ന്യൂദല്‍ഹി: കേരളത്തിന്റെ ചീഫ് സെക്രട്ടറിയാകാണമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അഭ്യര്‍ത്ഥന കേന്ദ്ര ഷിപ്പിംഗ് സെക്രട്ടറി കെ.മോഹന്‍ദാസ് നിരസിച്ചു. സേവന കാലാവധി ഫെബ്രുവരി 29ന് അവസാനിക്കുന്ന സാഹചര്യത്തിലാണു തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു.
ചുരുങ്ങിയ സമയത്തിനുള്ളില്‍ ഏറ്റെടുക്കുന്ന ചുമതലകള്‍ പൂര്‍ണമായി നിറവേറ്റാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മോഹന്‍ദാസ് സര്‍ക്കാര്‍ അഭ്യര്‍ത്ഥന നിരസിച്ചത്. ഇപ്പോഴത്തെ ചീഫ് സെക്രട്ടറി പി.പ്രഭാകരനെ ഉപദേശക സ്ഥാനത്ത് നിര്‍ത്തിയ ശേഷം മോഹന്‍ദാസിനെ ചീഫ് സെക്രട്ടറിയാക്കാനായിരുന്നു സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നത്.
ഇക്കാര്യത്തില്‍ ആലോചിച്ചു മറുപടി പറയാമെന്നായിരുന്നു മോഹന്‍ദാസിന്റെ നിലപാട്. സംസ്ഥാന സര്‍ക്കാരിനു വേണമെങ്കില്‍ ആറു മാസം കൂടി കാലാവധി നീട്ടി നല്‍കാമെന്നും ഇക്കാര്യം ഉള്‍പ്പെടെ തീരുമാനമറിഞ്ഞ ശേഷമേ അന്തിമ നിലപാട് കൈക്കൊളളൂവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ കാലാവധി നീട്ടി നല്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ ഉറപ്പൊന്നും നല്‍കിയിരുന്നില്ല.
കേരള കേഡറിലെ ഏറ്റവും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരില്‍ ഒരാളാണു മോഹന്‍ദാസ്. 2005ല്‍ മുതല്‍ കേന്ദ്രത്തില്‍ ഡെപ്യൂട്ടേഷനിലാണ്. ഇപ്പോഴത്തെ ചീഫ് സെക്രട്ടറി പി.പ്രഭാകരന് മാര്‍ച്ച് ഒമ്പതിനാണ് വിരമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: