തൃശൂര്‍ : എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന വിരമിക്കല്‍ ഏകീകരണം പിന്‍വലിച്ച് ഒഴിവുള്ള തസ്തികകളില്‍ ഉടന്‍ നിയമനം നടത്തണമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ. വി.വി.രാജേഷ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിദേശ സാമ്പത്തിക ഏജന്‍സികളുടെ നിബന്ധനകള്‍ക്ക് വഴങ്ങുന്ന ഇടതു വലതു സര്‍ക്കാരുകള്‍ ബോധപൂര്‍വ്വം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിക്കുറക്കാന്‍ വേണ്ടി നടത്തുന്ന നാടകങ്ങളാണ് അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ വഴിയാധാരമാക്കിയിരിക്കുന്നത്. കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന ഉദ്യോഗാര്‍ത്ഥികളുടെ ജീവിതം കൊണ്ട് പന്താടുന്ന സര്‍ക്കാരും പിഎസ്സിയും തെറ്റായ നയങ്ങള്‍ തിരുത്തണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു.
കേരള യൂണിവേഴ്സിറ്റി അസി. ഗ്രേഡ് നിയമനത്തിന് പിന്നില്‍ വന്‍ ക്രമക്കേട് നടന്നുവെന്ന് ലോകായുക്ത കണ്ടെത്തിയ സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം. ഉത്തരക്കടലാസ് സെക്യൂരിറ്റി പ്രസ്സില്‍ നിന്നും യൂണിവേഴ്സിറ്റി അധികൃതര്‍ കൈപ്പറ്റി എന്നതിന് രേഖകള്‍ നിലവിലുള്ള സാഹചര്യത്തില്‍ പ്രസ്തുത ഉത്തരക്കടലാസുകള്‍ നഷ്ടപ്പെടുത്തിയത് ആരാണെന്നും വെളിപ്പെടുത്തണം. ലോകായുക്ത വിധി വന്നിട്ടും യുഡിഎഫ് സര്‍ക്കാര്‍ മൗനം പാലിക്കുന്നത് അഴിമതിക്കാരായ യുഡിഎഫ് സിന്റിക്കേറ്റ് അംഗങ്ങളെ സംരക്ഷിക്കാനുള്ള നടപടിയുടെ ഭാഗമാണ്.
യൂണിവേഴ്സിറ്റി അസി.ഗ്രേഡ് നിയമനം ഉള്‍പ്പെടെ കേരള യൂണിവേഴ്സിറ്റിയില്‍ കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ നടന്ന നിയമനങ്ങളെക്കുറിച്ചും പരീക്ഷക്രമക്കേടുകളെക്കുറിച്ചും സിബിഐ അന്വേഷണം നടത്തണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. കെ.കെ.അനീഷ്കുമാര്‍, തൃശൂര്‍ ജില്ലാ പ്രസിഡണ്ട് എ.പ്രമോദ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: