തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്റെ മകന് വി.എ. അരുണ്‍ കുമാര്‍ നിയമസഭാ സമിതിക്കു മുന്‍പാകെ മൊഴി നല്കി. ഐസിടി അക്കാഡമി ഡയറക്ടര്‍ സ്ഥാനത്തേയ്ക്ക് ഐ.എച്ച്.ആര്.ഡിയാണ് തന്നെ നിയമിച്ചതെന്ന് അരുണ്‍കുമാര്‍ പറഞ്ഞു. എന്നാല്‍ രജിസ്ട്രേഷന് ശേഷം തന്നെ ഡയറക്ടറായി നിയമിച്ചിട്ടില്ലെന്നും അരുണ്‍കുമാര്‍ മൊഴി നല്കി.
രാവിലെയാണ് നിയമസഭാസമിതിക്കു മുന്നില്‍ അരുണ്‍ ഹാജരായത്. ഐസിടി അക്കാഡമി ഡയറക്ടര്‍സ്ഥാനത്തേക്ക് സര്‍ക്കാര്‍ തന്നെ നിയമിച്ചിട്ടില്ല. തന്നെ നിയമിച്ചത് ഐഎച്ച്ആര്‍ഡിയാണ്. നിയമനം സംബന്ധിച്ച കത്തും ലഭിച്ചിരുന്നു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി അറിഞ്ഞു കൊണ്ടായിരുന്നു നിയമനം. എന്നാല്‍ അക്കാഡമിയുടെ രജിസ്ട്രേഷനു ശേഷം നിയമനകാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നില്ലെന്നും മൊഴിയില്‍ പറയുന്നു.
പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന് മുന്‍ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി എന്നിവരുടെയും മൊഴിയെടുക്കാന്‍ സമിതി തീരുമാനിച്ചു. ഇന്നു തന്നെ ബേബിയില്‍ നിന്നു മൊഴിയെടുക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായില്ല. 23, 24 തിയതികളില്‍ വിഎസിനോടും ബേബിയോടും ഹാജരാകാന്‍ ആവശ്യപ്പെടാന്‍ സമിതി തീരുമാനിച്ചു.
വി.ഡി. സതീശന് അധ്യക്ഷനായ സമിതിയാണു മുന്‍ സര്‍ക്കാരിന്റെ വിവാദ നടപടികളെ കുറിച്ച് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: