ഇസ്ലാമാബാദ്: പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി അംഗങ്ങള്‍ പറയുകയാണെങ്കില്‍ അധികാരം ഒഴിയാന്‍ തയ്യാറെന്ന് പാക് പ്രസിഡന്റ് അസിഫ് അലി സര്‍ദാരി പറഞ്ഞു. ഭരണകക്ഷി അംഗങ്ങളുടെയും സഖ്യകക്ഷി നേതാക്കളുടെയും യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സര്‍ദാരിക്കെതിരെയുള്ള അഴിമതിക്കേസുകള്‍ വീണ്ടും അന്വേഷിക്കണമെന്ന് പാക് സുപ്രീംകോടതി ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് സര്‍ദാരി പ്രസിഡന്റ് പദം ഒഴിയാന്‍ തയാറാണെന്ന് അറിയിച്ചത്. പാകിസ്ഥാന് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയും യോഗത്തില്‍ പങ്കെടുത്തു.
അഴിമതിക്കേസുകളില്‍ നിന്ന് സര്‍ദാരിയെ ഒഴിവാക്കിയ പാക് സര്‍ക്കാരിന്റെ ഉത്തരവ് സുപ്രീംകോടതി നേരത്തേ റദ്ദാക്കിയിരുന്നു. കോടതി ഉത്തരവ് നടപ്പാക്കുന്ന വിഷയം പരിഗണിക്കവേ ആണ് കോടതി ഗിലാനിയെ വിമര്‍ശിച്ചത്. ഗിലാനി ഭരണഘടനാ പ്രതിജ്ഞയ്ക്കൊത്ത് ഉയര്‍ന്നില്ലെന്നും പ്രഥമദൃഷ്ട്യാതന്നെ അദ്ദേഹം സത്യസന്ധനല്ലെന്നും സര്‍ദാരിയുടെ പണം തട്ടിപ്പിനെപ്പറ്റി അന്വേഷിക്കാന്‍ സ്വിസ് അധികൃതര്‍ക്ക് കത്തെഴുതാന്‍ പാക് ഗവണ്മെന്റ് വിസമ്മതിച്ചത് ഭരണഘടനയുടെയും ഖുറാന്റെയും ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഗിലാനിക്കെതിരെ കോടതിയലക്ഷ്യക്കേസെടുക്കുക, അഞ്ചുകൊല്ലത്തേക്ക് പാര്‍ലമെന്റംഗമാകാന്‍ അയോഗ്യതകല്പിക്കുക തുടങ്ങി ആറു നടപടികളും ബെഞ്ച് ശുപാര്‍ശ ചെയ്തിരുന്നു. കോടതിയുടെ വിമര്‍ശനം പാക് സര്‍ക്കാര്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് യോഗം ചേര്‍ന്നത്. സുപ്രീംകോടതി മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജനുവരി 12ന് പാര്‍ലമെന്റിന്റെ അടിയന്തര സമ്മേളനം വിളിച്ചു ചേര്‍ക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
അതിനുമുമ്പ് എം.പിമാരുടെ സമ്മേളനവും വിളിക്കുമെന്ന് പ്രസിഡന്റിന്റെ വക്താവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: