കൊച്ചി: മികവുറ്റ ഗവേഷണ പ്രബന്ധങ്ങള്‍ കൊണ്ടു മാത്രമേ ഗുണമേന്മയേറിയ ഗവേഷണങ്ങള്‍ ഉറപ്പാക്കാന്‍ കഴിയുകയുള്ളൂവെന്ന് കുസാറ്റ് പ്രൊ.വൈസ് ചാന്‍സലര്‍ ഡോ.ഗോഡ്ഫ്രേ ലൂയിസ് പറഞ്ഞു. സാധാരണ ലേഖനങ്ങളും വാര്‍ത്തകളും തയ്യാറാക്കുന്ന രീതിയല്ല പ്രബന്ധ രചനയ്ക്കു വേണ്ടതെന്നും അതിന് നിഷ്കര്‍ഷിച്ചിട്ടുള്ള ഏകകങ്ങള്‍ ഉപയോഗിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ക്ക് കൂടുതല്‍ പ്രചരണം ലഭിക്കുന്നതിന് വിവരസാങ്കേതിക വിദ്യ പരമാവധി ഉപയോഗിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗുണമേന്മയുള്ള ഗവേഷണത്തിനു വേണ്ടി മികവുറ്റ ഗവേഷണ പ്രബന്ധങ്ങള്‍ എന്ന വിഷയത്തെ അധികരിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ യൂണിവേഴ്സിറ്റി ലൈബ്രറി സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവേഷണ പ്രബന്ധങ്ങളില്‍ മറ്റു ഗവേഷകരുടെ പ്രവര്‍ത്തന ഫലം അനുവാദമോ കടപ്പാടോ കൂടാതെ ഉപയോഗിക്കുന്ന ദുഷ്പ്രവണത വര്‍ദ്ധിച്ചു വരുന്നതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച സര്‍വകലാശാല രജിസ്ട്രാര്‍ ഡോ.എ.രാമചന്ദ്രന് അഭിപ്രായപ്പെട്ടു. ഈ ദുഷ്പ്രവണത മേന്മയേറിയ ഗവേഷണ സമ്പ്രദായത്തെ തുരങ്കം വയ്ക്കാനിടയാക്കും. സ്വതന്ത്ര സോഫ്ട്വെയറും ലൈബ്രറികളും എന്ന പുസ്തകവും ചടങ്ങില്‍ പ്രകാശനം ചെയ്തു. ടെക്നോളജി ഫാക്കല്‍റ്റി ഡീന്‍ ഡോ.കെ.വാസുദേവന്‍, യൂണിവേഴ്സിറ്റി ലൈബ്രേറിയന്‍ സി.പി.ബേബി വത്സല എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. മക്കാവുസര്വകലാശാലയില് നിന്നുള്ള ഡോ.പി.പിറ്റ് പിച്ചപ്പന്‍, എമിറിറ്റസ് പ്രൊഫ.ഡോ.വി.പി.എന്‍.നമ്പൂതിരി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: