ശ്രീനഗര്‍: ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള തന്റെ ഔദ്യോഗിക വസതിയിലെ വൈദ്യുതി ബന്ധം വിശ്ചേദിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു. പ്രദേശത്ത് തുടരുന്ന ശക്തമായ മഞ്ഞുവീഴ്ചയെ ത്തുടര്‍ന്ന് രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടുകയാണ്. ഈ സാഹചര്യത്തില്‍ തന്റെ വസതിയിലെ വൈദ്യുതി ബന്ധം വിശ്ചേദിക്കണമെന്നും താന്‍ ഒരു സാധാരണ മനുഷ്യനാണെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്ന് പ്രദേശത്ത് കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി പൊതുജന പ്രക്ഷോഭങ്ങള്‍ ഉടലെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ ഫോഴ്സ് (സിഐഎഫ്) നടത്തിയ വെടിവെയ്പ്പില്‍ 18 വയസുകാരന് കൊല്ലപ്പെടുകയും, നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വൈദ്യുതി പ്രതിസന്ധി നേരിടുന്ന പ്രദേശങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു. എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ പ്രദേശത്തെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കണമെന്നും അല്ലാത്തപക്ഷം തന്റെ വസതിയിലെ വൈദ്യുതി വിശ്ചേദിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഒമര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ പ്രദേശത്ത് ഇപ്പോഴുള്ള വൈദ്യുതി പ്രതിസന്ധി താല്‍ക്കാലികമാണെന്നും, വൈദ്യുതി വിതരണം പുനരാരംഭിക്കുമെന്നും വൈദ്യുതി വികസന കമ്മീഷണര്‍ മന്‍സൂര്‍ അഹമ്മദ് സലൂറ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: