തിരുവനന്തപുരം: കൊച്ചി മെട്രോ പദ്ധതിയുടെ നിര്‍മാണ ചുമതല ദല്‍ഹി മെട്രൊ കോര്പറേഷന് നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഡി.എം.ആര്.സിയുടെ പ്രിന്‍സിപ്പല്‍ അഡ്വൈസര്‍ സ്ഥാനത്തു മുന്‍ ചെയര്മാന് ഇ. ശ്രീധരന് പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ആസൂത്രണ കമ്മീഷന് യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കൊച്ചി മെട്രോയുടെ നേതൃസ്ഥാനത്ത് ഇ ശ്രീധരനുണ്ടാകും. ശ്രീധരനുണ്ടെങ്കില് ഡി.എംആര്‍.സിയും ഉണ്ടാകും. കൊച്ചി മെട്രോ മാത്രമല്ല ഹൈസ്പീഡ് കോറിഡോറിനും കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനും അദ്ദേഹത്തിന്റെ എല്ലാ സഹായങ്ങളുമുണ്ടാകമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഡി.എം.ആര്.സിയുടെ ഉപദേശകനായി നിന്നുകൊണ്ട് കൊച്ചി മെട്രോയെ നയിക്കുകയാണ് തന്റെ ചുമതലയെന്ന് ശ്രീധരന് പറഞ്ഞു. എല്ലാ സംശയങ്ങളും തീര്‍ന്നെന്നും അനുമതി കിട്ടിയാലുടന്‍ പദ്ധതിയുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും ശ്രീധരന് അറിയിച്ചു. മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പദ്ധതിയുടെ എം.ഡി കേരള സര്‍ക്കാര്‍ പ്രതിനിധിയും ചെയര്മാന് സ്ഥാനം കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയുമാകും. തന്നെ സംയുക്ത കമ്പനിയുടെ അധ്യക്ഷനാക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി ശ്രീധരന് കൂട്ടിച്ചേര്‍്ത്തു. പ്ലാനിങ് ബോര്‍ഡിന്റെ സമ്പൂര്‍ണ യോഗമാണ് ഇന്നു ചേര്‍ന്നത്. അധ്യക്ഷന്‍ കെ.എം. ചന്ദ്രശേഖറും ഉദ്യോഗസ്ഥരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: