കൊച്ചി: ആമ്പല്ലൂരില്‍ സ്ഥാപിക്കുന്ന നിര്‍ദ്ദിഷ്ട ഇലക്ട്രോണിക്സ് പാര്‍ക്കിനുളള സ്ഥലമെടുപ്പ് നടപടികള്‍ രണ്ടു മാസത്തിനകം കൈക്കൊളളുമെന്ന് ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് പറഞ്ഞു.
സ്ഥലമെടുപ്പ് സംബന്ധിച്ച പ്രാരംഭ നടപടികള്‍ക്കായി ആമ്പല്ലൂര്‍ പഞ്ചായത്താഫീസില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും സ്ഥലവാസികളുടെയും യോഗത്തിലാണ് കളക്ടര്‍ ഈ കാര്യം വിശദീകരിച്ചത്. ആമ്പല്ലൂര്‍ പഞ്ചായത്തിലെ ചിറയ്ക്കല്‍, മാന്തുരുത്തേല്‍, പുത്തന്‍കാവ് തുടങ്ങിയ പ്രദേശങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 347 ഏക്കര്‍ സ്ഥലമാണ് ഹാര്ഡ്വെയര് പാര്‍ക്കിനായി ഏറ്റെടുക്കുന്നത് ബ്ലോക്ക് 22 സര്‍വേ 273 മുതല്‍ 356 വരെയും 623ഉം ഉള്‍പ്പെട്ടതാണ് സ്ഥലം. 30-ല്‍പ്പരം വീടുകള്‍ മാത്രമാണ് ഇതിലുള്‍പ്പെടുന്നത്. ബാക്കി സ്ഥലം വയലുകളും ചതുപ്പു പ്രദേശങ്ങളും തോടുകളുമാണ്. സര്‍വേ നടപടികള്‍ അടുത്തയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. പഞ്ചായത്താഫീസിനോടു ചേര്‍ന്ന് ഇതിനായി താത്കാലിക ഓഫീസ് സംവിധാനം തുറക്കും. രണ്ടു മാസത്തിനകം 4(1) നോട്ടിഫിക്കേഷന്‍ പ്രകാരം സ്ഥലമെടുപ്പിനുളള വിജ്ഞാപനം പുറപ്പെടുവിക്കും. ഫാസ്ട്രാക്കില്‍ ഉള്‍പ്പെടുത്തി അതിവേഗത്തില്‍ അക്വിസിഷന്‍ നടപടി പൂര്‍ത്തിയാക്കുമെന്ന് കളക്ടര്‍ പറഞ്ഞു. വീട് നഷ്ടമാകുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ പാക്കേജ് പ്രകാരമുളള എല്ലാ ആനുകൂല്യങ്ങളും നല്‍കും. 600-ല്‍പ്പരം ഉടമകളുടെ കൈവശത്തിലുളള സ്ഥലമാണ് ഏറ്റെടുക്കേണ്ടി വരുന്നത്. മാര്‍ക്കറ്റ് വില അടിസ്ഥാനമാക്കിയാണ് ഭൂവില നിശ്ചയിക്കുന്നത്.
അക്വിസിഷന്‍ നടപടി പൂര്‍ത്തിയായാല്‍ രണ്ട് വര്‍ഷം കൊണ്ട് ഇലക്ട്രോണിക്സ് പാര്‍ക്ക് നിര്‍മിക്കാനാണ് സംസ്ഥാന വ്യവസായ വികസന കോര്പ്പറേഷന് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ആദ്യ ഹാര്ഡ്വെയര് പാര്‍ക്കാണ് ആമ്പല്ലൂരില്‍ സ്ഥാപിതമാകുന്നത്. 40,000 പേര്‍ക്ക് തൊഴില്‍ ലഭ്യമാകുന്ന നിര്‍ദ്ദിഷ്ട പാര്‍ക്കിന്റെ സ്ഥലമെടുപ്പ് നടപടികള്‍ക്ക് നാട്ടുകാരുടെ എല്ലാവിധ പിന്തുണയും കളക്ടര്‍ അഭ്യര്‍ഥിച്ചു. യോഗത്തില്‍ ഡപ്യൂട്ടി കളക്ടര്‍ കെ.പി.മോഹന്‍ദാസ് പിളള, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.റീസ് പുത്തന്‍വീടന്‍, തഹസില്‍ദാര്‍ കെ.രാധാകൃഷ്ണന്, വില്ലേജാഫീസര്‍ പി.വി.വിദ്യാധരന് തുടങ്ങിയവര്‍ പങ്കെടുത്തു. അക്വയര്‍ ചെയ്യുന്ന സ്ഥലത്തിന്റെ വിവിധ ഭാഗങ്ങളും കാഞ്ഞിരമറ്റത്ത് നടപ്പാക്കുന്ന ടൂറിസം പദ്ധതി പ്രദേശവും കളക്ടര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: