ഞാന്‍ തലശ്ശേരിയില്‍ പ്രചാരകനായിരുന്ന 1960കളില്‍ സ്വന്തം നാടായ തൊടുപുഴയില്‍ എത്തുന്ന അവസരങ്ങള്‍ വളരെ കുറവായിരുന്നു. സംഘശിക്ഷാവര്‍ഗുകള്‍ കഴിഞ്ഞ് ഏതാണ്ട് ഒരാഴ്ചക്കാലം വീട്ടില്‍ വന്നുനില്ക്കുന്ന പതിവ് ചില വര്‍ഷങ്ങളിലുണ്ടായിരുന്നു. പലപ്പോഴും ആ രണ്ടാഴ്ചകള്‍ പൂര്‍ത്തിയാകാതെതന്നെ അധികാരിമാരുടെ നിര്‍ദേശപ്രകാരം മടങ്ങിപ്പോകാറുണ്ടായിരുന്നു. അന്ന് തൊടുപുഴയില്‍ പ്രചാരകനില്ലാത്ത കാലമായിരുന്നു. 1959-60 കാലത്ത് എസ്.സേതുമാധവന് (ഇന്നത്തെ ക്ഷേത്രീയ പ്രചാരകന്) ഒരുവര്‍ഷം അവിടെയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രചാരകജീവിതം അതിന് മുമ്പ് തന്നെ തമിഴ്നാട്ടിലെ ഗോപിച്ചെട്ടിപ്പാളയത്ത് ആരംഭിച്ചിരുന്നുവെങ്കിലും ശരിക്കും അത് പുഷ്പിച്ച് വന്നത് തൊടുപുഴയിലെ പ്രവര്‍ത്തനകാലത്തായിരുന്നു.
തൊടുപുഴയില്‍ സംഘശാഖ തുടങ്ങി മൂന്ന് നാല് വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു. എറണാകുളത്തുകാരന് രാമകൃഷ്ണന്, സാക്ഷാല്‍ എം.എ.സാര്‍ തുടങ്ങിയവര്‍ അവിടത്തെ ശാഖയ്ക്ക് ഉറച്ച അടിത്തറയുണ്ടാക്കി. നല്ലൊരു അനുഭാവിവൃന്ദത്തെയും അവര്‍ സൃഷ്ടിച്ചെടുത്തു. സേതുവേട്ടന് അവിടെയുണ്ടായിരുന്ന കാലത്ത് ശാഖകളിലേക്കാനയിക്കപ്പെട്ട ബാല, കിശോര സ്വയംസേവകര്‍ പിന്നീട് കരുത്തുറ്റ ഒട്ടേറെ പ്രവര്‍ത്തനമേഖലകള്‍ക്ക് ശക്തിപകര്ന്നവരായി. ഏതാണ്ട് അതേകാലത്തുതന്നെ പി.എന്‍.ഗോപാലകൃഷ്ണന് (ഇന്ന് ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃനിരയില്‍) കേരള സര്‍വീസ് ബാങ്കില്‍ ജീവനക്കാരനായി തൊടുപുഴയിലെത്തി. സേതുവേട്ടന് തൊടുപുഴയില്‍നിന്ന് കോട്ടയം ജില്ലയിലെ ആനിക്കാട്ടേക്ക് മാറിയശേഷം ഗോപാലകൃഷ്ണനായി തൊടുപുഴയിലെ സംഘചുമതല. ഹിന്ദി അധ്യാപകനാകാന്‍ പഠിച്ച് യോഗ്യത നേടിയ ഗോപാലകൃഷ്ണന് എത്തിപ്പെട്ടത് ബാങ്കിലായിരുന്നു. പക്ഷേ ഹിന്ദിജ്ഞാനം സംഘപ്രവര്ത്തനത്തിനുപകരിച്ചു. തൊടുപുഴയിലെ പുതുതലമുറ സ്വയംസേവകര്‍ക്ക് ലഭിച്ചത് ഗോപാലകൃഷ്ണന്റെ നേതൃത്വമായിരുന്നു.
തലശ്ശേരിയില്‍നിന്ന് തൊടുപുഴയിലെത്തിയ ഒരവസരത്തില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രപരിസരത്തുള്ള ശാഖ കഴിഞ്ഞ് എല്ലാവരുമൊരുമിച്ചിരുന്ന് പരിചയപ്പെട്ടു. വിശേഷങ്ങള്‍ പറഞ്ഞുകഴിയുന്നതിനിടെയാണ് സുഗുണന്, സോമന് എന്നീ രണ്ട് കുട്ടികളുമായി സംസാരിച്ചത്. സുഗുണന് എന്ന പേര് കേട്ടപ്പോള്‍ വീട് കണ്ണൂരാണോ എന്നാണ് ഞാന്‍ ആദ്യം ചോദിച്ചത്. ഓരോ നാടിനും സവിശേഷമായ ചില പേരുകളുണ്ടാവുമല്ലൊ. അങ്ങനെ സുഗുണന് കണ്ണൂരിന് ചാര്‍ത്തപ്പെട്ട പേരായിട്ടാണ് എനിക്ക് തോന്നിയത്. അവിടത്തെ ശാഖയിലും ഒന്നുരണ്ട് സുഗുണന്മാര് ഉണ്ടായിരുന്നു. അതുകൂടാതെ പ്രസിദ്ധനായ ഒരു ഫുട്ബോള്‍ കളിക്കാരനുമുണ്ടായിരുന്നു. അന്ന് അവരുടെ വീട്ടിലും പോയി. അച്ഛനമ്മമാരെയും സഹോദരീ സഹോദരന്മാരെയും പരിചയപ്പെട്ടു. സഹോദരന്മാരെല്ലാം പിന്നീട് സംഘത്തിന്റെ സജീവ പ്രവര്‍ത്തകരായി. കഴിഞ്ഞദിവസം സുഗുണന് അന്തരിച്ചു. അദ്ദേഹം ഇപ്പോള്‍ താമസിക്കുന്ന വീട്ടില്‍ എത്തിയപ്പോള്‍ തൊടുപുഴയിലെയും കോട്ടയത്തെയും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മുഴുവന്‍ എന്ന് പറയാവുന്ന വിധത്തില്‍ അവിടെയുണ്ടായിരുന്നു. സുഗുണന്റെ ചൈതന്യമറ്റ ഭൗതികദേഹത്തിന് മുന്നില്‍ നിന്നപ്പോള്‍ അരനൂറ്റാണ്ടുകാലം കത്തിനിന്ന വിളക്കുപോലത്തെ ജീവിതം ഉള്ളില്‍ കണ്ടു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വൃക്ക തകരാറിലായതിനെത്തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ കിടന്നപ്പോള്‍ കാണാന്‍ ആഗ്രഹിച്ച് പോയപ്പോള്‍ തീവ്രപരിചരണവിഭാഗത്തില്‍, സന്ദര്‍ശനാനുമതി ലഭിക്കാതെ ബന്ധുക്കളെ കണ്ട് മടങ്ങേണ്ടിവന്നു. വൃക്കകള്‍ ഏതാണ്ട് നിരുപയോഗമായിക്കഴിഞ്ഞിരുന്നുവെന്നറിഞ്ഞു. ആഴ്ചയില്‍ രണ്ട് ഡയാലിസിസുകള്‍ ചെയ്ത് ഏതാനും നാള്‍കൂടി ജീവന് നിലനിര്‍ത്താന്‍ കഴിയുമെന്നായിരുന്നു അവസ്ഥ. കഴിഞ്ഞയാഴ്ച അവിടെ കൊണ്ടുപോയപ്പോള്‍ ഇനി വീട്ടില്‍തന്നെ കിടത്തിയാല്‍ മതിയെന്നായിരുന്നു നിര്‍ദേശം.
ജനിച്ച നാള്‍തൊട്ട് അന്തിമനിമിഷംവരെ വിശ്രമശൂന്യനായി, സങ്കീര്‍ണമായ ജീവിതമാണ് സുഗുണന് നയിച്ചത്. വിദ്യാഭ്യാസം കഴിഞ്ഞ് പത്രവിതരണക്കാരനായി. തൊടുപുഴയിലും പരിസരങ്ങളിലുമുള്ള വീടുകളില്‍ ഒരുകാലത്ത് സുഗുണന് പത്രക്കാരനായിട്ടാണ് കുട്ടികള്‍ക്കിടയില്‍ അറിയപ്പെട്ടത്. ആ പരിചയവും സമ്പര്‍ക്കവും സംഘത്തിന് പ്രയോജനകരമാക്കാന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു. സദാ പുഞ്ചിരിയുമായിട്ടാണ് ആരെയും സമീപിക്കാറ്.
പ്രാന്തപ്രചാരകനായിരുന്ന ഭാസ്ക്കര്‍റാവുജി ഓരോ സ്വയംസേവകനെയും അയാള്‍ക്ക് പറ്റിയ സ്ഥാനത്തെത്തിക്കുന്ന സ്വഭാവക്കാരനായിരുന്നലൊ. കോട്ടയത്ത് ഭീമാ സഹോദരന്മാരില് ഇളയവനായിരുന്ന നാരായണഭട്ട് അവിടെ സംഘചാലകന് കൂടിയായിരുന്നു. അദ്ദേഹം ഒരു ഹോട്ടലും അനുബന്ധ സ്ഥാപനങ്ങളും തുടങ്ങിയപ്പോള്‍ അവിടെ ജോലിക്കാരായി സ്വയംസേവകരെ നിയമിച്ചാല്‍ നന്നായിരിക്കുമെന്ന ഭാസ്ക്കര്‍റാവുജിയുടെ അഭിപ്രായം സ്വീകരിക്കുകയും അവരുടെ കൂട്ടത്തില്‍ സുഗുണനെയും അനുജന് സോമനെയും എടുക്കുകയും ചെയ്തു. സോമന് പിന്നെ പ്രചാരകനായി വളരെ വര്‍ഷം കേരളത്തില്‍ പല ഭാഗങ്ങളിലും പ്രവര്‍ത്തിച്ചു. സുഗുണനും ഏതാനും മാസം ആലപ്പുഴയില്‍ വിസ്താരകനായി പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് അവര്‍ ജയില്‍വാസവും അനുഭവിച്ചു.
ജീവിതത്തില്‍ സുഗുണന് സാമ്പത്തികഭദ്രത കൈവരിക്കാന്‍ കഴിഞ്ഞില്ല. ഒരിടത്ത് സ്ഥിരതാമസവും സാധിച്ചില്ല. പലയിടങ്ങളിലേക്കും മാറിത്താമസിക്കേണ്ടിവന്നു. ഹോസ്ദുര്‍ഗ് താലൂക്കിലെ കുടിയേറ്റ പ്രദേശമായ പനത്തടിയില്‍ കുറേ വര്‍ഷങ്ങള്‍ താമസിച്ചു. എവിടെയായിരുന്നാലും സംഘപരിവാറുമായി ബന്ധം പുലര്‍ത്താന്‍ ശ്രമിച്ചിരുന്നു.
അടിയന്തരാവസ്ഥക്കുശേഷം കോട്ടയത്ത് തുടര്‍ന്നെങ്കിലും എറണാകുളത്ത് കലൂരിലെ വിശ്വഹിന്ദുപരിഷത്ത് ആസ്ഥാനത്തെ ചുമതലക്കാരനായും കുറേനാള്‍ പ്രവര്‍ത്തിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തൊടുപുഴയിലെ ഇഎപി സ്ഥാപനത്തില്‍ ജോലിയുമായി നഗരത്തിലെ മുതലിയാര്‍ മലയെന്ന ഭാഗത്ത് താമസിച്ചുവരികയായിരുന്നു. ബാലഗോകുലത്തിന്റെ പ്രവര്‍ത്തനത്തില്‍ വര്‍ഷങ്ങളായി പങ്കെടുത്തിരുന്നു. നഗരസഭാധ്യക്ഷനായിരുന്ന ബാബു പരമേശ്വരന്റെ സ്ഥാപനത്തിലായിരുന്നു ജോലി, സംഘത്തിന്റെ ഏത് പ്രവര്‍ത്തനത്തിനും പോകാനുള്ള സ്വാതന്ത്ര്യം അവിടെ ലഭിച്ചിരുന്നുതാനും.
തൊടുപുഴക്കാര്‍ക്കും കോട്ടയത്തുകാര്‍ക്കും സുഗുണാജിയായിരുന്നു അദ്ദേഹം. അനുജന് വിജയന് കോത്തലയിലെ പഴയ സംഘകുടുംബത്തില്നിന്നാണ് വിവാഹം കഴിച്ചത്. അരനൂറ്റാണ്ടിലേറെക്കാലമായി അവിടത്തെ കുടുംബപ്രവര്ത്തനങ്ങള്ക്കും, മാതൃസമിതികള്ക്കും മഹിളാമോര്ച്ചയ്ക്കും മറ്റും നേതൃത്വം നല്കിയ പതാലില്‍ ലക്ഷ്മിക്കുട്ടിച്ചേച്ചിയുടെ മകളാണ് വിജയന്റെ ഭാര്യ. റബര്ബോര്ഡംഗവും കര്‍ഷകമോര്‍ച്ചയുടെ ദേശീയസമിതിയംഗവുമായിരുന്ന പി.ആര്.മുരളീധരനും ആ കുടുംബാംഗമാണ്. ചുരുക്കത്തില്‍ സ്വകുടുംബവും സംഘകുടുംബവും ഒന്നുതന്നെയായിത്തീര്ന്ന ബന്ധം സുഗുണന്റെ ജീവിതത്തിലുണ്ടായിരുന്നു.
നേരത്തെ പ്രസ്താവിച്ചതുപോലെ അരനൂറ്റാണ്ടിലേറെക്കാലം കത്തി പ്രകാശം പരത്തിയ വിളക്കാണ് കഴിഞ്ഞദിവസം എണ്ണതീര്‍ന്ന് അണഞ്ഞുപോയത്. സംഘപ്രവര്‍ത്തനത്തിന് കരുത്ത് നല്‍കുന്നത് ഇത്തരം സാധാരണ ജീവിതങ്ങളുടെ സമര്‍പ്പണങ്ങളാണ്. 1968ല്‍ ബീഹാറില്‍ അതിഭയാനകമായ വെള്ളപ്പൊക്കമുണ്ടായി. ആയിരക്കണക്കിന് ഗ്രാമങ്ങള്‍ പ്രളയത്തില്‍ മുങ്ങി. പതിനായിരക്കണക്കിന് ച. കി.മീറ്റര്‍ കൃഷിയിടങ്ങള്‍ സമുദ്രംപോലത്തെ ജലപ്പരപ്പിന് കീഴിലായി. സംഘ സ്വയംസേവകര്‍, നൂറുകണക്കായി വള്ളങ്ങളിലും ചങ്ങാടങ്ങളിലും സഞ്ചരിച്ച് ദുരിതബാധിതരെ രക്ഷിക്കാനും സഹായിക്കാനും രംഗത്തിറങ്ങി. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും നിന്ന് അവര്‍ക്ക് അന്ന-വസ്ത്രാദികളും ഔഷധങ്ങളും മറ്റ് സാമഗ്രികളും എത്തിക്കാന്‍ സംഘശാഖകള്‍ കിണഞ്ഞ് പരിശ്രമിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടു. ജയപ്രകാശ് നാരായണനും സര്‍വോദയ പ്രവര്‍ത്തകരും, പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പുറപ്പെട്ടു. കുറേ ദൂരം ചെന്നപ്പോള്‍ അവര്‍ക്ക് മുന്നോട്ടുപോകാനുള്ള സംവിധാനങ്ങള്‍ തകരാറിലായി. അവിടന്നങ്ങോട്ട് സംഘത്തിന്റെ പ്രവര്‍ത്തകരാണ് അദ്ദേഹത്തിന്റെ കാര്യമേറ്റെടുത്തത്. രണ്ട്, മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞ് സഹായപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരുടെ ഒരു ബൈഠക്കില്‍ അദ്ദേഹം പങ്കെടുത്തു. ഉന്നത വിദ്യാഭ്യാസം നേടിയവരായിരുന്നു അവരിലേറെയും. 20, 25, 30 വര്‍ഷങ്ങളായി സംഘത്തിന്റെ മുഴുവന്‍സമയ പ്രചാരകന്മാരാണ് ചിലരെന്നറിഞ്ഞപ്പോള് ഇപ്രകാരം നിരന്തര പ്രയത്നത്തിനുള്ള പ്രേരണയെന്തെന്ന് അദ്ദേഹം അന്വേഷിച്ചു. അതിനുശേഷം പാട്നയില്‍ മടങ്ങിയെത്തിയ ജയപ്രകാശ് ബാബു ഇത്രയും ദീര്‍ഘകാലം നിരന്തരം പ്രവര്‍ത്തിക്കാന്‍ സംഘപ്രവര്‍ത്തകര്‍ക്ക് ലഭിച്ച പ്രചോദനമെന്തെന്ന് വിസ്മയിക്കുകയുണ്ടായി. സംഘത്തോടുള്ള അദ്ദേഹത്തിന്റെ അരുചി മാറാനും പിന്നീട് സഹകരിക്കാനും ആരംഭിച്ചത് ആ അനുഭവത്തോടെയാണ്. ആ അജ്ഞാത സ്വയംസേവകരാണ് സംഘത്തിന് കരുത്ത് പകര്‍ന്നുകൊടുക്കുന്നത്. അരനൂറ്റാണ്ടിലേറെക്കാലത്തെ നിസ്തന്ദ്രമായ സംഘനിഷ്ഠയിലൂടെ നമ്മുടെ സുഗുണാജിയും അക്കൂട്ടത്തില്‍പ്പെടുന്നു.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: