സംഗീതവും ജ്യോതിഷവും വേദങ്ങളില്‍ നിന്നാണ് ഉത്ഭവിച്ചിട്ടുള്ളത്. സംഗീതത്തിന്റെ അടിസ്ഥാനം പ്രധാനമായും സാമവേദമാണ്. ജ്യോഷവും വേദാംഗമാണ്. അതുകൊണ്ടുതന്നെ ഇവ രണ്ടും തമ്മില്‍ ബന്ധപ്പെടുത്താവുന്നതാണ്. സംഗീതത്തിന്റെ അപാരമായ പ്രായോഗിക സാധ്യതകളെക്കുറിച്ച് വസ്തുനിഷ്ഠമായ അന്വേഷണങ്ങള്‍ ഏറെയൊന്നും നടന്നിട്ടില്ല. നാദം ആകാശത്തുനിന്നും സപ്തസ്വരങ്ങള്‍ ശിവതാണ്ഡവസമയത്തും ഉത്ഭവിച്ചതാണെന്നാണ് വിശ്വാസം. സംഗീതാലാപനവും ശ്രവണവും ദൈവകമായ ചൈതന്യം നമ്മിലുണര്‍ത്തുന്നു. അത് നമ്മുടെ മാനസിക ശാരീരിക ഘടനകളില്‍ ആരോഗ്യകരമായ മാറ്റം വരുത്തുന്നു. സംഗീതത്തിന് ചികിത്സാരംഗത്തുള്ള അനന്തസാദ്ധ്യതകളെക്കുറിച്ച് ഇപ്പോള്‍ പല ഗവേഷണങ്ങളും നടന്നുവരികയാണ്. ശുദ്ധസംഗീതത്തിന് ഏത് ജീവജാലങ്ങളെയും ആകര്‍ഷിക്കാനുള്ള കഴിവുണ്ട്. ‘പശുര്‍വേത്തി, ശിശുര്‍വേത്തി, വേത്തി ഗാനരസം ഫണിഃ’ എന്നാണ് പറയുന്നത്. പശുവും ശിശുവും സര്‍പ്പവും സംഗീതമറിയുന്നു.
രജോഗുണവും തമോഗുണവും അധികരിച്ച മനസ്സുകള്‍ ശുദ്ധസംഗീതശ്രവണത്തിലൂടെ സാത്വികമായ ഭാവത്തിലേക്കുണരുന്നു. അവിടെ ഈശ്വരീയമായ ചൈതന്യം നിറയുകയും ചെയ്യുന്നു. ആ ചൈതന്യം ഹൃദയനൈര്‍മ്മല്യം നമ്മെ ദുഃഖങ്ങളില്‍ നിന്നകറ്റുന്നു. ഒരുപക്ഷേ ഗ്രഹപ്പിഴകള്‍ കൊണ്ടുണ്ടാകുന്ന മനോദുരിതങ്ങള്‍ക്ക് ഏറ്റവും ഫലപ്രദമായ പരിഹാരം സംഗീതമാവാം. അതിന്റെ അനന്ത സാദ്ധ്യതകളെ നാം തിരിച്ചറിയുകയാണ് വേണ്ടത്. ശ്രീകൃഷ്ണന്റെ പുല്ലാങ്കുഴല്‍ നാദം ഗോപസ്ത്രീകളെയും ഗോക്കളെയും ആനന്ദിപ്പിച്ചു, ത്യാഗരാജസ്വാമികളും താന്സനും ‘ജ്യോതിസ്വരൂപിണി പാടി ദീപം തെളിയിച്ചു, മുത്തുസ്വാമി ദീക്ഷിതര്‍ ‘അമൃതവര്‍ഷിണി പാടി മഴപെയ്യിച്ചു.
സംഗീത ത്രിമൂര്‍ത്തികളില്‍ ഒരാളായ ശ്രീ മുത്തുസ്വാമി ദീക്ഷിതര്‍ (1775-1835) സംഗീതത്തിലെന്നപോലെ മന്ത്രതന്ത്രജ്യോതിഷരംഗങ്ങളിലും ആചാര്യനായിരുന്നു. അദ്ദേഹം ഓരോ ഗ്രഹത്തിനും ഓരോ രാഗം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
രവി – സൗരാഷ്ട്രം, ചന്ദ്രന് – അസാവേരി, കുജന് – സുരുട്ടി, ബുധന്‍ – നാട്ടക്കുറിഞ്ചി, ഗുരു – അഠാണ, ശുക്രന് – ഫരസ്, ശനി – യദുകുലകാംബോജി, രാഹു – രാമമനോഹരി, കേതു – ഷണ്മുഖപ്രിയ. ഈ രാഗങ്ങളിലുള്ള കീര്‍ത്തനങ്ങള്‍ അതാത് ഗ്രഹങ്ങളുടെ ദശാകാലത്ത് ആലപിക്കുന്നതും ശ്രവിക്കുന്നതും ശുഭകരമാണ്. ഓരോ നക്ഷത്രക്കാരും തങ്ങളുടെ അധിപനായ ഗ്രഹത്തിന്റെ രാഗത്തിലുള്ള കീര്‍ത്തനങ്ങള്‍ പതിവായി ആലപിക്കുകയോ ശ്രവിക്കുകയോ ചെയ്യുന്നതും ഫലപ്രദമായിരിക്കും.
– ഡോ. കെ.ബാലകൃഷ്ണവാര്യര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: