തിരുവനന്തപുരം : അച്ഛനു ശേഷം മകന് എന്നത് കേരള രാഷ്ട്രീയത്തില്‍ പുത്തരിയല്ല. പ്രമുഖ രാഷ്ട്രീയ നേതാക്കളൊക്കെ മക്കളെ പിന്‍ഗാമിയായി കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ മകനുശേഷം അച്ഛന് എന്നത് ഗണേഷ്കുമാറിനും ബാലകൃഷ്ണപിള്ളയ്ക്കും മാത്രം അവകാശപ്പെട്ടതാണ്. മകനെ മന്ത്രിസ്ഥാനത്തുനിന്ന് രാജിവെപ്പിച്ച മന്ത്രിയായ കേരളത്തിലെ ഏക നേതാവായിരുന്നു പിള്ള.
എ.കെ. ആന്റണി മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രിയെന്ന് പേര് നേടിയത് കെ.ബി. ഗണേഷ്കുമാറായിരുന്നു. യുവത്വത്തിന്റെ പ്രസരിപ്പില്‍ സത്യസന്ധമായി പല കാര്യങ്ങളും ചെയ്യാന്‍ ശ്രമിച്ചതായിരുന്നു കാരണം. കേസില്‍പ്പെട്ട ബാലകൃഷ്ണപിള്ളയെ തന്റെ മന്ത്രിസഭയില്പ്പെടുത്താന് കഴിയില്ലെന്ന് ആന്റണി നിലപാട് എടുത്തതിനാലാണ് മകന് ഗണേഷ്കുമാറിന് മന്ത്രിസ്ഥാനം കിട്ടിയത്. മകന് മികച്ച മന്ത്രി എന്ന പേര് എടുത്തപ്പോള്‍ സന്തോഷിക്കുകയായിരുന്നില്ല അച്ഛന് പിള്ള അന്ന്. കെഎസ്ആര്‍ടിസി മന്ത്രിയായിരുന്ന ഗണേഷിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിന് കുറയൊക്കെ തടയിടാന്‍ പിള്ളക്ക് അന്ന് കഴിഞ്ഞുവെങ്കിലും ഗണേഷിനെ മികച്ച മന്ത്രി എന്ന് കേരളം വിലയിരുത്തിയപ്പോഴാണ് മകനെ മാറ്റി അച്ഛന് മന്ത്രിയാകുന്നത്. കേസില്‍ പിള്ളയ്ക്ക് താത്ക്കാലിക ജയം ഉണ്ടായപ്പോഴായിരുന്നു അത്. മകന്റെ ഉയര്‍ച്ചയില്‍ അസൂയപ്പെടുന്ന പെരുന്തച്ഛന് കോംപ്ലക്സാണ് അന്ന് ബാലകൃഷ്ണപിള്ളയില്‍ കണ്ടത്.
കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്തും പിള്ള ജയിലിലായിരുന്നു. ജയിലില്‍ കിടന്ന് മകന് പാരവയ്ക്കുകയായിരുന്നു പിള്ള. പിള്ളയ്ക്കുപകരം മകളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഗണേഷ് ശ്രമിച്ചപ്പോള്‍ അതിന് തടയിട്ടു. പിള്ളയുടെ നോമിനിയായി വന്നയാള്‍ കൊട്ടാരക്കരയില്‍ തോറ്റപ്പോള്‍ പിള്ള ശ്രമിച്ചിട്ടും ഗണേഷ് പത്തനാപുരത്ത് ജയിച്ചു. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ മന്ത്രിമാരുടെ പട്ടികയില്‍ ഇടവും നേടി. സത്യപ്രതിജ്ഞാ ചടങ്ങിന് എത്താന്‍ ബാലകൃഷ്ണപിള്ളയ്ക്ക് പരോള്‍ അനുവദിച്ചിരുന്നു. എന്നാല്‍ മകന്റെ സത്യപ്രതിജ്ഞ കാണാന്‍ ജയിലില്‍ നിന്നിറങ്ങാന്‍ പിള്ള തയ്യാറായില്ല. ഇതറിഞ്ഞ് അനുഗ്രഹം തേടി ഗണേഷ് ജയിലിലെത്തിയപ്പോള്‍ ആക്ഷേപിച്ച്, ശപിച്ച് വിടുകയാണ് പിള്ള ചെയ്തത്. വിഷമിച്ച മുഖവുമായാണ് സത്യപ്രതിജ്ഞാ ചടങ്ങിന് ഗണേഷ് താമസിച്ചെത്തിയത്.
ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം നടത്തിയ ആദ്യ പത്രസമ്മേളനത്തിലും ഗണേഷിനു നേരെ ഒളിയമ്പെയ്യാനാണ് പിള്ള ശ്രമിച്ചത്. മന്ത്രിസ്ഥാനമില്ലെങ്കിലും പാര്‍ട്ടിക്ക് പ്രശ്നമില്ലെന്നും മന്ത്രിയെക്കൊണ്ട് ഗുണമൊന്നുമില്ലെന്നുമാണ് പിള്ള പറഞ്ഞത്. അതിന്റയൊരു വികസിത രൂപമാണ് ഇന്നലെ കണ്ടത്. പാര്‍ട്ടി സമ്മേളനത്തില്‍ ഗണേഷിനെതിരെ രൂക്ഷമായ ആരോപണമുന്നയിച്ചവര്‍ പിള്ളയുടെ മനസാക്ഷി സൂക്ഷിപ്പുകാരാണ്.
ആവശ്യമെങ്കില്‍ താന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കാമെന്ന് ഗണേഷ്കുമാര് പറഞ്ഞത് അങ്ങനെയൊരു ആവശ്യം വരില്ലെന്ന് പറഞ്ഞതുകൊണ്ടാണ്. ഗണേഷ്കുമാര് വേണോ പിള്ള വേണമോ എന്ന ചോദ്യമുയര്‍ന്നാല്‍ യുഡിഎഫിലെ ഒരാളും പിള്ളയ്ക്കുവേണ്ടി വാദിക്കില്ല. തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിക്കാന്‍ ഒരു പാര്‍ട്ടിയുടെയും പിന്തുണ തനിക്കാവശ്യമില്ലെന്നും ഗണേഷ്കുമാര് വ്യക്തമാക്കിയിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ്-ബിയില്‍ നിന്ന് പുറത്തേക്ക് എന്ന സൂചനയാണ് ഇത് നല്‍കുന്നത്. അച്ഛന്റെ പെരുന്തച്ഛന് കോംപ്ലക്സ് മടുത്തു എന്ന് ഗണേഷ്കുമാര് പറയാതെ പറയുകയാണ്.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: