ചങ്ങനാശേരി : രാജ്യം ആര് ഭരിക്കണമെങ്കിലും എന്‍എസ്എസ്സിന്റെ മനസ്സ് തൊട്ടറിയണമെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. മന്നംജയന്തിയോടനുബന്ധിച്ച് നടന്ന അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്നം ജയന്തി നിയന്ത്രിത അവധിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതും മുന്നോക്കസമുദായവികസന കോര്പറേഷന് രൂപീകരണവും ഇതിനുദാഹരണമാണ്. സാധാരണക്കാരായ മുന്നോക്കസമുദായ അംഗങ്ങള്‍ക്കു കൂടി നീതി ലഭിക്കണം. അതിന് സാമ്പത്തിക സംവരണം വേണം എന്ന് സമുദായാചാര്യന്‍ പറഞ്ഞപ്പോള്‍ അന്നത്തെ രാഷ്ട്രീയ നേതൃത്വം അധിക്ഷേപിക്കുകയാണ് ചെയ്തത്. സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ന് അത് ഏറ്റുപറയുകയാണ്. അതുകൊണ്ടാണ് അവര്‍ക്ക് മുന്നോക്ക സമുദായ ക്ഷേമകോര്പ്പറേഷന് രൂപീകരിക്കേണ്ടിവന്നത്.
ചിലസമുദായങ്ങള്ക്ക് മൈനോറിറ്റി പ്രൊട്ടക്ഷന്‍ പ്രകാരം സ്കൂളുകളില്‍ എന്തു ഫീസും പിരിക്കാം. ഹിന്ദുക്കള്‍ക്ക് സര്‍ക്കാര്‍ കേരളാ എജ്യോൂക്കേഷന്‍ റൂള്‍ അനുസരിച്ചു മാത്രമേ ഫീസ് പിരിക്കാനാകൂ എന്ന നില നാളുകളായി തുടരുകയായിരുന്നു. ശ്രീപദ്മനാഭസ്വാമി ക്ഷേത്ര സ്വത്ത് അവിടെത്തന്നെ സൂക്ഷിക്കണമെന്നുള്ള എന്‍എസ്എസ്സിന്റെ അഭിപ്രായം സര്‍ക്കാര്‍ നടപ്പാക്കി.
ദേവസ്വം ബോര്‍ഡ് നിയമനം പി.എസ്.സിയ്ക്കു വിടുന്നതിനും സംവരണം നടപ്പാക്കുന്നതിനുമെതിരെ എന്‍എസ്എസ് കോടതിയെ സമീപിച്ചിരിക്കുകയാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഈ നിയമനം ക്ഷേത്രവിശ്വാസികളുടെ സ്വതന്ത്ര ഏജന്‍സിക്ക് വിടണമെന്ന ആവശ്യവും സര്‍ക്കാര്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷ. എന്‍എസ്എസ്സിന്റെ നിലപാടുകള്‍ ഫോസ്ഫറസ് പോലെ എരിഞ്ഞു പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂരപ്പനെ മതപരിവര്‍ത്തനം ചെയ്യിക്കുന്ന പ്രവര്‍ത്തനമാണ് ഭൂമി ഏറ്റെടുക്കുന്നതിലൂടെ ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നത്.
ജയന്തി സമ്മേളനം യുഡിഎഫ് സമ്മേളനമായി മാറുന്നതായി ആരോപണമുണ്ട്. അതിന് ഉത്തരവാദി എന്‍എസ്എസ് അല്ല. എന്‍എസ്എസ്സിന് രാഷ്ട്രീയമില്ല. എല്‍ഡിഎഫുകാരെ വിളിച്ചാല്‍ അവര്‍ വരില്ല. പെരുന്നയില്‍ വന്നാല്‍ എയ്ഡ്സ് ബാധിക്കുമെന്നതുപോലെയാണ് അവരുടെ പെരുമാറ്റം. പെരുന്നയില്‍ നിന്ന് ഒരു ടെലഫോണ്‍ കോള്‍ ചെന്നാല്‍ സര്‍ക്കാര്‍ എന്തും ചെയ്യുമെന്ന് പടിഞ്ഞാറ് ഇരുന്ന് ഒരു നേതാവ് പരാതിപ്പെടുന്നുണ്ട്. എന്‍എസ്എസ് വിളിച്ചാല്‍ വരുന്നവരെ വിളിക്കും. എന്‍എസ്എസ്സിനെ അംഗീകരിക്കുന്നവരെ എന്‍എസ്എസ്സും അംഗീകരിക്കുമെന്ന് ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസ് പ്രസിഡന്റ് പി.കെ.നാരായണപ്പണിക്കരുടെ അഭാവത്തില്‍ എന്‍എസ്എസ് ട്രഷറര്‍ പി.എന്‍.നരേന്ദ്രനാഥന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍എസ്എസ് കരയോഗം രജിസ്ട്രാര്‍ കെ.എന്‍.വിശ്വനാഥന് പിള്ള നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: