കാലടി: ബൃഹദേശ്വര സ്തുതികളുടെ നാട്യഭംഗി പെയ്തിറങ്ങിയ സന്ധ്യയില്‍ അദ്വൈതഭൂമി ശ്രീ കൈലാസമായി മാറി. ശ്രീശങ്കര ദേശീയ നൃത്ത സംഗീതോത്സവത്തിന്റെ നാലാംദിനമായ ഇന്നലെ ലോകപ്രശസ്ത നര്‍ത്തകി പ്രിയദര്‍ശനി ഗോവിന്ദിന്റെ ഭരതനാട്യം ഭക്തിയുടെ ലാസ്യത്തിന്റെയും പുത്തനനുഭവമായി മാറി. തഞ്ചാവൂര്‍ ശൈലിയിലുള്ള ആവിഷ്ക്കാരമായിരുന്നു പ്രിയദര്‍ശിനി ഗോവിന്ദിന്റേത്.
രാജ്കുമാര് ഭാരതി സംസ്കൃതത്തില്‍ ചിട്ടപ്പെടുത്തിയ ദേവീസ്തുതികളോടെയാണ് ഭരതനാട്യം ആരംഭിച്ചത്. നാടോടിശൈലിയിലുള്ള കൃഷ്ണവര്ണനയും യാഹിമാധവ എന്നാരംഭിക്കുന്ന അഷ്ടപതിയുമെല്ലാം അവതരണത്തിന്റെ ഉയരങ്ങളിലേക്ക് അനുവാചകരെ കൂട്ടിക്കൊണ്ടുപോയി. ഡോ. എം.ബാലമുരളി കൃഷ്ണയുടെ സംഗീതം തില്ലാനയില്‍ ബേബാഗ് ആദിതാളത്തില്‍ അവതരിപ്പിച്ചതും ഏറെ ശ്രദ്ധേയമായി.
ബാലകൃഷ്ണന് (നട്ടുവാങ്കം), ശിഖാമണി (വയലിന്), സുഖി (മൃദംഗം), പ്രീതി മഹേഷ് (വോക്കല്‍) എന്നിവര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചു.
അഞ്ചുദിവസം നീണ്ടുനിന്ന ദേശീയ ശ്രീശങ്കര നൃത്തസംഗീതോത്സവത്തിന് ഇന്ന് തിരശീല വീഴും. വൈകിട്ട് 20 ഗ്രൂപ്പ് ഇനങ്ങളില്‍ 200 ഓളം കലാകാരികള്‍ അരങ്ങേറ്റം നടത്തും. 20 സംഗീതവിദ്യാര്ത്ഥികളുടെ അരങ്ങേറ്റവും നടക്കും.
സമാപനസമ്മേളനം മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്യും. അന്‍വര്‍ സാദത്ത് എംഎല്‍എ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് അംഗം കവിതാ സുരേഷ്, പഞ്ചായത്ത് അംഗം മാര്ട്ടിന് പി.ആന്റണി, പ്രൊഫ. പി.വി.പീതാംബരന്, സുധാ പീതാംബരന്, പ്രൊഫ. സി.പി.ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: