ഇസ്ലാമാബാദ്: കോടതിയലക്ഷ്യക്കേസില്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി നേരിട്ടു ഹാജരാകണമെന്നു സുപ്രീംകോടതി. ഈ മാസം 19ന് ഹാജരാകാനാണു നിര്‍ദേശം. പ്രസിഡന്റ് ആസിഫ് അലി സര്ദാരിക്കെതിരെയുളള അഴിമതിക്കേസുകള്‍ പുനരന്വേഷിക്കണമെന്ന കോടതി ഉത്തരവ് നടപ്പാക്കാത്തതിനെ തുടര്‍ന്നാണിത്.
ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുളള 17 അംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 2007ല്‍ പര്‍വേസ് മുഷറഫ് കൊണ്ടുവന്ന നാഷനല്‍ റീ കോണ്സുലേഷന് ഓര്‍ഡിനന്‍സ് കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതി നടപടി. ബേനസീര്‍ ഭൂട്ടോയ്ക്കും ആസിഫ് അലി സര്‍ദാരിക്കും പാക്കിസ്ഥാനിലേക്കു തിരിച്ചുവരാന്‍ അവസരമൊരുക്കാനാണു നാഷനല്‍ റീ കോണ്സുലേഷന് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.
സൈനിക ഭരണകാലത്തു നടന്ന അഴിമതിക്കേസുകള്‍ വിചാരണ ചെയ്യേണ്ടതില്ല എന്ന തീരുമാനമായിരുന്നു ഓര്‍ഡിനന്‍സില്‍ ഉണ്ടായിരുന്നത്. പിന്നീടിത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഇഫ്തിക്കര്‍ ചൗധരി റദ്ദാക്കി. ഇതിന്മേല് തുടര്‍ നടപടികളുമായി മുന്നോട്ടു പോകാന്‍ പാക് സര്‍ക്കാര്‍ വിസമ്മതിച്ചു. ഈ കേസിലാണു നിലപാടു വ്യക്തമാക്കാന്‍ സുപ്രീംകോടതി സര്‍ക്കാരിനോടു നിര്‍ദേശിച്ചത്.
എന്നാല്‍ രാവിലെ ഹാജരായ അറ്റോര്‍ണി ജനറല്‍ സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിയില്ല. ഇതേത്തുടര്‍ന്നാണു ഗിലാനിക്കു സുപ്രീംകോടതി നോട്ടിസ് അയച്ചത്. മെമ്മൊഗേറ്റ് വിവാദത്തിലും അഴിമതിക്കേസുകളിലുമായി പ്രതിസന്ധിയില്‍ നീങ്ങുന്ന പാക് ഭരണകൂടത്തിനു തിരിച്ചടിയായിരിക്കുകയാണു കോടതി നടപടി.
സര്‍ദാരിക്കെതിരെയുള്ള കേസുകള്‍ പുനരന്വേഷിക്കാന്‍ നടപടി എടുത്തില്ലെങ്കില്‍ പ്രധാനമന്ത്രി ഗിലാനിയെ അയോഗ്യനാക്കാന്‍ കഴിയുമെന്നും പ്രസിഡന്റ് സര്‍ദാരിക്കെതിരെ നടപടി ഉണ്ടാകുമെന്നും സുപ്രീംകോടതി ഈയിടെ താക്കീത് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: