കോഴിക്കോട്: മുഖ്യമന്ത്രിയായിരിക്കെ ചട്ടങ്ങള്‍ ലംഘിച്ച് ബന്ധുവായ ടി.കെ. സോമന് ഭൂമി പതിച്ച് നല്കിയ കേസില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് ഒന്നാം പ്രതിയായി അന്വേഷണസംഘം വിജിലന്‍സ് സ്പെഷ്യല്‍ ജഡ്ജി വി. ജയറാമിന് മുമ്പാകെ എഫ്ഐആര്‍ സമര്‍പ്പിച്ചു. വിജിലന്‍സ് എ.എസ്.ഐ. രത്നാകരനും സിവില്‍ ഓഫീസര്‍ രാധാകൃഷ്ണന്‍നായരും ജഡ്ജിയുടെ തിരുവണ്ണൂരിലെ വീട്ടിലെത്തിയാണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്. ഏഴ് വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് പ്രതികളുടെ പേരില്‍ ചേര്‍ത്തിരിക്കുന്നത്.
മുന്‍ ഇടതുമുന്നണി മന്ത്രിസഭയിലെ റവന്യൂമന്ത്രി കെ.പി.രാജേന്ദ്രന്, റവന്യൂ കമ്മീഷണര്‍ കെ.പി. മുരളീധരന്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷീലാതോമസ്, വി.എസിന്റെ ബന്ധു ടി.കെ.സോമന്, കാസര്‍കോട് ജില്ലാകളക്ടര്മാരായിരുന്ന എന്‍.എ കൃഷ്ണന്‍കുട്ടി, ആനന്ദ്സിംഗ്, വി.എസിന്റെ പേഴ്സണല്‍ സ്റ്റാഫ് സുരേഷ് എന്നിവരാണ് പ്രതികള്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്് 2010ലാണ് 2.33 ഏക്കര്‍ ഭൂമി വി.എസിന്റെ ബന്ധുവിന് പതിച്ച്നല്കിയത്.
അഴിമതി നിരോധന നിയമപ്രകാരം സ്വജനപക്ഷപാതം, ഔദ്യോഗികപദവി ദുര്‍വിനിയോഗം,ഐപിസി പ്രകാരമുള്ള വഞ്ചന, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് എഫ്ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ എട്ട് പ്രതികളാണുള്ളത്. കാസര്‍കോഡ് വിജിലന്‍സ് ഡിവൈഎസ്പി കുഞ്ഞിരാമനാണ് എഫ്ഐആര്‍ തയ്യാറാക്കിയത്. കേസന്വേഷണം വിജിലന്‍സ് ഡിവൈഎസ്പി കുഞ്ഞനായിരിക്കും. കോടതിയില്‍ നിന്നും എഫ്ഐആര്‍ ലഭിച്ചതിനു ശേഷമായിരിക്കും അന്വേഷണം ആരംഭിക്കുകയെന്നറിയുന്നു.
ബന്ധുവിന് ഭൂമി പതിച്ചുനല്‍കിയ കേസ് അച്യുതാനന്ദന്റെ രാഷ്ട്രീയ ജീവിതത്തിന് അന്ത്യമാകുമെന്ന് കരുതപ്പെടുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ ഉടന്‍ രാജിവയ്ക്കുമെന്ന് അച്യുതാനന്ദന്‍തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. വിജിലന്‍സ് കോടതിയില്‍ അച്യുതാനന്ദന് ഒന്നാംപ്രതിയായി കേസ് രജിസ്റ്റര്‍ചെയ്ത സാഹചര്യത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നത് ഉറപ്പാണ്. അതുകൊണ്ടുതന്നെ രാജിയല്ലാതെ മറ്റൊരു പോംവഴി അച്യുതാനന്ദനുമുന്നില് ഇല്ല. മൂന്നുമാസത്തിനുള്ളില്‍ കുറ്റപത്രം നല്‍കണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്നലെ വിജിലന്‍സ് കോടതിയില്‍ കേസ് രജിസ്റ്റര്‍ചെയ്ത ഉടന്‍ അച്യുതാനന്ദന് രാജിസന്നദ്ധത പാര്‍ട്ടിയെ അറിയിച്ചു. എന്നാല്‍ ധൃതിപിടിച്ച് തീരുമാനമെടുക്കേണ്ടെന്ന നിര്‍ദ്ദേശമാണ് പാര്‍ട്ടി ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് നല്‍കിയത്. പാര്‍ട്ടിസമ്മേളനങ്ങള്‍ നടക്കുന്ന സാഹചര്യത്തിലും പിറവം ഉപതെരഞ്ഞെടുപ്പ് ഉടന്‍ വരുന്നതിനാലും രാജി തല്‍ക്കാലത്തേക്ക് ഒഴിവാക്കണമെന്നാണ് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടത്. ഇപ്പോഴത്തെ സാഹചര്യടത്തില് വിഎസ് രാജിവെക്കേണ്ടതില്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയും അഭിപ്രായപ്പെട്ടു. പുതിയ വിവാദങ്ങളുടെയും തനിക്കെതിരായ കേസിന്റെയും പശ്ചാത്തലത്തില്‍ ഒരുനിമിഷം പോലും പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാന്‍ തനിക്ക് താല്പര്യമില്ലെന്നാണ് അച്യുതാനന്ദന് പാര്‍ട്ടിനേതൃത്വത്തെ അറിയിച്ചത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: