ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ പണത്തിന്റെ കുത്തൊഴുക്കുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ആശങ്ക. “പണമൊഴുക്കിന്റെ കാര്യത്തില്‍ പഞ്ചാബും ഉത്തര്‍പ്രദേശും ഞങ്ങള്‍ക്ക് പ്രശ്നങ്ങളുണ്ടാക്കും. ഗോവയും വ്യത്യസ്തമാവില്ല. കാരണം ഇവിടുത്തെ തെരഞ്ഞെടുപ്പില്‍ പണത്തിന്റെ വലിയ പങ്കുണ്ട്”- മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ. ഖുറേഷി ഒരു അഭിമുഖത്തില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആശങ്ക ശരിവെക്കുന്ന തരത്തില്‍ പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്ന് ഇതിനകംതന്നെ വന്‍തോതില്‍ പണം പിടിച്ചെടുത്തിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍നിന്ന് ഏഴരക്കോടി രൂപയാണ് പിടിച്ചെടുത്തത്. ഇത്രയും തന്നെ തുക പഞ്ചാബില്‍നിന്നും കണ്ടെടുത്തിട്ടുണ്ട്. തെരഞ്ഞെടുപ്പുകാലത്ത് പണം നല്കി വാര്‍ത്ത വരുത്തുന്നുണ്ടോ എന്ന് കമ്മീഷന് കര്‍ശനമായി നിരീക്ഷിക്കുമെന്ന് എസ്.വൈ. ഖുറേഷി പറഞ്ഞു. രാഷ്ട്രീയപ്പാര്‍ട്ടികള്‍ നടത്തുന്ന ചാനലുകളും പത്രങ്ങളും നിരീക്ഷണത്തില്‍ കൊണ്ടുവരും. ഓരോ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികള്‍ പ്രചാരണതിനായി ചെലവഴിക്കുന്ന തുകയും നിരീക്ഷിക്കും, അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സ്വന്തമായി ചാനലുകളും പത്രങ്ങളുമുള്ളത് മാതൃകാപെരുമാറ്റച്ചട്ടത്തിന് പ്രശ്നമാകുമെന്ന കാര്യം തങ്ങള്‍ക്ക് അറിയാമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. “തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പിനുശേഷം രാഷ്ട്രീയപാര്‍ട്ടികളുടെ ഉടമസ്ഥതയിലുള്ള ചാനലുകള്‍ക്കായി മാര്‍ഗരേഖകള്‍ തയ്യാറാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചാനലുകള്‍ നല്കുന്ന സമയവും പത്രങ്ങള്‍ നല്കുന്ന വാര്‍ത്താപ്രാധാന്യവും പരിശോധിക്കും. പൊതുതെരഞ്ഞ്ടപ്പിന് രാഷ്ട്രീയപാര്‍ട്ടികള്‍ ചെലവഴിക്കുന്ന തുകക്ക് യാതൊരു കയ്യും കണക്കുമില്ല,” ഖുറേഷി പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്ത് പണം നല്കി വാര്‍ത്ത വരുത്തുന്നതിനെക്കുറിച്ച് കമ്മീഷന് ബോധവാന്മാരാണെന്ന് ഖുറേഷി പറഞ്ഞു. ബീഹാറിലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് ഇത്തരത്തിലുള്ള 120 സംഭവങ്ങള്‍ കമ്മീഷന് കണ്ടുപിടിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ഇതുമായി ബന്ധപ്പെട്ട് 240 പരാതികളാണ് ലഭിച്ചത്. ഈ ഭീഷണി നേരിടാന്‍ കമ്മീഷന് സര്‍വസജ്ജമാണ്, അദ്ദേഹം അറിയിച്ചു. “പെയ്ഡ് ന്യൂസ് തടയാന്‍ ഞങ്ങള്‍ ചില മാര്‍ഗരേഖകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അധികം സംഭവങ്ങളിലും ഇങ്ങനെ വാര്‍ത്ത കൊടുത്തവര്‍ കുറ്റം ഏറ്റുപറഞ്ഞ് ക്ഷമ ചോദിച്ചിട്ടുണ്ട്-” ഖുറേഷി വെളിപ്പെടുത്തി.
പണം നല്കി വാര്‍ത്ത വരുത്തിയതിന് ഒരാളെ പിഴയടപ്പിച്ചിട്ടുണ്ട്. 2007 ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഉമ്ലേഷ് യാദവ് എന്നയാള്‍ക്കാണ് പിഴചുമത്തിയത്. തെരഞ്ഞെടുപ്പില്‍ കള്ളപ്പണം ഒഴുകുന്നത് തടയാന്‍ കഴിയുമെന്ന് തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് തെളിയിച്ചു. 60 കോടി രൂപയാണ് ഈ വകയില്‍ തമിഴ്നാട്ടില്‍നിന്ന് പിടിച്ചെടുത്തത്. മറ്റ് സംസ്ഥാനങ്ങളില്നിന്ങ്കൂടി കൂട്ടിച്ചേര്‍ക്കുമ്പോള്‍ 73 കോടി രൂപ പിടിച്ചെടുത്തിട്ടുണ്ട്, ഖുറേഷി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: