കൊച്ചി: ഐജി ടോമിന് തച്ചങ്കരിക്കെതിരെ നടപടിയെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടതോടെ അന്വേഷണ റിപ്പോര്‍ട്ട് വകവെക്കാതെ അദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുത്ത് ഉന്നത തസ്തികയില്‍ നിയമിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെട്ടിലാവുന്നു. തച്ചങ്കരിയെ ഉടന്‍ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് രംഗത്തുവന്നത് ഉമ്മന്‍ചാണ്ടിക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ്.
വേണ്ടിവന്നാല്‍ തച്ചങ്കരിക്കെതിരെ പുനരന്വേഷണത്തിന് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് വ്യക്തമാക്കിയത് ഈ വിഷയത്തില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം പോലും ഉമ്മന്ചാണ്ടിക്കെതിരാണെന്നതിന്റെ സൂചനയാണ്. തച്ചങ്കരിയെ ഉടന്‍ പുറത്താക്കണമെന്ന് ബിജെപി പ്രസിഡന്റ് വി. മുരളീധരനും കോഴിക്കോട് ആവശ്യപ്പെട്ടു.
ഐജി ടോമിന് ജെ. തച്ചങ്കരി അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതുമായി ബന്ധപ്പെട്ട് ആവശ്യമെങ്കില്‍ പുനരന്വേഷണം നടത്തുമെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന് കോഴിക്കോട്ട് പറഞ്ഞത്. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. തച്ചങ്കരിക്കെതിരെ എന്‍ഐഎ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാറിനു ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ട് താന്‍ പുറത്തു വിടേണ്ട ആവശ്യമില്ല. നടപടി ശുപാര്‍ശ ചെയ്യുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന ആഭ്യന്തര വകുപ്പിനു കൈമാറിയ കത്ത് ചോര്‍ന്നതിനെ കുറിച്ച് അറിയില്ല.
ഈ കത്ത് എങ്ങനെ കിട്ടിയെന്ന് മാധ്യമങ്ങളാണ് വ്യക്തമാക്കേണ്ടത്. തച്ചങ്കരിക്കെതിരെ നടപടി എടുത്തത് സംസ്ഥാന സര്‍ക്കാരാണ്. സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചാലും എന്‍ഐഎയുടെ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കരുത്. സംസ്ഥാന സര്‍ക്കാരുമായുള്ള വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടോമിന് ജെ തച്ചങ്കരിയെ തിരിച്ചെടുത്തതിലൂടെ മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും ഇത്തരം തെറ്റായ കാര്യങ്ങള്‍ നടത്തിയതിലൂടെ മുഖ്യമന്ത്രിക്ക് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് തൃശൂരില്‍ പറഞ്ഞു. വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. എന്‍ഐഎയുടെ നിര്‍ദ്ദേശപ്രകാരമാണ് തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കുന്നതെന്ന മുഖ്യമന്ത്രിയുടെ വാദം ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലൂടെ പൊളിഞ്ഞതായും ചാരപ്പണി നടത്തുന്ന ഒരാളെ രാജ്യത്തിന്റെ സുരക്ഷാ ചുമതലയുള്ള പ്രധാന സ്ഥാനങ്ങളില്‍ നിയമിക്കുന്ന തെറ്റായ കാര്യങ്ങളാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും വി.എസ്.ആരോപിച്ചു. രാമനിലയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തച്ചങ്കരിയെ ഉടന്‍ സസ്പെന്റ് ചെയ്യണമെന്നും വിഎസ് ആവശ്യപ്പെട്ടു.
2010 ഏപ്രിലില്‍ നടത്തിയ വിദേശയാത്രയാണ് തച്ചങ്കരിയെ കുടുക്കിയത്. അന്ന് ഖത്തറില്‍വെച്ച് ഭീകരവാദക്കേസിലെ പ്രതികളുമായി തച്ചങ്കരി ചര്‍ച്ച നടത്തിയതായി അവിടത്തെ ഇന്ത്യന്‍ സ്ഥാനപതി ദീപാ ഗോപാലന് വാധ്വ ആരോപിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് അദ്ദേഹത്തെ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് സസ്പെന്റ് ചെയ്തിരുന്നു. ഇതിനിടെ 2011 ജൂലായില്‍ സംസ്ഥാനസര്‍ക്കാര്‍ തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുത്തു. എന്നാല്‍ നിയമനം നല്‍കിയില്ല. എന്‍ഐഎയുമായി കൂടിയാലോചിച്ചാണ് തിരിച്ചെടുത്തതെന്ന് അന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: