ശബരിമല : തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ കൈവണങ്ങി മകരവിളക്കും മകരജ്യോതിയും ദര്‍ശിച്ച് ആത്മനിര്‍വൃതിയോടെ ഭക്തസഹസ്രങ്ങള്‍ മലയിറങ്ങി. ഭക്ത സഹസ്രങ്ങള്‍ ശരണ മന്ത്രഘോഷം മുഴക്കവേ ഇന്നലെ വൈകുന്നേരം 6.45 ഓടെയായിരുന്നു ഭഗവാന് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടന്നത്. ഈ സമയം കിഴക്കേ ചക്രവാളത്തില്‍ മകര നക്ഷത്രം ദൃശ്യമായി. ശബരിമലയുടെ മൂലസ്ഥാനമായ പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പ സ്വാമിയെ ദര്‍ശിക്കാന്‍ ആയിരക്കണക്കിന് ഭക്തരാണ് ദിവസങ്ങളായി സന്നിധാനത്ത് വിരിവെച്ച് കാത്തിരുന്നത്.
പന്തളം വലിയകോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നും ഘോഷയാത്രയായി കൊണ്ടുവന്ന തിരുവാഭരണങ്ങള്‍ 5.30 ഓടെ ശരംകുത്തിയിലെത്തി. ഇവിടെ നിന്നും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ എം.സതീഷ് കുമാര്‍ , അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസര്‍ സുരേഷ് കുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ.രാജന്, പി.ആര്.ഒ മുരളി കോട്ടയ്ക്കകം, സോപാനം എ.എസ്.ഒ ശ്രീകുമാര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ശ്യാമപ്രസാദ്, ദേവസ്വം ലെയ്സണ്‍ ഓഫീസര്‍ ബാലന്, ഡി.വൈ.എസ്.പി രാജ് മോഹന്‍, സന്നിധാനം എസ്.ഐ മനുരാജ്, തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സന്നിധാനത്തേക്ക് ആനയിച്ചു. കലശക്കുടപേടകവും, കൊടിപ്പെട്ടിയും മാളികപ്പുറത്തേക്കും തിരുവാഭരണ പേടകം പതിനെട്ടാംപടി കയറി തിരുമുറ്റത്തേക്കും എത്തിച്ചു. കൊടിമരച്ചുവട്ടിലെത്തിയ തിരുവാഭരണ പേടകത്തെ മന്ത്രി വി.എസ്.ശിവകുമാര്‍ , ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എം.രാജഗോപാലന്‍നായര്‍, മെമ്പര്‍മാരായ കെ.വി.പത്മനാഭന്, കെ.സിസിലി, ശബരിമല ചീഫ് കോര്‍ഡിനേറ്റര്‍ കെ.ജയകുമാര്‍, സ്പെഷ്യല്‍ കമ്മീഷണര്‍ എസ്.ജഗദീഷ് , ദേവസ്വം ചീഫ് എഞ്ചിനീയര്‍ കെ.രവികുമാര്‍, എ.ഡി.ജി.പി പി.ചന്ദ്രശേഖരന്, സന്നിധാനം സ്പെഷ്യല്‍ ഓഫീസര്‍ കെ.കെ. ചെല്ലപ്പന് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് സോപാനത്തേക്ക് എത്തിച്ച തിരുവാഭരണം തന്ത്രി കണ്ഠരര് മഹേശ്വരര്, മേല്‍ശാന്തി എന്‍.ബാലമുരളി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോയി. തിരുവാഭരണങ്ങള്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തിയുള്ള ദീപാരാധന സമയത്ത് ശരണമന്ത്രങ്ങളാല്‍ മുഴങ്ങി.
ഇന്നലെ പുലര്‍ച്ചെ 12.59 നായിരുന്നു മകര സംക്രമപൂജ. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്നും എത്തിച്ച നെയ്ത്തേങ്ങയിലെ നെയ്യ് ഉപയോഗിച്ചാണ് മകരസംക്രമവേളയില്‍ ഭഗവാന് അഭിഷേകം നടത്തിയത്.
ഇന്നലെ രാത്രി 9.30ന് പതിനെട്ടാംപടിയ്ക്കലേക്കുള്ള മാളികപ്പുറത്തമ്മയുടെ എഴുന്നെള്ളത്ത് നടന്നു. ഇന്നുമുതല്‍ 20 വരെ പുലര്‍ച്ചെ 5 നാണ് നടതുറക്കുന്നത്. രാത്രി 10.30ന് നട അടയ്ക്കും. 21 ന് രാവിലെ പന്തളം രാജപ്രതിനിധിയുടെ ദര്‍ശനത്തിന് ശേഷം 7മണിയോടെ തിരുനട അടയ്ക്കും. ഇതോടെ ഈവര്‍ഷത്തെ തീര്‍ത്ഥാടനക്കാലത്തിന് സമാപനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: