്തിയവരാണ്. മേളയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. അക്വാട്ടിക് കോംപ്ലക്സിനോടുചേര്ന്നുള്ള വിശാലമായ പന്തലിലാണ് ഭക്ഷണശാല ഒരുക്കിയിരിക്കുന്നത്.
2006 മുതല്‍ സംസ്ഥാനയുവജനോത്സവങ്ങള്ക്ക് ഭക്ഷണമൊരുക്കുന്ന പഴയിടം മോഹനന് നമ്പൂതിരി തന്നെയാണ് ഇത്തവണയും കലവറയുടെ ചുമതല. ഒരേസമയം രണ്ടായിരം പേര്‍ക്ക് ഭക്ഷണം കഴിക്കാവുന്ന തരത്തിലുള്ള പന്തലാണ് ഒരുക്കിയിരിക്കുന്നത്. പലഘട്ടങ്ങളിലായി ആയിരത്തോളം അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഭക്ഷണംവിളമ്പാന് ഒരുങ്ങിയിട്ടുണ്ട്. ആദ്യദിവസത്തില്‍ പതിനായിരം പേരെയാണ് പ്രതീക്ഷിക്കുന്നത്. രാവിലെ എട്ട് മണി മുതല്‍ രജിസ്ട്രേഷന് ആരംഭിക്കും. നഗരത്തിലെ വിവിധ സ്കൂളുകളിലാണ് മത്സരാര്‍ത്ഥികള്‍ക്കുള്ള താമസസൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വിദ്യാര്‍ത്ഥികളെയും ഒപ്പമുള്ളവരെയും താമസസ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് വിപുലമായ ഗതാഗതസൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്രമസമാധാനത്തിന് പോലീസിന് പുറമെ സ്റ്റുഡന്റ്സ് പോലീസും സ്കൗട്ട്, ഗൈഡ് എന്നിവരും രംഗത്തുണ്ട്. കലോത്സവത്തില്‍ ജന്മഭൂമി ഒരുക്കുന്ന പവലിയന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് 4.30ന് കല്യാണ്‍സില്‍ക്സ് സി.എം.ഡി. ടി.എസ്.പട്ടാഭിരാമന് നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: