കൊച്ചി: ദേശീയ ആരോഗ്യ ദൗത്യം പദ്ധതി 2017 വരെ തുടര്‍ന്നേക്കും. അഞ്ച് വര്‍ഷം മുമ്പ് തുടങ്ങിയ പദ്ധതിവഴി നാളിതുവരെ 60 കോടിയോളം രൂപ ജില്ലയിലെ ചികിത്സാ സൗകര്യ വികസനത്തിനായി ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.കെ.വി.ബീന പറഞ്ഞു. നടപ്പു വര്‍ഷം 18.33 കോടി രൂപയാണ് കേന്ദ്ര ആരോഗ്യ മിഷനില്‍ നിന്നു ജില്ലയ്ക്കുളള വിഹിതം. ഇതില്‍ 11 കോടിയിലധികം രൂപ ഇതിനകം ലഭിച്ചിട്ടുണ്ട്.
ദാരിദ്ര്യരേഖയ്ക്ക് താഴെയുളള കുടുംബങ്ങളിലെ സ്ത്രീകളുടെ പ്രസവ ധനസഹായമായി ജനനീ സുരക്ഷായോജനയില് അനുവദിച്ച തുക വിതരണം ചെയ്യാന്‍ പ്രാദേശിക തലങ്ങളില്‍ താമസിയാതെ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഡോ.ബീന പറഞ്ഞു. ഗ്രാമീണ മേഖലയിലെ സ്ത്രീകള്‍ക്ക് 700-ഉം നഗരമേഖലയിലെ സ്ത്രീകള്‍ക്ക് 600-ഉം രൂപയാണ് നല്‍കുന്നത്. ജില്ലയ്ക്ക് ഈയിനത്തില്‍ ലഭിച്ച ഫണ്ട് മാര്‍ച്ചിനു മുമ്പായി പൂര്‍ണമായും വിതരണം ചെയ്യാന്‍ നടപടികൈക്കൊളളും. ഉപാധിരഹിത ഫണ്ടായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 25,000 രൂപ വീതവും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ക്ക് അര ലക്ഷം രൂപ വീതവും നല്‍കുന്നുണ്ട്. ഇതു പ്രകാരമുളള പ്രവ്യത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ ആശുപത്രി മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
64 ലക്ഷം രൂപ ചെലവില്‍ പെരുമ്പാവൂരിലെ താലൂക്ക് ആശുപത്രി നവീകരണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തിട്ടുണ്ട്. 20 ലക്ഷം മുടക്കി വികസിപ്പിച്ച നേര്യമംഗലം പ്രാഥമികാരോഗ്യ കേന്ദ്രം താമസിയാതെ പ്രവര്‍ത്തിച്ചു തുടങ്ങും. ഒന്നര കോടി അടങ്കലുളള മട്ടാഞ്ചേരിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പുനര്‍നിര്‍മാണവും ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. ഏഴ് കോടി ചെലവില്‍ പളളുരുത്തി നഴ്സിംഗ് കോളേജ് നവീകരണ ജോലികള്‍ക്കുളള സാങ്കേതിക തടസമൊഴിവാക്കി പണി ആരംഭിച്ചിട്ടുണ്ട്. എറണാകുളം ജനറല്‍ ആശുപത്രിയുടെ വികസനത്തിനായി സര്‍ക്കാര്‍ രണ്ട് കോടി രൂപ പ്രത്യേകം നല്‍കിയതായി ഡോ.ബീന പറഞ്ഞു. 20 ലക്ഷം വിനിയോഗിച്ചുളള ജനറല്‍ ആശുപത്രിയുടെ ഡയാലിസിസ് യൂണിറ്റും മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനു വേണ്ടി ആശുപത്രി വളപ്പില്‍ നിര്‍മിച്ച ഗോഡൗണും പൂര്‍ത്തിയായിട്ടുണ്ട്.
മൂവാറ്റുപുഴ താലൂക്ക് ആശുപത്രി ഓപ്പറേഷന് തീയറ്റര്‍ നിര്‍മാണം (30 ലക്ഷം), പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി പുനരുദ്ധാരണം (2.06 കോടി), ഓപ്പറേഷന് തീയറ്റര്‍ (29 ലക്ഷം), അങ്കമാലി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ഓപ്പറേഷന് തീയറ്റര്‍ (11 ലക്ഷം) എന്നിവ ടെണ്ടര്‍ അവാര്‍ഡ് നടപടികളുടെ ഘട്ടങ്ങളിലാണ്. 2.27 കോടിയുടെ പറവൂര്‍ താലൂക്ക് ആശുപത്രി നവീകരണ ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. മൂവാറ്റുപുഴ താലൂക്ക് ആശുപത്രി 1.96 കോടി ചെലവില്‍ നവീകരിക്കുന്ന ജോലികളും താമസിയാതെ ഏറ്റെടുക്കാന്‍ കഴിയുമെന്ന് പ്രോഗ്രാം മാനേജര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: